SignIn
Kerala Kaumudi Online
Monday, 21 September 2026 1.35 AM IST

ഇസ്രയേൽ ആക്രമണം : ഇസ്ലാമിക ഉച്ചകോടി ഇന്ന്,  ഗാസയിലെ അഭയാർത്ഥി ക്യാമ്പിലെ ആക്രമണത്തിൽ 10 മരണം

vvv

ടെൽ അവീവ്:പാലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേലിന്റെ ആക്രമണം ചർച്ചചെയ്യാൻ ഇസ്ലാമിക സഹകരണ സംഘടനയിലെ 57 രാജ്യങ്ങളുടെ വിദേശമന്ത്രിമാരുടെ ഓൺലൈൻ ഉച്ചകോടി ഇന്ന് നടക്കും. സൗദി അറേബ്യയാണ് ഉച്ചകോടി വിളിച്ചത്. ഈജിപ്‌റ്റിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ സമവായ ശ്രമം ഊർജിതമാക്കിയതിന് പിന്നാലെയാണ് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഗ്രൂപ്പ് സമ്മേളിക്കുന്നത്.. ഇന്ന് യു. എൻ രക്ഷാ സമിതിയും പ്രശ്നം ചർച്ച നടത്തും.

അതിനിടെ ഇന്നലെ ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിലെ ഷാതി അഭയാർത്ഥി ക്യാമ്പിലെ എട്ട് കുട്ടികളടക്കം 10 പേർ മരിച്ചു. ഗാസയിലെ മൂന്നാമത്തെ വലിയ അഭയാർത്ഥി ക്യാമ്പാണ് ഷാതി. അര ചതുരശ്ര കിലോമീറ്ററിലായി പരന്നു കിടക്കുന്ന ക്യാമ്പിൽ 85,000ത്തിലധികം പേരാണ് താമസിക്കുന്നത്.

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ആക്രമണത്തിൽ 13 പാലസ്തീൻ പ്രക്ഷോഭകരും കൊല്ലപ്പെട്ടു. ഇതോടെ പാലസ്തീനിലെ മരണം 139 ആയി ഉയർന്നു. 920 പേർക്ക് പരിക്കേറ്റു. ഗാസയിൽ ഇതുവരെ 31 കുട്ടികൾ കൊല്ലപ്പെട്ടു. ഇസ്രയേലിൽ ഒരു കുട്ടി ഉൾപ്പെടെ ഒൻപതു പേർ മരിച്ചു. 560 പേർക്ക് പരിക്കേറ്റു.

ഇസ്രയേലിലെ അഷ്‌കലോൺ, അഷ്ദോദ് എന്നിവിടങ്ങളിൽ ഇന്നലെ ഹമാസ് പ്രത്യാക്രമണം നടത്തി.

ഗാസയിലെ തുരങ്കങ്ങൾ തകർക്കുന്നു

ഗാസയിൽ പാലസ്തീൻ സായുധ ഗ്രൂപ്പുകൾ നിർമ്മിച്ച ഭൂഗർഭ പാതകളുടെയും തുരങ്കങ്ങളുടെയും വൻ ശൃംഖല തകർക്കാൻ ഇസ്രേയേൽ വ്യോമാക്രമണവും പീരങ്കി ആക്രമണവും ശക്തമാക്കി. പാലസ്‌തീൻ ഗ്രൂപ്പുകളുടെ മെട്രോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തുരങ്കങ്ങൾ തകർക്കുന്നത് കരയുദ്ധത്തിന് മുന്നോടിയായാണെന്ന് ഇസ്രയേൽ വൃത്തങ്ങൾ പറയുന്നു.

ഗാസയിൽ മാദ്ധ്യമ സ്ഥാപനങ്ങളായ അസോസിയേറ്റഡ് പ്രസിന്റെയും അൽ ജസീറയുടെയും ഓഫീസുകൾ പ്രവർത്തിക്കുന്ന കൂറ്റൻ ബഹുനില മന്ദിരം ഇന്നലെ ഇസ്രയേൽ തകർത്തു. നിരവധി ഓഫീസുകളും അപ്പാർട്ട്മെന്റുകളും ഉണ്ടായിരുന്ന മന്ദിരം ഒഴിയാൻ ഇസ്രയേൽ സേന ആവശ്യപ്പെട്ട് ഒരു മണിക്കൂർ കഴിഞ്ഞായിരുന്നു ആക്രമണം.

അതിനിടെ പാലസ്തീനിൽ എമ്പാടും ഇസ്രയേലിനെതിരെ പ്രതിഷേധവുമായി യുവജനങ്ങൾ തെരുവിൽ ഇറങ്ങി. ഇസ്രയേലിന്റെ വടക്കു കിഴക്കൻ അതിർത്തി പ്രദേശങ്ങളിലെ പാലസ്തീൻ കുടുംബങ്ങൾ പലായനം തുടരുകയാണ്.

ലോകമെമ്പാടും പ്രതിഷേധം

പാലസ്തീനിലെ ഇസ്രയേൽ ആക്രമണത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം അരങ്ങേറുന്നു. ജമ്മുകാശ്മീരിൽ പ്രകടനം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സ്പെയിനിലും തുർക്കിയിലും ആസ്ർട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഇസ്രയേലിനെതിരെ ആയിരങ്ങൾ തെരുവിലിറങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360