ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ ആഗോളതലത്തിൽ ഫലപ്രദമായി കെെകാര്യം ചെയ്യുന്നതിന് ഏക ഭൂമി, ഏക ആരോഗ്യം എന്ന സമീപനം പിന്തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വാക്സിനുകളുടെ പേറ്റന്റ് പരിരക്ഷ താൽക്കാലികമായി നീക്കംചെയ്യാൻ അദ്ദേഹം ജി7 സഖ്യത്തിന്റെ പിന്തുണ തേടി. ജി7 ഉച്ചകോടിയുടെ ആദ്യ സെഷനിലെ വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭാവിയിലെ പകർച്ചവ്യാധികൾ തടയുന്നതിന് ആഗോള ഐക്യം, നേതൃത്വം, ഐക്യദാർഢ്യം എന്നിവയ്ക്ക് ആഹ്വാനം ചെയ്ത മോദി വെല്ലുവിളികളെ നേരിടാൻ ജനാധിപത്യപരവും സുതാര്യവുമായ സമൂഹങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും പ്രസംഗത്തിൽ വാചാലനായി. ഏക ഭൂമി, ഏക ആരോഗ്യം എന്ന സമീപനം സ്വീകരിക്കാനുള്ള മോദിയുടെ ആഹ്വാനത്തിന് ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കലിന്റെ പിന്തുണ ലഭിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊവിഡ് വാക്സിനുകളുടെ നിർമാണം വർദ്ധിപ്പിക്കുന്നതിനായി അവയുടെ പേറ്റന്റുകൾ എഴുതിതളളാനുളള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഓസ്ട്രേലിയയും മറ്റ് ചില രാജ്യങ്ങളും ശക്തമായി പിന്തുണച്ചു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും വേൾഡ് ട്രേഡ് ഓർഗനെെസേഷനിൽ (ഡബ്ല്യൂ.ടി.ഒ) ഈ നിർദ്ദേശവുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൊവിഡ് അനുബന്ധ സാങ്കേതികവിദ്യകളുടെ പേറ്റന്റ് എഴുതിത്തള്ളലിനായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഡബ്ല്യൂ.ടി.ഒയിൽ മുന്നോട്ടുവച്ച നിർദ്ദേശത്തിന് ജി7 രാജ്യങ്ങളുടെ പിന്തുണ മോദി തന്റെ പ്രസംഗത്തിൽ തേടി.
ഇതര വികസ്വര രാജ്യങ്ങളുമായി ഇന്ത്യയുടെ വൈദഗ്ദ്ധ്യവും അനുഭവസമ്പത്തും പങ്കുവെക്കാൻ തയ്യാറാണെന്നും മോദി ഉച്ചകോടിയിൽ പറഞ്ഞു. ജി7 ഉച്ചകോടിയുടെ അവസാന ദിവസമായ ഇന്നു രണ്ടു സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കും. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ജി7 രാഷ്ട്രങ്ങൾക്കു പുറമേ ഉച്ചകോടിയിൽ അതിഥികളായി പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |