SignIn
Kerala Kaumudi Online
Saturday, 19 September 2026 12.14 PM IST

വി.എച്ച്.എസ്.ഇ സ്കൂളുകളിലെ നിയമന നിരോധനം; ദുരിതത്തിലായി ഉദ്യോഗാർത്ഥികൾ

psc

തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അദ്ധ്യാപക, ലാബ് അസിസ്റ്റന്റ്, ഇൻസ്ട്രക്ടർ തസ്തികകളിൽ നിയമനങ്ങൾ നടക്കാതായതോടെ റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾ ദുരിതത്തിലായി.

2017ൽ പുറത്തിറങ്ങിയ പി.എസ്.സി റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് ജോലി ലഭിക്കാതെ ഇപ്പോഴും പുറത്ത് നിൽക്കുന്നത്. നിയമന ഉത്തരവ് കൈപ്പറ്റിയവരും ഇതിലുൾപ്പെടും. ഈ ലിസ്റ്റിൽ നിന്ന് വളരെ കുറച്ച് പേർക്ക് മാത്രമാണ് ജോലിയിൽ പ്രവേശിക്കാൻ സാധിച്ചത്. മൂന്ന് വർഷം മുൻപ് ദേശീയ നൈപുണ്യ വികസന പാഠ്യപദ്ധതി നടപ്പാക്കുന്നതിനെന്ന പേരിൽ കൊണ്ടുവന്ന നിയമന നിരോധനമാണ് ഇവരുടെ സ്വപ്നങ്ങൾക്ക് വിലങ്ങു തടിയായത്.

2018 ജൂണിലാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ദേശീയ നൈപുണ്യ വികസന പാഠ്യപദ്ധതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി വി.എച്ച്.എസ്.ഇ വിഭാഗത്തിലെ മൂന്ന് തസ്തികളുടെ നിയമന നടപടികൾ നിറുത്തിവയ്ക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പി.എസ്.സിക്ക് നിർദ്ദേശം നൽകിയത്. ഇതോടെ 2017 ലെ ലിസ്റ്റിലുള്ളവരുടെ നിയമനവും തടയപ്പെട്ടു. 2019 ജൂണോടെ പാഠ്യപദ്ധതി സംസ്ഥാനത്തെ എല്ലാ വി.എച്ച്.എസ്.ഇ സ്കൂളുകളിലും നടപ്പാക്കി. പഴയ കോഴ്സുകളുടെ അടിസ്ഥാനത്തിൽ നിയമനം നടത്തിയാൽ അദ്ധ്യാപകർ അധികമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.

സർക്കാർ ഇടപെട്ട് പുതിയ ഒഴിവുകൾ വരുമ്പോൾ ഈ ലിസ്റ്റിലുള്ളവരെ പരിഗണിക്കണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു. അല്ലെങ്കിൽ മതിയായ യോഗ്യതയുള്ളവർക്ക് മറ്റ് ഡിപ്പാർട്ട്‌മെന്റുകളിൽ നിയമനം നൽകണം. ലിസ്റ്റിലുള്ള നിരവധി പേർ മറ്റൊരു പരീക്ഷയെഴുതി ജോലിക്ക് കയറുന്നതിന്റെ പ്രായപരിധി കഴിഞ്ഞവരാണ്. സർക്കാർ അനുഭാവപൂർവമായ സമീപനം സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA