അങ്ങനെ കുരുക്ഷേത്ര യുദ്ധം കഴിഞ്ഞു! രക്തവും കണ്ണീരും നിറഞ്ഞ ദിനങ്ങളിലൂടെ ഓർമ്മ അർജ്ജുനനെ വേട്ടയാടിക്കൊണ്ടിരുന്നു. കഴിഞ്ഞ സംഭവങ്ങളെക്കുറിച്ച് അർജ്ജുനനും കൃഷ്ണനും ഏറെനേരം സംസാരിച്ചു. യുദ്ധത്തിൽ വിജയം നേടിയിട്ടും ആ സന്തോഷമൊന്നും അർജ്ജുനന് ഉണ്ടായിരുന്നില്ല. യുദ്ധംകൊണ്ട് ആരെന്തുനേടി എന്ന ചിന്ത അദ്ദേഹത്തെ മഥിച്ചുകൊണ്ടിരുന്നു.
അർജ്ജുനന് എല്ലാം ഒരു പ്രഹേളികയായി തോന്നി. യുക്തിക്ക് നിരക്കുന്ന കാര്യങ്ങൾ അല്ല ജീവിതത്തിൽ സംഭവിക്കുന്നത്. എന്താണിങ്ങനെ? അദ്ദേഹം കൃഷ്ണനോട് ചോദിച്ചു. '' നമ്മൾ ജീവിതകാലം മുഴുവനും ധർമ്മത്തിന്റെ പാതയിലൂടെയാണ് സഞ്ചരിച്ചത്. അധർമ്മം പ്രവർത്തിച്ചിട്ടേയില്ല. പക്ഷേ, അതിനു പ്രതിഫലമായി കിട്ടിയതെന്താണ്? പതിന്നാല് വർഷത്തെ ദുരിതപൂർണമായ വനവാസവും അജ്ഞാതവാസവും. അതിനുശേഷം യുദ്ധം. സഹോദരങ്ങളോട് യുദ്ധം ചെയ്തതിന്റെ കുറ്റബോധം. ജീവിതത്തിൽ നിരന്തരമായി നേരിട്ട ദുഃഖങ്ങൾ. അതല്ലാതെ എന്താണ് നേടിയത്?
''അതേസമയം, അധർമ്മത്തിന്റെ മാർഗത്തിലൂടെ സഞ്ചരിച്ച ദുര്യോധനന് സുഖലോലുപതയുള്ള ജീവിതം. അധികാരം എന്തൊരു വൈരുദ്ധ്യമാണിത്. എനിക്ക് ഇപ്പോൾ ധർമ്മത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.
ഇതുകേട്ട് കൃഷ്ണൻ പറഞ്ഞു, പ്രിയപ്പെട്ട ചങ്ങാതീ, നിനക്ക് കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്. ഈ ലോകത്ത് സംഭവിക്കുന്ന ഓരോ കാര്യങ്ങൾക്കും പിന്നിൽ ഒരു കോസ്മിക് യുക്തിയുണ്ട്. അത് മനുഷ്യന് മനസ്സിലാകുന്നില്ല എന്നു മാത്രം. ഞാൻ ചിന്തിക്കുന്ന രീതിയിൽ മനുഷ്യർ ചിന്തിക്കാത്തതാണ് പ്രശ്നം. സംഭവിക്കാനുള്ളത് സംഭവിക്കുക തന്നെ ചെയ്യും. പക്ഷേ, അതിനൊക്കെ വ്യക്തമായ കാരണങ്ങൾ ഉണ്ട്.''
അർജുനൻ പറഞ്ഞു : അങ്ങ് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല.
''ശരി, എന്റെ കൂടെ വരൂ. അപ്പോൾ മനസ്സിലാകും.''
ഉടൻ തന്നെ അവർ സാധുബ്രാഹ്മണരുടെ വേഷം ധരിച്ച് തൊട്ടടുത്ത ഗ്രാമത്തിലേക്ക് പോയി. ഗ്രാമത്തിലെ ധനാഢ്യനായ ഒരാളുടെ വീട്ടിൽ ചെന്ന് അന്തിയുറങ്ങാൻ ഇടം ചോദിച്ചു. അയാൾ അതുകേട്ട് ക്ഷോഭിച്ചു. പക്ഷേ, പിന്നീട് ദയ തോന്നി കാലിത്തൊഴുത്തിൽ പശുക്കളോടൊപ്പം കിടക്കാൻ അനുവദിച്ചു. ഇതു കേട്ടപ്പോൾ അർജ്ജുനന് കലശലായ ദേഷ്യം വന്നു. പക്ഷേ, മിണ്ടരുത് എന്ന് കൃഷ്ണൻ കണ്ണുകൊണ്ട് സൂചിപ്പിച്ചു.
അടുത്ത ദിവസം രാവിലെ കൃഷ്ണൻ ആ ധനാഢ്യനായ വീട്ടുടമയോട് പറഞ്ഞു ''താങ്കളുടെ വീട് പലയിടത്തും പൊളിഞ്ഞു തുടങ്ങി. ഉടൻ തന്നെ അറ്റകുറ്റപ്പണികൾ ചെയ്തില്ലെങ്കിൽ ഇത് ഇടിഞ്ഞുവീഴാൻ ഇടയുണ്ട്.''
അയാൾ കൃഷ്ണൻ പറഞ്ഞത് ശരിയാണോ എന്നറിയാൻ വീടൊക്കെ പരിശോധിച്ചു. സത്യമാണ് ഈ ബ്രാഹ്മണൻ പറഞ്ഞതെന്ന് അയാൾക്ക് ബോധ്യപ്പെട്ടു. ഉടൻ തന്നെ ഭൃത്യരെ വിളിച്ച് വീട് നൂറ് വർഷമെങ്കിലും കരുത്തോടെ നില്ക്കത്തക്കവിധത്തിൽ ബലപ്പെടുത്താൻ നിർദ്ദേശം നൽകി.
അവിടെ നിന്നും കൃഷ്ണനും അർജ്ജുനനും ഒരു ദരിദ്രനായ കൃഷിക്കാരന്റെ കുടിലിൽ ആണ് എത്തിയത്. അന്തിയുറങ്ങാൻ അവിടെയും ആ ബ്രാഹ്മണർ സ്ഥലം ചോദിച്ചു. അദ്ദേഹം ആ കുടിലിന്റെ ഒരു ഭാഗത്ത് അവർക്ക് കിടക്ക ഒരുക്കി എന്നു മാത്രമല്ല, ഇരുവർക്കും പഴങ്ങളും പാലും നൽകുകയും ചെയ്തു. ആ പാവപ്പെട്ട മനുഷ്യന്റെ സ്നേഹപൂർണമായ പെരുമാറ്റത്തിൽ ഇരുവരും സന്തോഷിച്ചു. അയാൾക്ക് ആകെയുണ്ടായിരുന്ന വരുമാന മാർഗമായിരുന്നു ഒരു പശു. അതിന്റെ പാലുവിറ്റായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്.
രാത്രിയിൽ ഏവരും ഉറങ്ങിയപ്പോൾ കൃഷ്ണൻ അർജ്ജുനനെ തട്ടിവിളിച്ച് പശുവിന്റെ അടുത്തുകൊണ്ടുപോയി. കൃഷ്ണൻ പശുവിനെ മെല്ലെ ഒന്ന് സ്പർശിച്ചു. തൽക്ഷണം ആ പശു മരിച്ചുവീണു. ഉടൻ തന്നെ അവർ കുടിലിൽ വന്നു കിടക്കുകയും ചെയ്തു. പിറ്റേന്ന് അവർ യാത്ര അവസാനിപ്പിച്ച് കൊട്ടാരത്തിൽ എത്തി.
അർജ്ജുനന് കൃഷ്ണന്റെ പ്രവൃത്തികൾ മനസ്സിലായില്ല. അദ്ദേഹം കൃഷ്ണനോട് ചോദിച്ചു. ഇങ്ങനെയാണോ ദൈവം ചിന്തിക്കുന്നത്. ദുരാഗ്രഹിയും ദുഷ്ടനുമായ പണക്കാരന് സഹായം. എന്നാൽ, പരമ ദരിദ്രനും നല്ലവനുമായ മനുഷ്യന്റെ ജീവനോപാധി ഇല്ലാതാക്കാൻ എനിക്ക് ഇത് ഉൾക്കൊള്ളാനേ കഴിയുന്നില്ല.
കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട് അർജ്ജുനനോട് പറഞ്ഞു: ''അതാണ് ഞാൻ നേരത്തേ പറഞ്ഞത്. ദൈവത്തിന്റെ ചിന്താരീതികൾ മനുഷ്യന് മനസ്സിലാവുകയില്ലാ എന്ന്. ദുഷ്ടനും ദുരാഗ്രഹിയുമായ ആ പണക്കാരന്റെ വീടിന്റെ അടിയിൽ ഒരു രാജാവിന്റെ അമൂല്യ നിധികൾ കുഴിച്ചിട്ടിട്ടുണ്ട്. അയാളുടെ വീട് പൊളിഞ്ഞ് വീഴുകയാണെങ്കിൽ പുതിയ വീട് വയ്ക്കാൻ അയാൾ ആ ഭൂമി കുഴിക്കും. അളവില്ലാത്ത ധനം അയാൾക്ക് കിട്ടുകയും അയാൾ കൂടുതൽ അഹങ്കാരിയായിത്തീരുകയും ചെയ്യും. അതുകൊണ്ടാണ് വീട് പൊളിക്കാതെ ബലപ്പെടുത്തണമെന്ന് പറഞ്ഞത്.''
''സാധു കർഷകന്റെ വീട്ടിൽ ഒരു മരണം നടക്കേണ്ട സമയമായിരുന്നു അത്. അയാളും ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിൽ ആരു മരിച്ചാലും അത് അവർക്ക് താങ്ങാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ അത് പശുവിലേക്ക് മാറ്റിയത്. ദുഃഖത്തിന്റെ അളവ് കുറയ്ക്കാൻ അതേയുള്ളൂ മാർഗം''
കൃഷ്ണൻ പറഞ്ഞത് ക്രമേണ അർജ്ജുനന് മനസ്സിലായി. ഒന്നും യാദൃശ്ചികമായി സംഭവിക്കുന്നതല്ല. എല്ലാറ്റിന്റെയും പിന്നിൽ കൃത്യമായ കാരണമുണ്ടാകും. മഹാഭാരതയുദ്ധവും തങ്ങൾ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളുമൊക്കെ പൂർവ നിശ്ചിതങ്ങളായ കാര്യങ്ങൾ ആയിരുന്നു. നമുക്ക് ചുറ്റിലും സംഭവിക്കുന്ന കാര്യങ്ങളുടെ കാരണം നമുക്കറിയില്ല. എങ്കിലും കാരണമില്ലാതെ ഒന്നും സംഭവിക്കില്ല എന്നറിയുക. അതുകൊണ്ട് സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന ഉത്തമവിശ്വാസത്തോടെ ജീവിതത്തെ നേരിട്ടുനോക്കൂ. നാമറിയാതെ ഒരു ആത്മവിശ്വാസവും പോസിറ്റിവ് ചിന്തയും നമ്മെ ആവേശിക്കും. തീർച്ച!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |