ലക്ഷ്മണന്റെ കലാ,സാഹിത്യ, സാംസ്കാരികപ്രവർത്തനങ്ങളെപ്പറ്റി രാമഭദ്രൻ ഒന്നും തന്നെ ചോദിക്കാറില്ല. അത് ലക്ഷ്മണന് ഇഷ്ടപ്പെടില്ല എന്നതുകൊണ്ടല്ല, ആരുടേയും ആവിഷ്കരണസംബന്ധമായ കാര്യങ്ങളിൽ ഇടപെടാൻ പാടില്ലെന്ന ഉറച്ച ബോദ്ധ്യം കൊണ്ടാണ്.എങ്കിലും നവോദയയുടെ ആ ഉത്ഘാടനപരിപാടി നടന്ന് കുറേക്കാലം ചെന്നപ്പോൾ ഒരു ചോദ്യം രാമഭദ്രൻ സഹോദരനോട് ചോദിക്കുകയുണ്ടായി. എന്തുകൊണ്ട് ലക്ഷ്മണൻ നാടകരചന തുടർന്നില്ല എന്നുള്ളതായിരുന്നു അത്.
'തീനാളങ്ങൾ " ഭേദപ്പെട്ട ഒരു നാടകമായിരുന്നു.ജനങ്ങൾക്കും അതിഷ്ടമായി. പരാജയപ്പെട്ട പല സാഹിത്യപ്രവർത്തനങ്ങളും നടത്തിയ ലക്ഷ്മണൻ എന്തുകൊണ്ട് തനിക്കു വിജയം വരിക്കാവുന്ന ഒരു മേഖലയിൽ ഉറച്ചുനിന്നില്ല?
നാടകസംവിധാനം തന്റെ പ്രകൃതത്തിനു ചേർന്നതല്ല എന്നാണ് ലക്ഷ്മണൻ മറുപടിയായി പറഞ്ഞത്. വിജയം വരിച്ചു എന്ന് പറയാവുന്ന 'തീനാളങ്ങൾ" തന്നെ തനിക്ക് ഒരുപാട് ടെൻഷനും അസംതൃപ്തിയുമുണ്ടാക്കി. ആദ്യത്തെ അവതരണം തകർത്തുകളയുകയാണല്ലോ ചെയ്തത്. എന്നാൽ, പിന്നീടാലോചിക്കുമ്പോൾ അത് നന്നായി എന്ന് തോന്നി. കാരണം, അന്ന് ആകെ രണ്ടു റിഹേഴ്സലാണ് നടന്നത്.
ആലിൻചുവട്ടിലെ ഒരു സീനിയർ നടനായിരുന്ന വി.എസ് .എൻ. ആലിൻചുവടിന്റെ ഒരു ശിഷ്യനായിരുന്നു പ്രധാനവേഷം ചെയ്തിരുന്നത്. അദ്ദേഹം ഒരേയൊരു ദിവസം മാത്രമാണ് റിഹേഴ്സലിൽ പങ്കെടുത്തത്. നേരത്തേ സ്ക്രിപ്റ്റ് കൊടുത്തിട്ടും റിഹേഴ്സലിനു വരുമ്പോൾ അതൊരു പ്രാവശ്യം പോലും വായിച്ചുനോക്കിയിരുന്നില്ല. ഡയലോഗ് ഒന്നും തന്നെ അയാൾക്കറിയുമായിരുന്നില്ല.
അതറിയേണ്ട കാര്യം തനിക്കില്ലെന്നാണ് അയാൾ പറഞ്ഞത്. ഒരാൾ ഒരു ഡയലോഗ് പറഞ്ഞാൽ ഉരുളയ്ക്കുപ്പേരി പോലെ സ്വന്തമായി ഡയലോഗ് പറയാൻ കഴിയുന്നവനാണ് മികച്ച നടൻ എന്നായിരുന്നു അയാളുടെ തിയറി. ഡയലോഗുകൾ വളരെയേറെ പ്രധാനമായ തന്റെ നാടകത്തിന് അയാളുടെ തിയറി വളരെ ദോഷം ചെയ്യുമായിരുന്നു.
ഏതായാലും, രണ്ടാമത്തെ അവതരണത്തിൽ, ഈ സൂപ്പർ താരത്തെ ഒഴിവാക്കാൻ സാധിച്ചു. എങ്കിലും, വിവിധജോലികൾ ചെയ്യുന്ന നടന്മാരെ ഒരു റിഹേഴ്സലിനു പോലും ഒത്തുകിട്ടിയിരുന്നില്ല. ആവശ്യത്തിന് റിഹേഴ്സലുകൾ നടന്നതുമില്ല. സ്റ്റേജിലേക്ക് കയറിയപ്പോൾ ബെഞ്ചുകൾ വച്ചുകെട്ടിയ സ്റ്റേജ് വാരിക്കുഴി പോലെയാണ് തോന്നിയത്.
ശ്രദ്ധിച്ചു കാൽ വച്ചില്ലെങ്കിൽ പാതാളത്തിലേക്കു പോകും. താൻ സൂക്ഷ്മതയോടെ എഴുതിയ സംഭാഷണങ്ങളെല്ലാം മറന്നും തെറ്റിച്ചും വഷളാക്കി. പ്രോംപ്ടർ നിൽക്കുന്നിടത്തേക്ക് നടന്മാർ ചുറ്റിപ്പറ്റിനിൽക്കും. അയാളുടെ വായിൽ നിന്ന് വീഴുന്നത് പിടിച്ചെടുക്കുക എന്നതായിരുന്നു അവരുടെ ഏകലക്ഷ്യം. ഇങ്ങനെ എണ്ണിയെണ്ണിപ്പറയാവുന്ന അനേകം പ്രശ്നങ്ങൾ.
അതൊക്കെ സമ്മതിച്ചു. അത് സംവിധായകന്റെ പരാജയമാണ്. നിങ്ങൾ സംവിധായകനാകണ്ട.. നാടകകൃത്തായാൽ പോരേ ?
എന്റെ രണ്ടാമതൊരു നാടകമുണ്ടായിരുന്നു.യുക്തിവാദി സംഘത്തിന്റെ ജില്ലാസമ്മേളനത്തിൽ അവതരിപ്പിച്ചത്.
അന്ധവിശ്വാസങ്ങൾക്കും അനീതികൾക്കും ജാതിക്കുമെതിരായ സന്ദേശങ്ങൾ നിറഞ്ഞ ഒരു നാടകമായിരുന്നു അത്. കലയെക്കാൾ കൂടുതൽ സന്ദേശത്തിനായിരുന്നു പ്രാധാന്യം. എന്നിട്ടും സന്ദേശം വേണ്ടത്ര വന്നില്ലെന്ന് പറഞ്ഞു ഭാരവാഹികൾ എന്നെക്കൊണ്ട് വെട്ടിത്തിരുത്തലുകൾ നടത്തി.
ആത്മാവില്ലാത്ത ഒരു നാടകവൈകൃതമെന്നാണ് അതിനെപ്പറ്റി എന്റെ അഭിപ്രായം. നാടകം കണ്ടുകഴിഞ്ഞ സഹൃദയരായ ചിലർ പറഞ്ഞത് എനിക്ക് പറഞ്ഞിട്ടുള്ള രംഗമല്ല അതെന്നാണ്.
പിന്നെപ്പിന്നെ നാടകം എന്റെ മനസിൽ നിന്നേ പോയി.
യൂണിവേഴ്സിറ്റി ലൈബ്രറിയിലെ കാന്റീനിലാണ് രാമഭദ്രൻ സാധാരണ ഉച്ചഭക്ഷണത്തിനു പോകാറ്. അമ്പതു പൈസ കൊടുത്താൽ ഒരു തൈരുസാദം കിട്ടും. അതാണവിടത്തെ ആകർഷണം. ഒരു ദോശയാണ് കഴിക്കുന്നതെങ്കിൽ പതിനഞ്ചു പൈസ. സിനിമ കാണാനോ മറ്റോ പണമാവശ്യമുണ്ടെങ്കിൽ ഒരു ദോശയിലൊതുക്കും ഉച്ചഭക്ഷണം.
ലക്ഷ്മണന് അമ്മയുടെ സ്പോൺസർഷിപ്പുള്ളതുകൊണ്ട് ഒന്നിനും നിയന്ത്രണമില്ല. എങ്കിലും അവൻ യൂണിവേഴ്സിറ്റി കോളേജിനടുത്തുള്ള ഇന്ത്യൻ കോഫീ ഹൗ സിലാണ് മിക്കപ്പോഴും ഭക്ഷണം കഴിക്കുക. ബുദ്ധിജീവികളായ കുട്ടികളധികവും അവിടെയാണ്.
ലക്ഷ്മണൻ പറയാറുണ്ട്:
''ഭാവിയിലെ സാഹിത്യകാരന്മാരും സിനിമാക്കാരുമൊക്കെ പറയും, ഈ കോഫീ ഹൗസുമായി അവർക്കുണ്ടായിരുന്ന ബന്ധം."
ഒരു ദിവസം രാമഭദ്രൻ ലൈബ്രറി കാന്റീനിൽ കയറാൻ തുടങ്ങുമ്പോൾ അതിന്റെ ചുവരിൽ ആകർഷകമായ ഒരു പോസ്റ്റർ കണ്ടു. ഒരു കാർട്ടൂൺ.അടുക്കിവെച്ച കുറേ പുസ്തകങ്ങളിലേക്ക് നഗ്നനായ ഒരു കൊച്ചുകുട്ടി മൂത്രമൊഴിക്കുകയാണ്.
മുകളിൽ എഴുതിയിരിക്കുന്നത് PISS ON THE OLD BULLS എന്നാണ്. പുസ്തകങ്ങളുടെ സ്പൈനിൽ കൊടുത്തിട്ടുള്ള പേരുകൾ ടോൾസ്റ്റോയി , ദസ്തയേവ്സ്കി ഒക്കെയാണ്.
അതുകണ്ടപ്പോൾ രാമഭദ്രന് അമർഷമുണ്ടായി. പൈങ്കിളി ആരാധകർക്ക് ടോൾസ്റ്റോയിയെയും ദസ്തയേവ്സ്കിയെയും ഇങ്ങനെ നിന്ദിക്കാം. പക്ഷേ, ഈ പോസ്റ്റർ പതിച്ചിരിക്കുന്നത് ബുദ്ധിജീവികളാണ്. അവർക്ക് ഈ വിശ്വസാഹിത്യകാരന്മാരിലും മുകളിലാണ് തങ്ങളെന്ന തോന്നലുണ്ടോ? ഇതാണ് രാമഭദ്രനെ അമർഷം കൊള്ളിച്ചത്.
പോസ്റ്റർ നോക്കിനില്ക്കേ, തോളിൽ ആരുടെയോ കൈ വന്നു പതിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ മലയാളം ബി.എ.യ്ക്ക് പഠിക്കുന്ന സുരേന്ദ്രനാണ്. 'എന്താണ് നോക്കുന്നത്? നിന്റെ അനിയനും കൂട്ടുകാരും ഒട്ടിച്ചതാണത്." വിശ്വാസം വരാതെ രാമഭദ്രൻ അവനെ നോക്കി.
' എല്ലാം അത്യന്താധുനിക സാഹിത്യം എന്ന് പറഞ്ഞു നടക്കുന്നവരാ. എന്റെ ക്ലാസിലെ ചില പിള്ളേരുമുണ്ട്. "
രാമഭദ്രനെ അതിശയിപ്പിച്ച കാര്യം ഇതേവരെ പുരോഗമനസാഹിത്യത്തിനു വേണ്ടി കുരിശുയുദ്ധം നടത്തിക്കൊണ്ടിരുന്ന ആൾ ഇപ്പോഴെങ്ങനെ ചേരി മാറി എന്നതാണ്. ' ലക്ഷ്മണനെ അറിയാമോ " എന്ന് രാമഭദ്രൻ സുരേന്ദ്രനോട് ചോദിച്ചു.
' ഞങ്ങളുടെ ക്ലാസിൽ ഇടയ്ക്കൊക്കെ വരാറുണ്ട്. ഒരിക്കൽ ഒ.എൻ.വി.സാറ് ക്ലാസെടുക്കുമ്പോ ക്ലാസിനകത്തു കയറി ഇരുന്നു. സാർ അവനോട് ഏതു ക്ലാസിലെന്നൊക്കെ ചോദിച്ചു. മലയാളം ഐച്ഛികമല്ല, ശരി.
പക്ഷേ, അത്ര മലയാളപ്രേമമുണ്ടെങ്കിൽ എന്തുകൊണ്ട് സെക്കൻഡ് ലാംഗ്വേജായി മലയാളമെടുത്തില്ല? അപ്പോൾ ലക്ഷ്മണൻ പറഞ്ഞു, അത് പിന്നെ മലയാളമെടുത്താൽ വലിയ മാർക്ക് കിട്ടില്ല. അതുകേട്ട് സാറിന് ദേഷ്യം വന്നു.
മാർക്കിനെപ്പറ്റി അത്രയും വ്യഗ്രതയുള്ള ആൾ ക്ലാസ് കട്ട് ചെയ്ത് നടക്കരുത് എന്ന് പറഞ്ഞ് അവനെ ക്ലാസിനു പുറത്താക്കി. അതിനുശേഷം ഒന്ന് രണ്ടു പ്രസംഗങ്ങളിൽ ഒ.എൻ.വി വെറും മാറ്റൊലിക്കവിയും സിനിമാപ്പാട്ടെഴുത്തുകാരനുമാണെന്ന് അവൻ പ്രസംഗിച്ചിരുന്നു."
ഈ വിവരണം കേട്ടപ്പോൾ രാമഭദ്രന് ചിരിയടക്കാനായില്ല.
വീട്ടിൽ ലക്ഷ്മണൻ കൊണ്ടിട്ടിരുന്ന ചില പ്രസിദ്ധീകരണങ്ങൾ രാമഭദ്രൻ വായിച്ചു.ഒരാധുനികകവിയുടെ പത്രാധിപത്യത്തിലുള്ള 'കനൽ" എന്ന പ്രസിദ്ധീകരണം അവനെ കൂടുതൽ ആകർഷിച്ചു.
''നാല്പത്തിയഞ്ച് വയസ് പിന്നിട്ട എഴുത്തുകാരെ വെടി വച്ചുകൊല്ലണം എന്ന് പത്രാധിപകവി എഴുതിയിരിക്കുന്നു."
വെടിവച്ചുതന്നെ കൊല്ലണോ? വിഷം കൊടുത്തോ തൂക്കിയോ കൊന്നാൽ പോരേ?"
രാമഭദ്രൻ അനുജനോട് ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാതെ അവൻ ജ്യേഷ്ഠനെ നോക്കി.
''ഈ കവിയെ നാൽപ്പത്തിയഞ്ച് വയസിനുശേഷം ഒന്ന് കാണാൻ കഴിയണേ എന്നാണെന്റെ പ്രാർത്ഥന."
രാമഭദ്രൻ പറഞ്ഞു.
''ആധുനിക സാഹിത്യം ചുക്കോ ചുണ്ണാമ്പോ എന്നറിയാഞ്ഞതുകൊണ്ടാണ് ചേട്ടൻ ഇങ്ങനെ പരിഹസിക്കുന്നത്.
പുരാണേതിഹാസങ്ങളും ഭാസന്റെയും കാളിദാസന്റെയുമൊക്കെ നാടകങ്ങളുമല്ലാതെ മറ്റെന്തെങ്കിലും ചേട്ടൻ വായിച്ചിട്ടുണ്ടോ?"
ലക്ഷ്മണൻ അരിശത്തോടെ പറഞ്ഞു.
''സാർത്ര്, കാഫ്ക, കമ്യു, ഷെനെ ഇങ്ങനെ ചിലരെയൊക്കെ ഞാൻ വായിച്ചിട്ടുണ്ട്. ഇവരൊക്കെ ആധുനികർ തന്നെയല്ലേ?"
ലക്ഷ്മണൻ അതിശയത്തോടെ സഹോദരനെ നോക്കി.
''പക്ഷേ, ഇവരെക്കാൾ എന്നെ ആകർഷിച്ച ഒരാളുണ്ട്. മാർക്കേസ് എന്നാണു പേര്. 'വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് "എന്നാണദ്ദേഹത്തിന്റെ നോവലിന്റെ പേര്. "
''ഞാൻ കേട്ടിട്ടില്ല."
ലക്ഷ്മണൻ പറഞ്ഞു.
''കേൾക്കും. കേൾക്കാതിരിക്കില്ല. കാരണം, ഇന്നല്ലെങ്കിൽ നാളെ അദ്ദേഹത്തിന് നോബൽ പ്രൈസ് കിട്ടും."
''അദ്ദേഹം ആധുനികനാണോ? "
''അറിയില്ല. നിന്റെ ആധുനികർ അവതരിപ്പിച്ചത് അവരുടെ നാടിന്റെ, സംസ്കാരത്തിന്റെ മോഹഭംഗങ്ങളാണ്. അത് ഇവിടത്തുകാർ അനുകരിച്ചാൽ അതിൽ സത്യമുണ്ടാവില്ല. മാർക്കേസ് ചെയ്തത് സ്വന്തം നാടിന്റെയും പാരമ്പര്യത്തിന്റെയും പശ്ചാത്തലത്തിൽ എഴുതുകയാണ്.""
കൂടുതൽ സംവാദത്തിനു നിൽക്കാതെ ലക്ഷ്മണൻ സ്വന്തം മുറിയിലേക്ക് പോകാൻ തുടങ്ങി. രാമഭദ്രൻ പുറകേ വിളിച്ചുചോദിച്ചു.
''പുരോഗമനസാഹിത്യകാരന്മാർക്ക് തീരെ പൊരുത്തപ്പെടാൻ കഴിയാത്ത സംഗതിയല്ലേ ആധുനികത? നീയെങ്ങനെ രണ്ടും ഒന്നിച്ചുകൊണ്ടുപോകുന്നു?""
''ശരികളിൽ നിന്ന് കൂടുതൽ ശരികളിലേക്ക് പോകുന്നവനാണ് ഞാൻ. അത് നിങ്ങൾക്ക് മനസിലാവില്ല."
മറുപടിക്ക് കാക്കാതെ അവൻ സ്വന്തം മുറിയിൽ കയറി വാതിലടച്ചു.
**********************
അന്നൊരിക്കൽ ബസ് സ്റ്റോപ്പിലെത്തിയപ്പോൾ സ്ത്രീകൾ നിൽക്കുന്ന ഭാഗത്ത് ഒരു പെൺകുട്ടിയിൽ രാമഭദ്രന്റെ കണ്ണ് ചെന്നു മുട്ടി. ഹാഫ് സാരി ചുറ്റി, നെറ്റിയിൽ ചന്ദനവരയുടെ മദ്ധ്യത്തിലായി ഒരു സിന്ദൂരപ്പൊട്ട് ചാർത്തി, സമൃദ്ധമായ മുടിയിൽ മാല ചാർത്തിയ ഒരു പെൺകുട്ടി.
അവന് നല്ല പരിചയം തോന്നി. അന്നേരം പെൺകുട്ടി അവനെ കണ്ടു. അവളുടെ ചുണ്ടിൽ ഒരു മന്ദസ്മിതം വിടർന്നു. കുറ്റബോധം തോന്നിയ രാമഭദ്രൻ പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചു. അവൾ ഏതു ബസിൽ കയറി എന്നോ എങ്ങോട്ടുപോയെന്നോ അവൻ ശ്രദ്ധിച്ചതേയില്ല. അന്ന് വീട്ടിലെ ഏകാന്തതയിൽ വച്ച് അവന്റെ മനസിൽ വീണ്ടും ആ ഹാഫ്സാരിക്കാരിയുടെ രൂപം കയറിപ്പറ്റി. നല്ല പരിചയം തോന്നുന്നു. അതാരായിരിക്കാം?
ഒടുവിൽ, ഇങ്ങനെയൊക്കെ ഒരു പെൺകുട്ടിയെക്കുറിച്ചു ആവശ്യമില്ലാതെ ആലോചിച്ചതിൽ പശ്ചാത്താപം തോന്നി അവൻ മറ്റു ജോലികളിലേക്ക് നീങ്ങി. അങ്ങനെ മനസിൽ നിന്ന് മായ്ചുകളയാൻ ശ്രമിച്ചെങ്കിലും ആ പെൺകുട്ടി രാമഭദ്രനെ പൂർണ്ണമായും കൈയൊഴിഞ്ഞില്ല. ഒരു ദിവസം സന്ധ്യയ്ക്ക് രാമഭദ്രൻ ക്ഷേത്രത്തിലേക്ക് കടക്കാൻ തുടങ്ങുമ്പോൾ ഒരു പാവാടക്കാരി പ്രസാദവുമായി എതിരെ വരുന്നുണ്ടായിരുന്നു. അന്ന് ബസ് സ്റ്റോപ്പിൽ വച്ച് കണ്ട പെൺകുട്ടിയാണല്ലോ ഇതെന്ന് പെട്ടെന്ന് അവനു തോന്നി. അവൾ അപ്പോഴും അവനെ നോക്കി മന്ദഹസിച്ചു. ഇപ്പോൾ എന്തായാലും അവളാരാണെന്ന് അറിയണമെന്ന് തന്നെ അവൻ നിശ്ചയിച്ചു.
''സത്യം പറഞ്ഞാൽ കുട്ടിയെ എനിക്ക് മനസിലായില്ല."
പറഞ്ഞു കഴിഞ്ഞപ്പോൾ അത് ശരിയായ ഒരു സംഭാഷണരീതിയല്ലല്ലോ എന്നവന് തോന്നി.
പക്ഷേ, പെൺകുട്ടി അതുകേട്ട് ഭംഗിയായി ചിരിക്കുകയായിരുന്നു.
''ചേട്ടന് എന്നെ അറിയാം. അതുകൊണ്ടല്ലേ ഞാൻ ചിരിച്ചത്?"
''അറിയുന്ന ആളാണെന്ന് എനിക്ക് മനസിലായി. പക്ഷെ, ഓർമ്മിക്കാൻ കഴിയുന്നില്ല."
വീണ്ടും ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു:
''നീലകണ്ഠന്റെ ചായക്കടയിൽ ജോലിക്കു നില്ക്കുന്ന വാമദേവന്റെ മകളാണ്."
''അയ്യോ, ജാനകിയാണോ?" രാമഭദ്രൻ അദ്ഭുതം കൂറി."
ജാനകി ആകെ മാറിപ്പോയി.
''മാറിയത് ഞാൻ മാത്രമാണോ?"
അന്ന് സാധാരണ കുശലപ്രശ്നങ്ങൾക്കപ്പുറം അവരൊന്നും സംസാരിച്ചില്ല. രാമഭദ്രൻ വാമദേവന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു. ചോദിച്ച കാര്യങ്ങൾക്കൊക്കെ അവൾ മറുപടി പറഞ്ഞു.നേരം വൈകും മുൻപ് വീട്ടിലെത്തണമെന്നുപറഞ്ഞ് ധൃതിയിൽ അവൾ നടന്നുപോകുകയും ചെയ്തു.
അന്നും ഉറക്കത്തിലേക്കു വീഴും മുൻപ് രാമഭദ്രൻ ജാനകിയെക്കുറിച്ചു ഓർത്തുപോയി. കഴിഞ്ഞ പ്രാവശ്യം ആരെന്നറിയാത്ത ഒരു പെൺകുട്ടിയെപ്പറ്റിയാണ് ചിന്തിച്ചതെങ്കിൽ ഇന്ന് ചരിത്രം മുഴുവൻ അറിയാവുന്ന ഒരുവളെക്കുറിച്ചാണ് എന്ന വ്യത്യാസം മാത്രം.
അവഗണനകളും ദുഃഖങ്ങളും ദാരിദ്ര്യവും എല്ലാം വേണ്ടുവോളം അനുഭവിച്ച ഒരു പെൺകിടാവാണത്. എന്നിട്ടും അവൾ പ്രസാദഭാവം കൈവിട്ടിട്ടില്ല. ജീവിതം എല്ലാ പ്രതീക്ഷകളോടെയും അവളിൽ പൂത്തുലഞ്ഞു നിൽക്കുന്നു. പാവപ്പെട്ട ഒരു മനുഷ്യന്റെ ജീവിതസാഫല്യമായി അവൾ മാറിയിരിക്കുന്നു. ജാനകിയെപ്പറ്റി അവന് അഭിമാനവും ആദരവുമുണ്ടായി.
************************
അന്ന് രാമഭദ്രൻ ദർശനാ പ്രിന്റേഴ്സിലെത്തുമ്പോൾ കർത്താവും 'ആർഷസാഹിതി" യുടെ പത്രാധിപരും എന്തോ ചർച്ചയിലായിരുന്നു. അവനെ കണ്ടപ്പോൾ രണ്ടുപേരും സംഭാഷണം നിർത്തി അവനെ നോക്കി ചിരിച്ചു. 'ആർഷസാഹിതി " യുടെ കഴിഞ്ഞ ലക്കങ്ങളിൽ ഫൈനൽ പ്രൂഫ് നോക്കാൻ രാമഭദ്രനെയാണേല്പിച്ചിരുന്നത്.
ഒപ്പം, ആശയത്തിലോ വാക്യപ്രയോഗങ്ങളിലോ എന്തെങ്കിലും അബദ്ധങ്ങളുണ്ടെങ്കിൽ അതൊക്കെ തിരുത്താനുള്ള സ്വാതന്ത്ര്യവും അവനു നൽകിയിരുന്നു.
''സുധാകരൻ സാറ് രാമഭദ്രനെ നോക്കിയിരിക്കുകയായിരുന്നു." കർത്താ പറഞ്ഞു.
''ഞാൻ എന്തെങ്കിലും അബദ്ധം കാണിച്ചോ?.." ഉൽക്കണ്ഠയോടെ അവൻ ചോദിച്ചു.
''അല്ല. അല്ല. കാര്യമെന്താണെന്നു വച്ചാ, രാമഭദ്രൻ നോക്കാൻ തുടങ്ങിയശേഷം തെറ്റെല്ലാം കുറഞ്ഞു ഒരു വൃത്തി വന്നിട്ടുണ്ടെന്ന് എല്ലാവരും പറയുന്നു."
കൊങ്കളം സുധാകരൻ പറഞ്ഞു.
''ഞങ്ങൾക്കും അത് തന്നെയാണഭിപ്രായം. മാസിക ഇനിയും നന്നാക്കണം. ഇത്തരം ആത്മീയമാസികകളൊക്കെ തീരെ ഭംഗിയില്ലാതെയാണിറക്കുന്നത്. സ്വാമിമാർക്ക് ബാഹ്യഭംഗിയിൽ താല്പര്യമില്ലെന്നത് ശരി തന്നെ. പക്ഷേ , നാടോടുമ്പോ നടുവേ ഓടണമെന്നല്ലേ? വലിയ കാശ് മുടക്കിയുള്ള പരിഷ്കാരങ്ങൾക്കൊന്നും നമുക്ക് നിവർത്തിയില്ല. എങ്കിലും കെട്ടും മട്ടും ഉള്ളടക്കവുമൊക്കെ കുറച്ചുകൂടി നന്നാക്കണം.""
അയാൾ നിർത്തി. രാമഭദ്രൻ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു.
കൊങ്കളം സുധാകരൻ കർത്തായെ നോക്കി. വീണ്ടും രാമഭദ്രന്റെ നേർക്ക് തിരിഞ്ഞു.
''ബി.എ.യ്ക്കിപ്പോൾ ഏത് വർഷമാ ?"
അയാൾ രാമഭദ്രനോട് ചോദിച്ചു.
''ഫൈനൽ ഇയർ."
അയാൾ ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നു.പിന്നെ രാമഭദ്രനോടായി തുടർന്നു.
''നമ്മുടെ സബ് എഡിറ്റർ രാജി വച്ചു. അയാൾക്ക് ഇതിലെ വിഷയങ്ങളിൽ വലിയ പിടിയില്ലെന്ന് കൂടക്കൂടെ പറയാറുണ്ടായിരുന്നു. ഒടുവിൽ സംഘടനയിലെ ആൾക്കാരുമായി എന്തോ കശപിശയുണ്ടായി.
അങ്ങനെയാണ് രാജി വച്ചത്. അപ്പൊ രാമഭദ്രനെ കിട്ടിയാൽ നന്നായിരിക്കുമെന്ന് അഭിപ്രായം വന്നു.
രാമഭദ്രന്റെ കാര്യങ്ങളെല്ലാം കർത്താസാറ് പറഞ്ഞു. വലിയ ശമ്പളമൊന്നും തരാനില്ല.എന്നാലും മുടക്കമില്ലാതെ തരും. പിന്നെ, ജോലിയും അത്ര വലുതായിട്ടൊന്നുമില്ല. ഇവിടെയിരുന്ന് തന്നെ ചെയ്യാവുന്നതേയുള്ളൂ. ആവശ്യമുള്ളപ്പോൾ ഓഫീസിലേക്ക് വരാം. ശാസ്തമംഗലത്താണ് നമ്മുടെ ഓഫീസ്.""
ഒറ്റവീർപ്പിലാണ് സുധാകരൻ പറഞ്ഞു തീർത്തത്. രാമഭദ്രന് അമ്പരപ്പാണ് അനുഭവപ്പെട്ടത്. വാസ്തവത്തിൽ ആലോചിക്കേണ്ട കാര്യമൊന്നുമില്ല.
കാരണം, അങ്ങനെയെന്തെങ്കിലും അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.
ഒടുവിൽ അത് കൈവരുമ്പോൾ സന്തോഷമല്ലാതെ മറ്റൊന്നുമില്ല.
''എല്ലാം അച്ഛന്റെ അനുഗ്രഹം."
ആത്മഗതമായിരുന്നു അത്. പക്ഷേ, മറ്റുള്ളവരും അത് കേട്ടു.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |