കോട്ടയം: വിവാഹങ്ങൾക്ക് നല്ല മുഹൂർത്തമുണ്ടായിരുന്ന ഞായറാഴ്‌ചയെ കൊവിഡ് ചതിച്ചു. കൊവിഡ് വാരാന്ത്യ ലോക്ക് ഡൗണിനെ തുടർന്ന് ഇന്നലെ ജില്ലയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ദുരിതത്തിലാക്കിയത് കല്യാണം വീടുകളെയാണ്. ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ച് കല്യാണത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് വാരാന്ത്യ ലോക്ക് ഡൗണും കർശന നിയന്ത്രണങ്ങളും ജില്ലയിൽ പ്രഖ്യാപിച്ചത്.
ഒരാഴ്‌ച മുൻപുവരെ കൊവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പലരും വിവാഹം നിശ്‌ചയിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്, സർക്കാർ സൈറ്റുകളിൽ രജിസ്റ്റർ ചെയ്‌ത് 100 മുതൽ 150 പേരെ വരെ പങ്കെടുപ്പിച്ച് വിവാഹം നടത്താമെന്നായിരുന്നു ചട്ടം. എന്നാൽ, അപ്രതീക്ഷിതമായി വാരാന്ത്യ ലോക്ക് ഡൗണും കർശന നിയന്ത്രണങ്ങളും പ്രഖ്യാപിക്കുകയായിരുന്നു.
പലരും ക്ഷണിച്ച അതിഥികളെ ഫോണിൽ വിളിച്ച് വരേണ്ടെന്ന് അറിയിച്ചു. പല അതിഥികളും നിയന്ത്രണങ്ങൾ അറിഞ്ഞ് സ്വയം ഒഴിഞ്ഞു നിന്നു. എന്നാൽ ചിലയിടങ്ങളിലെങ്കിലും നല്ല ആൾക്കൂട്ടങ്ങളോടെ വിവാഹം നടന്നു. പൊലീസ് കാര്യമായ പരിശോധനയെന്നും നടത്തിയില്ല.
കേറ്ററിംഗുകാരും കുടുക്കിലായി
കഴിഞ്ഞ വർഷം വിവാഹ സീസണിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കഷ്ടത്തിലായ കേറ്ററിംഗുകാർക്ക് ഇന്നലെയും അടികിട്ടി. കല്യാണം ഉറപ്പിച്ച ശേഷം അഡ്വാൻസ് പോലും വാങ്ങിക്കഴിഞ്ഞാണ് കഴിഞ്ഞ തവണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇക്കുറി പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇക്കൂട്ടർ. എന്നാൽ, അപ്രതീക്ഷിതമായി നിയന്ത്രണം പ്രഖ്യാപിച്ചതോടെ അക്ഷരാർത്ഥത്തിൽ ഇവർ വെട്ടിലായി.
എളുപ്പമായി ക്യുആർ കോഡ്
വിവാഹമടക്കമുള്ള ചടങ്ങുകൾക്ക് അനുമതി എടുത്തതിന്റെ രേഖ ക്യുആർ കോഡ് ആക്കി വാഹനത്തിൽ ഒട്ടിച്ചാണ് പലരും യാത്ര നടത്തിയത്. അതുകൊണ്ടു തന്നെ പൊലീസിന് പണി കുറഞ്ഞു. ഈ ക്യുആർ കോഡ് സ്‌കാൻ ചെയ്‌താൽ യാത്രാവിവരം ഫോണിൽ ലഭിക്കുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |