SignIn
Kerala Kaumudi Online
Saturday, 20 April 2024 1.39 AM IST

കേരളത്തിന്റെ റേഷൻ ആവശ്യം പരിഗണിക്കണം

ration

കേരളത്തിൽ റേഷൻ കടകളിലൂടെയുള്ള പൊതുവിതരണ സമ്പ്രദായം അതിശക്തമാണ്. പകർച്ചവ്യാധിയുടെ പിടിയിലമർന്ന കഴിഞ്ഞ ഒന്നര വർഷത്തിനിടെ റേഷൻകടകളിലൂടെ കിട്ടിയ ഭക്ഷ്യക്കിറ്റിന്റെയും മറ്റും സഹായം ആർക്കും തള്ളിക്കളയാനാകില്ല. പണ്ട് സാമ്പത്തിക ശേഷിയുള്ളവർ റേഷൻകടകളിൽ നിന്ന് സാധനങ്ങൾ വാങ്ങില്ലായിരുന്നു. നല്ല സാധനങ്ങളല്ല റേഷൻകടകളിലൂടെ വിതരണം ചെയ്യുന്നത് എന്നൊരു ധാരണ പരക്കെ ഉണ്ടായിരുന്നു. ഇപ്പോഴതല്ല സ്ഥിതി. മികച്ച ഗുണനിലവാരമുള്ള സാധനങ്ങളാണ് വളരെ കുറഞ്ഞ നിരക്കിൽ റേഷൻകടകളിലൂടെ ലഭിക്കുന്നത്. പഴയ കാലങ്ങളിൽ റേഷൻകാർഡ് ഉടമകളിൽ 65 ശതമാനം പേരാണ് പരമാവധി റേഷൻ വാങ്ങിയിരുന്നത്. ഇപ്പോൾ അത് 94 ശതമാനമായി ഉയർന്നിരിക്കുന്നു. അതായത് റേഷൻ വാങ്ങാത്തവരുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു എന്നർത്ഥം. എന്നാൽ ഒന്നാം യു.പി.എ സർക്കാർ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയപ്പോൾ ചില അശാസ്ത്രീയമായ മാനദണ്ഡങ്ങളുടെ പേരിൽ മുൻഗണനാ പട്ടികയിൽ നിന്ന് 25 ലക്ഷത്തോളം കുടുംബങ്ങൾ പുറത്തായി. അതായത് ഇപ്പോൾ മുൻഗണനേതര (നീല കാർഡ്) വി​ഭാഗത്തി​ലുള്ള ഒരു കോടി​യി​ൽപ്പരം അംഗങ്ങൾ റേഷൻ കി​ട്ടേണ്ട വി​ഭാഗത്തി​ൽ വരേണ്ടതായി​രുന്നു. ഈ തെറ്റ് പുനപ്പരി​ശോധി​ക്കാൻ കേന്ദ്രം തയ്യാറായാൽ സംസ്ഥാനത്തി​ന്റെ അരി​ വിഹിതം നി​ലവി​ലെ 14.25 ലക്ഷം ടണ്ണിൽ നിന്ന് 23.37 ലക്ഷം ടണ്ണായി ഉയരും. മറ്റ് സംസ്ഥാനങ്ങൾ പോലെയല്ല കേരളം. സാമൂഹ്യജീവിതത്തിൽ വളരെ ഉയർച്ച ഉണ്ടായിട്ടുണ്ട്. വീടില്ലാത്തവർ പോലും കാറും സ്കൂട്ടറും മറ്റും വാങ്ങുക അസാധാരണമല്ല. അതിനാൽ കേരളത്തിലെ ദാരിദ്ര്യം നിശ്ചയിച്ച മാനദണ്ഡങ്ങളാണ് അർഹതയുള്ള പലരെയും പുറത്താക്കിയത്. പഴയതായാലും ഒരു കാർ ഉണ്ടെങ്കിലും വീടിന്റെ വലിപ്പം 1000 സ്ക്വയർ ഫീറ്റിൽ കൂടിയാലും മുൻഗണനാ കാർഡ് കിട്ടില്ലെന്ന നയമാണ് കേരളത്തിന് തിരിച്ചടിയായത്. കാർ ഉള്ളവരെല്ലാം ഇവിടെ സാമ്പത്തിക സുരക്ഷ നേടിയിട്ടുള്ളവരല്ല. കാർ വാങ്ങുമ്പോൾ ബാദ്ധ്യത കൂടുകയാണ് ചെയ്യുന്നത്. കുടുംബത്തിൽ എത്രപേർക്ക് ജോലിയുണ്ട്, കാർഷിക ഭൂമി എത്രയുണ്ട്, മൊത്തം വരുമാനം എത്രയാണ്, കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയവയാണ് കേരളത്തിൽ മാനദണ്ഡമായി നിശ്ചയിക്കേണ്ടിയിരുന്നത്. ഒരേ മാനദണ്ഡം വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ സംസ്ഥാനങ്ങൾക്കും ഒരേപോലെ നിശ്ചയിക്കുന്നത് അശാസ്ത്രീയമാണെന്ന് പല വിദഗ്ദ്ധരും ചൂണ്ടിക്കാണിച്ചിരുന്നതാണ്. മൂന്ന് വർഷത്തിലൊരിക്കൽ മുൻഗണനാ പട്ടിക പുന:പരിശോധിക്കണമെന്ന വ്യവസ്ഥ കേന്ദ്രം ഇതുവരെ പാലിച്ചിട്ടില്ല. ഒരു കോടി പേർക്ക് കൂടി സൗജന്യ റേഷൻ അനുവദിക്കണമെന്ന രീതിയിൽ ആനുകൂല്യം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങിയ വാർത്തയാണ് ഇന്ന് ഞങ്ങൾ മുഖ്യവാർത്തയായി നൽകിയിരിക്കുന്നത്. അർഹതയുള്ള മുഴുവൻ പേർക്കും ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ആനുകൂല്യം നേടിയെടുക്കാനാണ് ശ്രമമെന്നും ഇതിന്റെ കാരണങ്ങൾ കേന്ദ്ര സർക്കാരിനെ ബോദ്ധ്യപ്പെടുത്തുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പ്രസ്താവിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അനർഹരായ ചിലർ കേരളത്തിലും മുൻഗണനാ വിഭാഗത്തിൽ വന്നിട്ടുണ്ട്. ഇവർക്ക് സ്വയം ഒഴിയാൻ സംസ്ഥാന സർക്കാർ സമയം അനുവദിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടുന്ന മുറയ്ക്ക് അനുകൂല നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ വൈകിയാൽ അത് കേരളത്തോട് കാണിക്കുന്ന വിവേചനമായി കണക്കാക്കപ്പെടും. അതിനുള്ള ഇട കേന്ദ്രം വരുത്തില്ലെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.