നിഴലും വെളിച്ചവും ചേർന്നുള്ള വേണ്ടവിധം ഉപയോഗിച്ചാൽ നല്ല ചിത്രങ്ങളെടുക്കാം. ഇന്ന് അതൊന്നും അറിഞ്ഞില്ലെങ്കിലും ഫോട്ടോയെടുക്കാം. വെളിച്ചമുണ്ടെങ്കിൽ അതോടൊപ്പമുണ്ടാകും എന്ന കാര്യം ഉറപ്പാണ്. പ്രകാശ തീവ്രതയ്ക്കനുസരിച്ച് ഇതിന്റെ കാഠിന്യം അഥവാ ഡെപ്ത് കൂടിയും കുറഞ്ഞുമിരിക്കും. ജീവിതകാലം മുഴുവൻ ഓരോ വ്യക്തിയോടും ഒപ്പമുള്ള കക്ഷിയാണ് ഓരോരുത്തരുടെയും നിഴൽ എന്ന് നാടൻ രീതിയിൽ പറയാറുണ്ട്.നാച്വറൽ ലൈറ്റിലും ആവശ്യത്തിന് പ്രകാശം കിട്ടാത്ത സാഹചര്യത്തിൽ ഇരുട്ടുമുറികളിലോ സന്ധ്യകഴിഞ്ഞുള്ള പ്രോഗ്രാമുകൾക്കോ കൃത്രിമമായ ലൈറ്റ് സോഴ്സുകൾ ആവശ്യമായിവരും. അതായത് ആ സമയത്ത് ഫോട്ടോഎടുക്കുമ്പോൾ വേണ്ടത്ര പ്രകാശം കാമറയ്ക്കുള്ളിലേക്കു കടക്കുന്നില്ല. അതോടെ ചിത്രം ഇരുണ്ടുപോകുന്നു.
ഇതിനായി കാമറകളിൽ പൊതുവെ ഉപയോഗിക്കുന്ന കൃത്രിമ വെളിച്ചസംവിധാനമാണ് ഫ്ളാളാഷ് ലൈറ്റുകൾ. എന്നാൽ കാമറകളിൽ ഫിക്സ് ചെയ്തിരിക്കുന്നതോ അല്ലാതെ അഡീഷനലായി ഫിറ്റുചെയ്യന്നതോ ആയ സിംഗിൾ ഫ്ളാഷുകൾ ഉപയോഗിക്കുമ്പോൾ ശക്തമായ ഷാഡോ സബ്ജക്ടിന്റെ പിന്നിലോ വശങ്ങളിലോ വരാൻ സാദ്ധ്യതയുണ്ട്. ഈ നിഴലുകളെ ഒഴിവാക്കാൻ വേണ്ടിയാണ് കല്യാണം തുടങ്ങിയ വലിയ ചടങ്ങുകൾക്കും പരസ്യ ചിത്രങ്ങൾക്കും സിനിമഷൂട്ടിംഗിനുമെല്ലാം തന്നെ ആധുനിക രീതിയിലുള്ള സോഫ്ട്ബോക്സുകൾ, ഡിഫ്യൂസർ, റിഫ്ളക്റ്ററുകൾ മുതലായവ ഫോട്ടോഗ്രാഫർമാർ ഉപയോഗപ്പെടുത്തുന്നത്. കൂടാതെ അധികം വെളിച്ചത്തിനായി റിമോട്ട് ലൈറ്റുകളും ഇപ്പോൾ പ്രയോജനപ്പെടുത്താറുണ്ട് .എന്നാൽ ഇന്ന് സ്റ്റേജ് ഷോകളിലും മറ്റും കൈകളും അവയുടെ ശക്തമായ നിഴലുകളും മാത്രം ഉപയോഗിച്ച് ആളുകളുടെയും മൃഗങ്ങളുടെയുമൊക്കെ വിവിധ ഷാഡോ രൂപങ്ങൾ ഉണ്ടാക്കി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത് കാണാറുണ്ടല്ലോ ! അതുപോലെ ഈ നിഴലുകളെ വേണ്ടപോലെ ഉപയോഗപ്പെടുത്തി കാമറയിലും രസകരമായ ചിത്രങ്ങൾ രൂപപ്പെടുത്താനാകും. അത്തരം ഒരു ചിത്രത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കാമറയുമായി റോഡരുകിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിൽക്കുമ്പോൾ ഇടതടവില്ലാതെ പോകുന്ന വാഹനങ്ങൾക്കിടയിലൂടെ തെരുവിൽ അലഞ്ഞുനടക്കുന്ന ഒരു പശുവിനെ കണ്ടു.
രാവിലെ ഏതാണ്ട് നല്ല വെയിലുള്ള സമയമായതിനാൽ അതനുസരിച്ചുള്ള ശക്തമായ നിഴലും ഉണ്ടായിരുന്നു. സൂര്യൻ നേരെ മുകളിൽ അല്ലാത്തതിനാൽ ഈ നിഴൽ വളരെ സ്ലാന്റിങ്ങായി അതായത് നന്നേ ചരിഞ്ഞാണ് റോഡിൽ രൂപപ്പെട്ടത് . ഞാൻ കെട്ടിടത്തിൽനിന്നു താഴേക്ക് കാമറ ഫോക്കസ് ചെയ്തു പശുവിന്റെ നേരെ മുകളിൽ നിന്നുള്ള ദൃശ്യം എടുക്കുമ്പോൾ അതിന്റെ ശരിയായ ആകൃതിയിൽ കിട്ടിയ ഒരു നിഴലാണ് ഇത്. യഥാർത്ഥ രൂപത്തെ വിട്ടു നിഴലുകളുടെ പിന്നാലെയാണ് പലരും നടക്കുന്നതെന്ന് അതിശയോക്തിയായി പറയാറുണ്ട് ! എന്നാൽ ഇത് മറിച്ചാണ് . യഥാർത്ഥരൂപം കാണാഞ്ഞല്ല നിഴൽ അതിനേക്കാൾ രസകരമായി തോന്നിയതിനാൽ ചിത്രീകരിച്ചതാണ് . മുമ്പ് സൂചിപ്പിച്ച സ്റ്റേജ് ഷോയിലെ കാർട്ടനിലെന്നപോലെ പശുവിന്റെ നിഴൽ ഒറിജിനൽ പശുവിന്റെ രൂപത്തേക്കാൾ മികച്ചതായി കിട്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |