കൊച്ചി: വീടായാലൊരു ചെറുതിയേറ്റർ വേണമെന്നതാണ് പുതിയ കാലത്തെ ട്രെൻഡ്. സ്വീകരണമുറി തിയേറ്റർ കൂടിയായി മാറുന്നു. സിനിമകൾ ഒ.ടി.ടി പ്‌ളാറ്റ്‌ഫോമിലേയ്ക്കും പഠനം ഡിജിറ്റലിലേയ്ക്കും മാറിയതോടെ ഹോം തിയേറ്റർ ആഡംബരമല്ല, ആവശ്യമായി മാറി. ഒന്നര മുതൽ അഞ്ചു ലക്ഷം രൂപ വരെ മുടക്കിയാൽ ഹോം തിയേറ്റർ ഒരുക്കാം.
ഹോംതിയേറ്ററിനെ ജനകീയമാക്കിയത് കൊവിഡ് കാലഘട്ടമാണ്. സിനിമാ തിയേറ്ററുകൾ പൂട്ടിയതോടെ റിലീസുകൾ ഓവർ ദ ടോപ്പ് (ഒ.ടി.ടി) സംവിധാനത്തിലേയ്ക്ക് വഴിമാറി. പുത്തൻ സിനിമകളുടെ റിലീസ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ ഓൺലൈൻ പ്രീമിയറുകളിലേയ്ക്ക് മാറി. പുത്തൻ സിനിമകൾ കാണാൻ വഴിയൊരുങ്ങിയതോടെ വീട്ടിലൊരു തിയേറ്ററും പ്രിയങ്കരമായി.
പുതിയ വീടുകളിൽ 80 ശതമാനത്തിലും രൂപകല്പനയിൽ ഹേം തിയേറ്റർ ഉൾപ്പെടുത്തുന്നുണ്ടെന്ന് ആർക്കിടെക്ടുമാർ പറഞ്ഞു. ഉയർന്ന വരുമാനമുള്ളവർ പ്രത്യേകമുറിയിലാണ് ഇരിപ്പിടം ഉൾപ്പെടെ തിയേറ്റർ നിർമിക്കുക. ഇടത്തരക്കാർ സ്വീകരണമുറിയിൽ ഹോം തിയേറ്റർ സൗകര്യവും ഒരുക്കുന്നത് വർദ്ധിച്ചു.
ചെലവ് ശേഷിക്കനുസരിച്ച്
150 ചതുരശ്രയടി സ്ഥലത്ത് ആധുനിക തിയേറ്റർ നിർമിക്കാൻ കഴിയും. സീറ്റിംഗ് സംവിധാനങ്ങൾ ഉൾപ്പടെ സ്ഥാപിക്കാൻ അഞ്ചു ലക്ഷം രൂപയാണ് പരമാവധി ചെലവ്. 100 ഇഞ്ച് സ്‌ക്രീൻ ഉൾപ്പെടെ തിയേറ്റർ സംവിധാനം സ്വീകരണമുറിയിൽ ഒരുക്കാൻ ഒന്നര മുതൽ മൂന്നു ലക്ഷം രൂപ വരെ മതി.
ആൻഡ്രോയ്ഡ് പ്ളേയർ സംവിധാനമുള്ള പ്രൊജക്ടർ, ശബ്ദസംവിധാനം, സ്‌ക്രീൻ, ഇന്റർനെറ്റ് എന്നിവയാണ് ആവശ്യമുള്ളത്. ഗുണമേന്മയുള്ള ഉപകരണങ്ങൾ സുലഭമായി ലഭിക്കും. ബഡ്ജറ്റ് അനുസരിച്ച് വിവിധ വിലകളിൽ മികച്ച ഉപകരണങ്ങൾ ലഭ്യമാണെന്ന് കൊച്ചിയിലെ മെട്രോ ഡിജിറ്റൽ മീഡിയയിലെ മനോജ് പി. പറഞ്ഞു.
പ്രയോജനം ബഹുവിധം
കൊവിഡ് കാലത്ത് വിദ്യാർത്ഥികളുടെ പഠനവും ഡിജിറ്റലായി. വിദ്യാർത്ഥികളുടെ പഠനത്തിനും തിയേറ്റർ സംവിധാനം ഉപയോഗിക്കാൻ കഴിയും. ലാപ് ടോപ്പ്, കമ്പ്യൂട്ടർ എന്നിവ ഇവയുമായി ഘടിപ്പിച്ച് വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനും ഉപയോഗിക്കാം.
വർക്ക് ഫ്രം ഹോം സ്വീകരിക്കുന്ന ഐ.ടി ഉൾപ്പെടെ മേഖലകളിലെ ജീവനക്കാർക്ക് കോൺഫറൻസുകൾക്കും പ്രയോജനകരമാകുമെന്നതും തിയേറ്റർ പ്രിയം വർദ്ധിപ്പിച്ചിട്ടുണ്ട്. ചാനലുകളുടെ ഉൾപ്പെടെ ആപ്പുകൾ ഉപയോഗിച്ച് വിനോദ, വിജ്ഞാനപരിപാടികളും ആസ്വദിക്കാം. ഓൺലൈൻ ക്‌ളാസുകളും ട്യൂഷനും നൽകാനും സ്വീകരിക്കാനും കഴിയും.
ദിവസച്ചെലവ് 20 രൂപ
'നല്ല ഹോം തിയേറ്ററിന് കാര്യമായ അറ്റകുറ്റപ്പണികളില്ലാതെ അമ്പതോ അറുപതോ വർഷം മികച്ച ദൃശ്യാനുഭവം നൽകാൻ കഴിയും. 50 വർഷം കണക്കാക്കിയാലും ദിവസം ഇരുപത് രൂപയേ ചെലവ് വരൂ. ചെറിയ ചെലവിൽ കുടുംബത്തിന് വീട്ടിലിരുന്ന് സിനിമ ആസ്വദിക്കാൻ കഴിയും.'
മുകേഷ് എം. നായർ
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
ഏരീസ് ഹോംപ്‌ളക്‌സ്
പരമാവധി ചെലവ് 5 ലക്ഷം
100 ഇഞ്ച് സ്‌ക്രീൻ തിയേറ്ററിന്
1.5- 3 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |