SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.47 PM IST

സൗദിയിൽ നിന്ന് വീണ്ടും ഇന്ത്യ ക്രൂഡോയിൽ വാങ്ങും

Increase Font Size Decrease Font Size Print Page
oil

ന്യൂഡൽഹി: പരിഭവം മറന്ന് സൗദി അറേബ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ (ക്രൂഡോയിൽ) ഇറക്കുമതി പുനരാരംഭിക്കാൻ ഇന്ത്യയുടെ തീരുമാനം. സൗദി അറേബ്യൻ പൊതുമേഖലാ സ്ഥാപനവും ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയുമായ സൗദി ആരാംകോയിൽ നിന്ന് പതിവ് എണ്ണ ഇറക്കുമതിക്കുള്ള ഓർഡർ ഇന്ത്യൻ എണ്ണക്കമ്പനികൾ നൽകി. ജൂൺ മുതലാണ് സാധാരണ നിലയിലുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കുക.

കൊവിഡിൽ ആഗോളതലത്തിൽ സാമ്പത്തിക ഞെരുക്കം ദൃശ്യമായതിനാൽ, ഉത്‌പാദനം വെട്ടിക്കുറച്ച് എണ്ണവില വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സൗദിയും സഖ്യ രാഷ്‌ട്രങ്ങളും (ഒപെക്ക്) പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതംഗീകരിക്കില്ലെന്നും 2020 ഏപ്രിലിലെ ലോക്ക്ഡൗണിൽ ഇന്ത്യ കുറഞ്ഞവിലയ്ക്ക് വാങ്ങിസംഭരിച്ച എണ്ണ ഇപ്പോൾ ഉപയോഗിക്കാമല്ലോ എന്നും സൗദി മറുപടി നൽകിയതോടെയാണ് ഇന്ത്യ പിണങ്ങിയത്. തുടർന്ന്, സൗദി നയിക്കുന്ന ഒപെക്കിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ കുറച്ചു.

2020-21ൽ ഒപെക്കിൽ നിന്നുള്ള ഇറക്കുമതി 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കിലും എത്തിയിരുന്നു. 2019-20നെ അപേക്ഷിച്ച് 11.8 ശതമാനം കുറവോടെ പ്രതിദിനം 3.97 ദശലക്ഷം ബാരൽ ക്രൂഡോയിലാണ് കഴിഞ്ഞവർഷം ഇന്ത്യ ആകെ വാങ്ങിയത്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയിൽ ഒപെക്കിന്റെ വിഹിതം 80 ശതമാനത്തിൽ നിന്ന് 72 ശതമാനത്തിലേക്കും കുറഞ്ഞു. 2001-02ന് ശേഷമുള്ള ഏറ്റവും താഴ്‌ന്ന വിഹിതമാണിത്. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ കൂട്ടുകയും ചെയ്‌തിരുന്നു.

എന്നാൽ, കൊവിഡ് രണ്ടാംതരംഗമായി വീണ്ടും ആഞ്ഞടിക്കുകയും രാജ്യത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമാവുകയും ചെയ്‌തതോടെ സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ വാങ്ങാൻ ഇന്ത്യ നിർബന്ധിതമായിട്ടുണ്ട്. അടുത്ത ആറുമാസത്തേക്ക് തുടർച്ചയായി ഇന്ത്യയ്ക്ക് ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ നൽകാമെന്നാണ് സൗദി അറേബ്യ, യു.എ.ഇ., ഖത്തർ, കുവൈറ്റ് തുടങ്ങിയവ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ജൂൺ മുതൽ സൗദിയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചത്.

15 ദശലക്ഷം ബാരൽ

പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ പ്രതിമാസം 14.8 ദശലക്ഷം മുതൽ 15 ദശലക്ഷം വരെ ബാരൽ ക്രൂഡോയിലാണ് സൗദി എണ്ണക്കമ്പനിയായ സൗദി ആരാംകോയിൽ നിന്ന് സാധാരണ വാങ്ങാറുള്ളത്. കഴിഞ്ഞമാസങ്ങളിൽ ഇത് കുത്തനെ കുറഞ്ഞിരുന്നു. ജൂൺ മുതൽ വീണ്ടും പതിവ് ഇറക്കുമതി ആരാംകോയിൽ നിന്ന് തുടങ്ങാനുള്ള ഓർഡ‌ർ ഇന്ത്യൻ കമ്പനികൾ നൽകി.

80%

ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 80-85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 80 ശതമാനം ക്രൂഡോയിലും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നായിരുന്നു. ഇത് കഴിഞ്ഞ സാമ്പത്തിക വർഷം 72 ശതമാനത്തിലേക്ക് താഴ്‌ന്നു. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞവർഷം ഇന്ത്യ കൂട്ടുകയും ചെയ്‌തിരുന്നു.

ഇറാക്ക് എണ്ണ

ഇന്ത്യയിലേക്ക് ഏറ്റവുമധികം ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നത് ഇറാക്കാണ്. സൗദി അറേബ്യ, യു.എ.ഇ., നൈജീരിയ, വെനസ്വേല, അമേരിക്ക എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്. 2019-20ൽ അമേരിക്ക ഏഴാമതായിരുന്നു. വെനസ്വേലയെ നൈജീരിയ നാലാംസ്ഥാനത്തേക്കും പിന്തള്ളി.

TAGS: BUSINESS, SAUDI, CRUDE OIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY