
കെ.കെ. ജയകുമാർ
(പേഴ്സണൽ ഫിനാൻസ് അനിലിസ്റ്റും ഓൺട്രപ്രണർഷിപ്പ് മെന്ററുമാണ് ലേഖകൻ. ഇമെയിൽ : jayakumarkk8@gmail.com)
'ഒരു പോളിസി എടുത്താൽ സേവിംഗ്സും സുരക്ഷയും ഒരുമിച്ചു കിട്ടും'എന്ന വിശ്വാസം പലർക്കും ഇന്നുമുണ്ട്. എന്നാൽ, വിശ്വാസമാണ് അനേകം കുടുംബങ്ങളെ സാമ്പത്തികമായി പിന്നോട്ടടിക്കുന്നത് എന്നതാണ് സത്യം. ഇൻഷ്വറൻസ് അത്യാവശ്യമാണ്. പക്ഷേ, ഇൻഷ്വറൻസും ഇൻവെസ്റ്റ്മെന്റും ഒരുമിച്ച് കാണരുത്. ശരിയായ പോളിസികൾ തിരഞ്ഞെടുത്താൽ ഇൻഷ്വറൻസ് നിങ്ങളുടെ കുടുംബത്തെ രക്ഷിക്കും. ശരിയായ ഇൻവെസ്റ്റ്മെന്റ് ഓപ്ഷൻസ് സ്വീകരിച്ചാൽ നിങ്ങളുടെ ഭാവിയെ നിർമ്മിക്കും.
30 വയസുള്ള ഒരു ശമ്പള വരുമാനക്കാരൻ ഒരുലക്ഷം രൂപ വാർഷിക പ്രീമിയം നൽകുന്ന ഒരു എൻഡോവ്മെന്റ് ഇൻഷ്വറൻസ് പോളിസി എടുത്താൽ 20–25 വർഷങ്ങൾക്ക് ശേഷം മെച്യൂരിറ്റി തുകയായി കിട്ടുന്നത് ഒരു ശരാശരി 7 മുതൽ 8 ശതമാനം റിട്ടേൺ ആണ്. അതേ തുക നല്ല മ്യൂച്വലിൽ എസ്.ഐ.പി ആയി നിക്ഷേപിച്ചാൽ ദീർഘകാലത്തിൽ 12 മുതൽ 15 ശതമാനം വരെ വളർച്ചയുണ്ടാകും.
യുലിപ്, എൻഡോവ്മെന്റ് പോലുള്ള പോളിസികൾ ഇൻഷ്വറൻസും ഇൻവെസ്റ്റ്മെന്റും ചേർന്ന ഉത്പന്നങ്ങളാണ്. പക്ഷേ, ഇവയിൽ രണ്ടും ശരിയായി നടക്കാറില്ല. ഇൻഷ്വറൻസ് കവർ മതിയായതല്ല, ഇൻവെസ്റ്റ്മെന്റ് റിട്ടേൺ ശക്തവുമല്ല. ഫലത്തിൽ 'രണ്ടിനും മദ്ധ്യേ കുടുങ്ങിയ' സാമ്പത്തിക ഉത്പന്നമായി അത് മാറുന്നു.
സാമ്പത്തിക അച്ചടക്കത്തെ കുറിച്ച് ധാരണയില്ലാത്ത ആളുകൾ ഇത്തരം പോളിസികൾ എടുക്കുന്നതിൽ തെറ്റില്ല. ഒരു നിക്ഷേപവും ഇല്ലാത്തതിനേക്കാൾ നല്ലതാണ് ഇൻഷ്വറൻസ് പോളിസികളെങ്കിലുമുള്ളത്.
സ്വയം ചോദിക്കാം, വേണ്ടത് സുരക്ഷയോ സമ്പത്തോ?
'എത്ര റിട്ടേൺ കിട്ടും?', 'മെച്യൂരിറ്റി വാല്യു എത്ര? എന്നീ ചോദ്യങ്ങൾക്ക് പകരം 'എനിക്ക് വേണ്ടത് പ്രൊട്ടെക്ഷൻ ആണോ, ഇൻവെസ്റ്റ്മെന്റ് ആണോ?' എന്ന ചോദ്യം സ്വയം ചോദിക്കണം. ഇത് വ്യക്തമായി മനസ്സിലായാൽ, പാത ലളിതമാകും. ഒരു കുടുംബത്തിന് വേണ്ടത് ആദ്യം മതിയായ ഇൻഷ്വറൻസ് കവർ ആണ്. സാധാരണയായി വാർഷിക വരുമാനത്തിന്റെ 10–15 മടങ്ങ്. അതിന് ടേം ഇൻഷുറൻസ് പ്ലാൻ വാങ്ങാം. പിന്നെ സമ്പത്തുണ്ടാക്കാൻ മ്യൂച്വൽ ഫണ്ട്, ചിട്ടി, ഫിക്സഡ് നിക്ഷേപം എന്നിവയിൽ നിക്ഷേപിക്കാം.
ടേം ഇൻഷ്വറൻസ് : കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന ലൈഫ് കവർ. ഒരു കുടുംബത്തിന്റെ ഗൃഹനാഥന് അല്ലെങ്കിൽ ഗൃഹനാഥയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ, കുടുംബം സാമ്പത്തികമായി തകർന്നുപോകാതിരിക്കാൻ വേണ്ട സുരക്ഷ
ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ: ദീർഘകാലത്തിൽ സമ്പത്തുണ്ടാക്കാൻ ഏറ്റവും ശക്തമായ മാർഗം. അച്ചടക്കത്തോടെ ചിട്ടയായി പ്രതിമാസം ഒരു നിശ്ചിത തുക ഇതിൽ നിക്ഷേപിച്ചാൽ കോമ്പൗണ്ടിംഗ് വഴി പണം വളരാൻ തുടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |