SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.11 PM IST

രോഗികൾ നിറയുന്നു, പ്രതിരോധം ദുഷ്കരം

Increase Font Size Decrease Font Size Print Page

covid

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ക്രമാതീതമായ വർദ്ധന പ്രതിരോധ പ്രവർത്തനങ്ങളെ ദുഷ്കരമാക്കുന്നുവെന്ന് മുഖ്യമന്ത്രി. എറണാകുളത്ത് മാത്രം അരലക്ഷത്തിലേറെപ്പേർ ചികിത്സയിലുണ്ട് . കോഴിക്കോട് 41000 കടന്നു. മലപ്പുറത്ത് 31000ത്തിനു മുകളിലും രോഗികളുണ്ട്. 90 ശതമാനം രോഗികളും ഗുരുതരമായ ലക്ഷണങ്ങളോ ആശുപത്രി ചികിത്സയോ ആവശ്യമില്ലാത്തതിനാൽ വീട്ടിലോ, ഡൊമിസിലിയറി കെയർ സെന്ററുകളിലോ ഐസൊലേഷനിൽ കഴിയുകയാണ്. ഈ ഘട്ടത്തിൽ വാർഡ് സമിതികൾ വളരെ സജീവമായി പ്രവർത്തിക്കണം. വാർഡ് മെമ്പർമാരുടെ അദ്ധ്യക്ഷതയിൽ പ്രവർത്തിക്കുന്ന സമിതികൾ അതതു വാർഡുകളിൽ വീടുകളിൽ കഴിയുന്ന രോഗികളുടെ വിവരങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുകയും, അവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണം. വാർഡ് മെമ്പറുടെ ഫോൺ നമ്പർ എല്ലാ രോഗികളുടേയും കൈവശം വേണമെന്നും അദ്ദേഹം നിർദേശിച്ചു.

ആരോഗ്യപ്രവർത്തകർ അതീവ ദുഷ്‌കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഒരു വർഷത്തിലധികമായി വിശ്രമമില്ലാതെ അവർ കഠിനാദ്ധ്വാനം ചെയ്യുകയാണ്. സമൂഹത്തിന്റെ ഐക്യത്തോടെയുള്ള സഹകരണവും പിന്തുണയും ആരേക്കാളും അവർ അർഹിക്കുന്നുണ്ട്. അവരുടെ മനോവീര്യം നഷ്ടപ്പെടാതെ നോക്കേണ്ടത് അനിവാര്യമാണെന്ന് ഓർക്കണം. ചെറിയ പിഴവുകൾക്കോ, ചെറിയ ബുദ്ധിമുട്ടുകൾക്കോ ആരോഗ്യപ്രവർത്തകർക്കു നേരെ മോശമായി പെരുമാറുന്ന പ്രവണത തടയണം. ഒരു ദിവസം 5 ലക്ഷത്തോളം മനുഷ്യരെ പരിപാലിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് അവർ നിറവേറ്റുന്നത്. അത് നിർവഹിക്കാൻ അവരെ സഹായിക്കുക എന്ന ഉത്തരവാദിത്വം സമൂഹമെന്ന നിലയ്ക്ക് നമ്മളേറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY