SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.02 PM IST

കിണറ്റിലിറങ്ങും, തെങ്ങിൽ കയറും, പാമ്പു പിടിക്കും കാട്ടാക്കടയിലെ ഝാൻസി റാണി

Increase Font Size Decrease Font Size Print Page
sreedevi-story

തിരുവനന്തപുരം: പെണ്ണിനെ ചന്ദ്രനിലും വിടാൻ പോകുന്നെന്ന് അതിശയപ്പെടുന്നവരോട് ശ്രീദേവി പറയും, ''അതേയ്, ഇവിടെ ഭൂമിയിൽ പാതാളത്തോളം പോന്ന കിണറ്റിലിറങ്ങാനും തെങ്ങിൽ കയറാനും പത്തി വിടർത്തിയാടുന്ന പാമ്പിനെ പിടിക്കാനും വേണം പെണ്ണിന് ചങ്കൂറ്റം. തെരുവുനായ്ക്കളെ കുരുക്കിട്ടു പിടിക്കാനും...''

ഇപ്പറഞ്ഞതെല്ലാം ചെയ്യുന്ന കാട്ടാക്കട കുരുതംകോട് സ്വദേശി ശ്രീദേവിയെ നാട്ടുകാർ വിളിക്കുന്നത് ഝാൻസി റാണിയെന്ന്.

പഞ്ചായത്തിനുവേണ്ടി തെരുവുനായ്ക്കളെ പിടികൂടുകയാണ് പുലർച്ചെ നാലു മണിക്ക് തുടങ്ങുന്ന ആദ്യ ദൗത്യം. അതുകഴിഞ്ഞാൽ, വീട്ടിൽ ശ്രീദേവിയെ കാത്തിരിക്കുന്ന മറ്റുചിലരുണ്ട്. നാടൻ കോഴികൾ, മുയലുകൾ, പശുക്കൾ, പന്നികൾ. അവയെ പരിപാലിക്കണം.വെയിൽ കനക്കുംമുമ്പ് വീണ്ടും പുറത്തേക്ക്. എത്ര ഉയരമുള്ള തെങ്ങിലും കയറി തേങ്ങയിടും. ഒരു ദിവസം 30 തെങ്ങിൽ വരെ കയറും. കൂലി ഒരു തെങ്ങിന് 30 രൂപ മാത്രം. അഞ്ചു വർഷം കൊണ്ടു കയറിയത് ആറായിരത്തിലേറെ തെങ്ങുകളിൽ. വേനൽക്കാലമായാൽ കിണറുകൾ വൃത്തിയാക്കുന്ന തിരക്കിലാണ്.

ഇതിനിടെ വിധി ഒരു പരീക്ഷണം നടത്തിനോക്കി പക്ഷാഘാതത്തിന്റെ രൂപത്തിൽ. എട്ടുമാസം ഒരേ കിടപ്പ്. പയ്യെപ്പയ്യെ വിധിയെ ശ്രീദേവി കീഴടക്കി. ചലനശേഷി വീണ്ടെടുത്തു. തെങ്ങിൽ കയറുന്ന, കിണറിൽ ഇറങ്ങുന്ന ശ്രീദേവിയെ നാട്ടുകാർക്ക് വീണ്ടും കിട്ടി.

ജീവിതം പഠിപ്പിച്ചു, 25 തൊഴിൽ

അമ്മയുടെ അസുഖം കാരണം ഒൻപതാം വയസിൽ പഠനം നിലച്ചു. പന്നിഫാമിലും കശുഅണ്ടി ഫാക്ടറിയിലും സഹായിയായി. പതിനെട്ടാം വയസിൽ വിവാഹിതയായി. രണ്ടു കുട്ടികളായതോടെ ജീവിക്കാൻ റബർ ടാപ്പിംഗ് അടക്കം പഠിച്ചത് ഇരുപത്തിയഞ്ചോളം കൈത്തൊഴിലുകൾ. തെങ്ങു കയറ്റത്തിന് പരിശീലനം നേടിയത് കുടുംബശ്രീ വഴിയാണ്. പാമ്പു പിടിത്തം പഠിപ്പിച്ചത് ആര്യങ്കോട് സുരേഷും കോട്ടൂർ വനപാലകരും ചേർന്നാണ്. കിണർ വെട്ടുകാർക്കൊപ്പം കൂടി അതും വശത്താക്കി.

വിശ്രമത്തിന് അവധികൊടുത്തിരിക്കുന്ന ശ്രീദേവി വീടിരിക്കുന്ന ആറു സെന്റിലാണ് പന്നികളെയും പശുക്കളെയും മുയലുകളെയും വളർത്തുന്നത്. ഈ തിരക്കിലും പത്താം തരം തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് ഈ 36കാരി.ഭർത്താവ് സുരേഷിന് കൂലിപ്പണിയാണ്. ആരതി,ആദർശ് മക്കൾ.

TAGS: MAY DAY STORY AND PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY