SignIn
Kerala Kaumudi Online
Sunday, 06 July 2025 12.21 PM IST

ചുവന്ന നാടിന് വേണം ഒരു മന്ത്രി

Increase Font Size Decrease Font Size Print Page

ldfudf

ത്തനംതിട്ടയിലെ ഇടതുപക്ഷക്കാർ ചില്ലറക്കാരല്ല. പതിറ്റാണ്ടുകളായി നിലനിന്ന വലിയൊരു കോട്ട തകർത്ത് ആ കൂമ്പാരത്തിന് മുകളിൽ ചെങ്കൊടി നാട്ടിയവരാണ്. അവിടെ പുതിയൊരു ചുവപ്പൻ കോട്ട പണിതുയർത്തുകയും ചെയ്തു. ഇക്കാര്യം ക്യാപ്റ്റൻ പിണറായിക്കും സീതാറാം യെച്ചൂരിക്കും നന്നായിട്ടറിയാം. ഒന്നാം പിണറായി സർക്കാർ ഭരിച്ചപ്പോൾ പത്തനംതിട്ടയിലെ ചുവപ്പ് കോട്ടയ്ക്ക് ഒരു മന്ത്രിയെ കിട്ടിയത് രണ്ടര വർഷത്തേക്കാണ്. രക്തപതാക പിടിച്ചിട്ടില്ലാത്ത ഒരു സോഷ്യലിസ്റ്റ് മാത്യു ടി. തോമസായിരുന്നു മന്ത്രി. അദ്ദേഹം പോലും നിയമസഭ കണ്ടത് മാർക്സിസ്റ്റ് പാർട്ടിയുടെ തണലിലാണ്. ജനതാദളിലെ ധാരണ പാലിച്ച് മന്ത്രി സ്ഥാനത്ത് നിന്ന് മാത്യു ടി. ഇറങ്ങിപ്പോന്നപ്പോൾ ജില്ലയ്ക്ക് മന്ത്രിയില്ലാതായി. അഞ്ച് മണ്ഡലങ്ങളും മൊഞ്ചോടെ കൈവശം വയ്ക്കുകയും ഇത്തവണയും അത് നിലനിറുത്തുകയും ചെയ്തവരാണ് ജില്ലയിലെ ഇടതുപക്ഷം. യു.ഡി.എഫ് കോട്ടയെന്ന് പതിറ്റാണ്ടുകളായി നെറ്റിക്ക് എഴുതി വച്ചിരുന്നു പത്തനംതിട്ട. പത്തുവർഷം മുൻപ് അത് മായ്ച്ച് ഇത് ചെങ്കോട്ടയെന്ന് എഴുതിപ്പിടിപ്പിക്കാൻ ജില്ലയിലെ സഖാക്കളും അണികളും ഒഴുക്കിയ വിയർപ്പിന് കണക്കില്ല. എന്നിട്ടും പാർട്ടിക്കാരനായ ഒരു മന്ത്രിയെ കിട്ടാതിരുന്നതിന്റെ പരിഭവം ചെറുതല്ല.

അഞ്ച് തവണ എം.എൽ.എയായിരുന്ന റാന്നിയിലെ രാജു എബ്രഹാമിനെയും കഴിഞ്ഞ തവണ പരിഗണിച്ചില്ല. ഒരു ഘട്ടത്തിൽ അദ്ദേഹത്തെ സ്പീക്കറെങ്കിലും ആകുമെന്ന് തോന്നിച്ചു. പക്ഷെ, മന്ത്രിമന്ദിരങ്ങളിൽ കയറിയിറങ്ങാനല്ലാതെ രാജുവിന് മന്ത്രിവിധിയുണ്ടായില്ല. ഇനി അടുത്തകാലത്തെങ്ങും അദ്ദേഹം എം.എൽ.എ ആകാനുള്ള സാദ്ധ്യതയുമില്ല.

ഇത്തവണയെങ്കിലും ജില്ലയ്ക്ക് ഒരു മന്ത്രിയുണ്ടായില്ലെങ്കിൽ ചെങ്കോട്ട കാത്തു സൂക്ഷിക്കാൻ പറ്റുമോ എന്ന് ശങ്കിക്കുന്ന സഖാക്കളുണ്ട്. അഞ്ച് ഇട‌ത് എം.എൽ.എമാരുണ്ടായിട്ടും ജില്ലയ്ക്ക് ഒരു മന്ത്രിയെ തരാതെ പിണറായി സർക്കാർ അവഗണിച്ചുവെന്നായിരുന്നു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നടത്തിയ പ്രചാരണങ്ങളിലൊന്ന്. മന്ത്രിയില്ലാതെയും നാട്ടിൽ വികസനത്തിന്റെ പെരുമഴയായിരുന്നു എന്നായിരുന്നു ഇടതിന്റെ മറുപടി. ജില്ലയിൽ നിന്ന് ധാരാളം ഇടതുപക്ഷ എം.എൽ.എമാർ നിയമസഭ കണ്ടിട്ടുണ്ടെങ്കിലും മാത്യു ടി. താേമസ് അല്ലാതെ ഒരു മന്ത്രിയെ കിട്ടിയിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്.

ആർക്കാകും നറുക്ക് ?

ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ളയ്ക്ക് ഒരു മന്ത്രിയെ തരുമെന്നാണ് പ്രതീക്ഷ. ആ നറുക്ക് വീഴുന്നത് ആർക്കാണെന്ന ചർച്ചകളും സജീവമായി. ജില്ലയിലെ സീനിയർ എം.എൽ.എ ജനതാദൾ എസ് നേതാവും മുൻ മന്ത്രിയുമായ മാത്യു ടി. തോമസ് തന്നെയാണ്. തുടർച്ചയായി നാലാം തവണയാണ് തിരുവല്ലക്കാർ അദ്ദേഹത്തെ എം.എൽ.എയാക്കിയത്. പക്ഷെ, മന്ത്രിക്കസേരയിൽ ഇരിക്കാൻ കഴിയുമോ എന്ന സംശയമുണ്ട്. പാർട്ടിയിൽ കെ.കൃഷ്ണൻകുട്ടിക്കാണ് ചർച്ചകളിൽ മുൻഗണന. മന്ത്രി പദവി പങ്കിടാൻ ധാരണയുണ്ടായാൽ മാത്യു ടി. തോമസിന് രണ്ടാമൂഴത്തിനായി കാത്തിരിക്കേണ്ടി വരും. മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന അധിക യോഗ്യതയും അദ്ദേഹത്തിനുണ്ട്.

അടൂരിൽ നിന്ന് ഹാട്രിക് വിജയം നേടിയ സി.പി.ഐയിലെ ചിറ്റയം ഗോപകുമാറാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാൻ സാദ്ധ്യതയുള്ള ജില്ലയിലെ മറ്റൊരു എം.എൽ.എ. സി.പി.എെയിലെ സീനിയോറിറ്റി പരിഗണിച്ചാലും ചിറ്റയം മന്ത്രിസ്ഥാനത്തിന് അർഹനാണ്. പക്ഷെ, പാർട്ടിയിൽ ഇസ്മയിൽ പക്ഷത്തായതിനാൽ കാനത്തിന്റെ ലിസ്റ്റിൽ ചിറ്റയം സ്ഥാനം പിടിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. മന്ത്രിയോ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനമോ ലഭിച്ചേക്കുമെന്നാണ് പിന്നാമ്പുറ വർത്തമാനം.

ആറന്മുളയിൽ നിന്ന് തുടർച്ചയായി രണ്ടാം തവണയും വിജയിച്ച വീണാജോർജാണ് സി.പി.എമ്മിൽ നിന്ന് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാൾ. കഴിഞ്ഞ തവണ ഏഴായിരം വോട്ടുകളുട‌െ ഭൂരിപക്ഷത്തിൽ വിജയിച്ച വീണാ ജോർജ് ഇത്തവണ ഭൂരിപക്ഷം പത്തൊൻപതിനായിരമായി ഉയർത്തി. വിദ്യാഭ്യാസമന്ത്രി, സ്പീക്കർ പദവികളിലൊന്ന് വീണയ്ക്ക് ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന ടി.വി പരിപാടിയുടെ അവതാരകയെന്ന നിലയിലും വീണ ശ്രദ്ധ നേടിയിട്ടുണ്ട്. സ്പീക്കർ പദവി ലഭിച്ചാൽ സംസ്ഥാനത്തെ ആദ്യ വനിതാ സ്പീക്കർ എന്ന ചരിത്രത്തിൽ സ്ഥാനമുറപ്പിക്കും.

മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന യുവജന നേതാക്കളിൽ കോന്നിയിൽ നിന്ന് വിജയിച്ച കെ.യു.ജനീഷ്‌ കുമാറും ഇട‌ംപിടിക്കും. ഡി.വൈ.എഫ്.എെയുടെ കേന്ദ്ര കമ്മറ്റി അംഗമായ ജനീഷ് കുമാർ കോന്നിയിൽ ജനകീയനായ അടൂർ പ്രകാശ് നിർദേശിച്ച സ്ഥനാർത്ഥിയെയാണ് ഇൗ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്.

റാന്നിയിൽ നിന്ന് വിജയിച്ച കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പ്രതിനിധി പ്രമോദ് നാരായണനെ മന്ത്രിയാക്കുമോ എന്ന ചോദ്യവും ഉയരുന്നു. അഞ്ച് എം.എൽ.എമാരുള്ള ജോസ് വിഭാഗത്തിൽ നിന്ന് മന്ത്രിയാകാൻ പ്രമോദിനേക്കാളും സീനിയർ നേതാക്കളുണ്ട്. എന്നാൽ, ജോസ് കെ.മാണിയുടെ വിശ്വസ്തൻ എന്ന നിലയിൽ പ്രമോദും പരിഗണനാ പട്ടികയിലുണ്ട്.

മന്ത്രിയില്ലാത്ത അഞ്ച് വർഷക്കാലത്തെപ്പറ്റി പത്തനംതിട്ടയിലെ ഇടതുമുന്നണി പ്രവർത്തകർക്ക് ചിന്തിക്കാനാവില്ല. അഞ്ച് എം.എൽ.എമാരും ഇടതുപക്ഷമായിട്ടും ഒരാളെപ്പോലും മന്ത്രിയാക്കിയില്ലെങ്കിൽ ജില്ലയെ അവഗണിക്കുന്നുവെന്ന് വീണ്ടും ആക്ഷേപം കേൾക്കേണ്ടിവരും. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ജില്ലയുടെ മന്ത്രിയായി അടൂർ പ്രകാശുണ്ടായിരുന്നു. അതുപോലെ ഒരു ഫുൾ ടേം മന്ത്രിയെയാണ് ജില്ലയിലെ ഇടതു നേതൃത്വം ആഗ്രഹിക്കുന്നത്.

TAGS: PATHANAMTHITTA DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.