SignIn
Kerala Kaumudi Online
Wednesday, 16 September 2026 10.25 AM IST

പറമ്പിൽ വളരുന്ന ഇലകളെല്ലാം കറിവച്ചു കഴിക്കുന്നവരറിയാൻ, ചീരയെന്ന് കരുതി ഉമ്മത്തിന്റെ ഇല പാകം ചെയ്തത് കഴിച്ച പെൺകുട്ടിയുടെ അനുഭവം വെളിപ്പെടുത്തി ഡോക്ടർ

ummam

കൊവിഡും ലോക്ക്ഡൗണുമൊക്കെ വന്നതോടെ ആളുകൾ വീടുകളിലേക്ക് ഒതുങ്ങി. കൃഷിചെയ്യുന്നവരും കുറവല്ല. കണ്ണിൽ കാണുന്ന ഇലകളും മറ്റും കറിവച്ച് കഴിക്കുന്ന ട്രെൻഡും ഉണ്ട്. കുറച്ചൊന്ന് ശ്രദ്ധിച്ചില്ലെങ്കിൽ ഇങ്ങനെ ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയായേക്കുമെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം വിരൽചൂണ്ടുന്നത്.

ചീരയാണെന്ന് കരുതി ഉമ്മത്തിന്റെ ഇലയാണ് വാഴക്കുളം സ്വദേശിനിയായ അമ്മൂമ്മയും കൊച്ചുമകളും കറിവച്ച് കഴിച്ചത്. വിഷാംശമുള്ള ഈ ചെടി ഉള്ളിൽച്ചെന്നാൽ മരണംവരെ സംഭവിക്കാൻ സാദ്ധ്യതയുണ്ട്. ഈ വീട്ടിൽ അമ്മൂമ്മയും കിടപ്പുരോഗിയായ ഭർത്താവും മാത്രമാണ് താമസം.

മൂക്കിലെ ട്യൂബിലൂടെ ഭക്ഷണം കൊടുക്കുന്നതിനാൽ അപ്പൂപ്പൻ കറി കഴിച്ചിരുന്നില്ല.കറി കഴിച്ച് കുറച്ച് സമയം കഴിഞ്ഞതും അമ്മൂമ്മയ്ക്ക് വയ്യാതായി. ഛർദ്ദിയും,പിച്ചും പേയും പറയാനും ആരംഭിച്ചതോടെ നാട്ടുകാർ മകളെ വിവരം അറിയിച്ചു. പതിനാലുകാരിയെ പിതാവിനടുത്ത് നിർത്തി അമ്മയെ അവർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ വിശന്ന പെൺകുട്ടി കറി കൂട്ടി ഭക്ഷണം കഴിച്ചു.

അമ്മൂമ്മ പ്രകടിപ്പിച്ച അതേ അസ്വസ്ഥതകൾ തന്നെ പതിനാലുകാരിയും പ്രകടിപ്പിച്ചതോടെ കുട്ടിയെ നാട്ടുകാർ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി. മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളാണ് പെൺകുട്ടി പ്രകടിപ്പിച്ചത്. മാതാപിതാക്കൾ എവിടെയെന്ന് ഡോക്ടർ അന്വേഷിച്ചതോടെയാണ് അമ്മൂമ്മയ്ക്കും സമാന അസ്വസ്ഥത ഉണ്ടായ വിവരം നാട്ടുകാർ അറിയിച്ചത്.

ഭക്ഷ്യ വിഷബാധയാണെന്ന് സംശയം തോന്നിയതോടെ ആമാശയത്തിൽ നിന്ന് ആഹാരം പുറത്തെടുത്ത് പരിശോധിച്ചു.ഇതോടെയാണ് ഉമ്മത്തിന്റെ ഇലയാണ് കഴിച്ചതെന്ന് മനസിലായത്. കുട്ടി അസുഖം ഭേദമായി ആശുപത്രി വിട്ടു.

പച്ച ചീരയുടെ ഇലയോട് സാദൃശ്യമുള്ളതാണ് ഡാറ്റ്യൂറ ഇനോക്സിയ എന്ന ശാസ്ത്രീയ നാമമുള്ള ഉമ്മത്തിന്റെ ഇലകൾ. തണ്ടുകളിൽ ഇളം വയലറ്റ് നിറമുള്ള ഈ ചെടിയുടെ തൈ കണ്ടാൽ ഒറ്റനോട്ടത്തിൽ ചീരയാണെന്നേ തോന്നുകയുള്ളു. മനുഷ്യന്റെയോ കന്നുകാലികളുടെയോ ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാൻ സാദ്ധ്യതയുള്ള വിഷച്ചെടിയാണ് ഉമ്മമെന്ന് പതിനാലുകാരിയെ ചികിത്സിച്ച ഡോക്ടർ ബിപിൻ ജോസ് പറഞ്ഞു. എല്ലാചെടികളും ഭക്ഷ്യയോഗ്യമല്ലെന്നും രൂപസാദൃശ്യമുള്ള ചെടികൾ ഉപയോഗിക്കുന്നത് വൻ അപകടത്തിന് കാരണമാകുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, FOOD POISON, DOCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY