ന്യൂഡൽഹി: ഇന്ത്യയിൽ 4ജി ഉപഭോക്താക്കളുടെ എണ്ണം നടപ്പുവർഷം 80 കോടി കടന്നേക്കും. കൊവിഡ് നിയന്ത്രണങ്ങളും വൻ നഗരങ്ങളിൽ നിന്ന് തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും മൂലം ഈ പാദത്തിൽ (ഏപ്രിൽ-ജൂൺ) സ്മാർട്ട്ഫോൺ വില്പന കുറയും; ഇത് 4ജി ഉപഭോക്താക്കളുടെ വർദ്ധനയ്ക്ക് തിരിച്ചടിയാകും. എന്നാൽ, നിയന്ത്രണങ്ങൾ അയയുന്നതോടെ തുടർപാദങ്ങളിൽ പ്രതീക്ഷിക്കുന്നത് സ്മാർട്ട്ഫോൺ വില്പനയിലും 4ജി ഉപഭോക്താക്കളുടെ എണ്ണത്തിലും മികച്ച വളർച്ചയാണെന്ന് ഗവേഷണ സ്ഥാപനമായ ക്രിസിൽ അഭിപ്രായപ്പെട്ടു.
2019-20ൽ ഇന്ത്യയിലെ 4ജി ഉപഭോക്താക്കളുടെ എണ്ണം 64.5 കോടിയായിരുന്നു. 2020-21ൽ ഇത് 72 കോടിയിലേക്ക് ഉയർന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. ഇതേ വളർച്ചാനിരക്ക് വരുംപാദങ്ങളിൽ തുടർന്നാൽ, നടപ്പുവർഷം ഉപഭോക്താക്കൾ 80-82 കോടിയിലെത്തും. ഭാരതി എയർടെല്ലും വൊഡാഫോൺ ഐഡിയയും (വീ) കൈവശമുള്ള 3ജി സ്‌പെക്‌ട്രങ്ങളും പുനഃക്രമീകരിച്ച് 4ജിയാക്കി മാറ്റിയിട്ടുണ്ട്. ഇന്റർകണക്ഷൻ യൂസേജ് നിരക്ക് (ഐ.യു.സി) നിറുത്തലാക്കിയതോടെ (കാൾ ചെയ്യപ്പെടുമ്പോൾ ഉപഭോക്താവിന്റെ കമ്പനി, കാൾ സ്വീകരിക്കുന്ന കമ്പനിക്ക് നൽകേണ്ട ഫീസ്) 2ജി., 3ജി സേവനങ്ങൾ കമ്പനികൾ അവസാനിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
ഇത്, ഈ ഉപഭോക്താക്കളെ 4ജിയേലേക്ക് ചേക്കേറാൻ നിർബന്ധിതരാക്കും. ഇതും, 4ജി ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കാൻ വഴിയൊരുക്കും. 25-30 കോടിയോളം നോൺ-4ജി ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഡേറ്റാ (ഇന്റർനെറ്റ്) സൗകര്യമില്ലാത്ത ഫീച്ചർ ഫോണുകളാണ് ഇവർ ഉപയോഗിക്കുന്നത്. ഇവരിൽ നല്ലൊരു പങ്ക് 4ജിയിലേക്ക് മാറിയാൽ കമ്പനികളുടെ വരുമാനവും ഉയരും. ഒ.ടി.ടി പ്ളാറ്റ്‌ഫോമുകൾക്ക് സ്വീകാര്യത ഏറുന്നതും 4ജിയുടെ സ്വീകാര്യത കൂട്ടുന്നു. അതേസമയം, നടപ്പുവർഷം താരിഫ് നിരക്കുകൾ കമ്പനികൾ കൂട്ടിയേക്കില്ലെന്നും ക്രിസിൽ അഭിപ്രായപ്പെട്ടു.
ജിയോ, എയർടെൽ
ഒപ്പത്തിനൊപ്പം
സജീവ 4ജി ഉപഭോക്താക്കളുടെ എണ്ണത്തിൽ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും ഒപ്പത്തിനൊപ്പമാണെന്ന് ക്രിസിൽ ചൂണ്ടിക്കാട്ടുന്നു. 33.7 ശതമാനം ഉപഭോക്തൃവിഹിതവുമായി ജിയോയാണ് മുന്നിൽ. എയർടെല്ലിന്റെ വിഹിതം 33.6 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |