തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ അവസാനിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷണമായി മാറിയ പരീക്ഷാ കാലത്തിന് വിട. കൊവിഡ് രണ്ടാം തരംഗം ഉയർത്തിയ വെല്ലുവിളികളോട് പൊരുതിയാണ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഒമ്പത് ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയ്‌ക്കെത്തിയത്.
നിയന്ത്രണങ്ങൾക്ക് നടുവിൽപരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായി നിലനിൽക്കുമ്പോഴായിരുന്നു, പരീക്ഷയുമായി മുന്നോട്ടുപോകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്. ഏപ്രിൽ എട്ടിന് പരീക്ഷ തുടങ്ങിയ ശേഷവും, രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ ശേഷിക്കുന്ന പരീക്ഷകൾ മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. വിദ്യാർത്ഥികൾ കൂട്ടത്തോടെ രോഗബാധിതരാകുമോയെന്ന ആശങ്കയും അവസാനം വരെ നിലനിന്നു.
സംസ്ഥാനത്തൊട്ടാകെ മുന്നൂറിലധികം വിദ്യാർത്ഥികളാണ് കൊവിഡ് പൊസിറ്റീവായി പരീക്ഷയ്‌ക്കെത്തിയത്. പ്രത്യേക ഹാളിലായിരുന്നു ഇവർക്ക് പരീക്ഷ . മാർച്ചിൽ തന്നെ പരീക്ഷ നടത്തിയിരുന്നെങ്കിൽ ഇത്രയും രോഗബാധിതർ പരീക്ഷയ്‌ക്കെത്തേണ്ടി വരില്ലായിരുന്നെന്ന ആരോപണവും ഉയർന്നു. ആദ്യം മാർച്ച് 17 നാണ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. ടൈംടേബിളും പ്രസിദ്ധീകരിച്ചു. ഭരണപക്ഷ അദ്ധ്യാപക സംഘടനകളുടെ അഭ്യർത്ഥന പ്രകാരം ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു.
അദ്ധ്യയന വർഷത്തിന്റെ ഏറിയ പങ്കും ഓൺലൈനായി പഠിച്ചതിന്റെ ആശങ്കയും, കൊവിഡ് ബാധിതരാകുമോയെന്ന പേടിയുമായിരുന്നു രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടായിരുന്നു. അദ്ധ്യാപകരുടെ സുരക്ഷയെപ്പറ്റിയും ആശങ്കയുയർന്നു. മേയ് 14നാണ് എസ്.എസ്.എൽ.സി മൂല്യനിർണയം നടക്കേണ്ടതെങ്കിലും അന്തിമ തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ എടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. പ്ലസ് ടു പരീക്ഷ 26 ന് പൂർത്തിയായിരുന്നു. 8,68,697 വിദ്യാർത്ഥികളാണ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി ഇത്തവണ പരീക്ഷയെഴുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |