SignIn
Kerala Kaumudi Online
Friday, 25 September 2026 9.29 PM IST

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പ്രതികാരം,​ ദൃശ്യയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി,​ കുടുക്കിയത് ഓട്ടോ ഡ്രൈവർ

drishya-murder

പെരിന്തൽമണ്ണ: എൽഎൽ.ബി വിദ്യാർത്ഥിനിയായ ദൃശ്യയെ പ്രതി വിനീഷ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 9.45ഓടെ പെരിന്തൽമണ്ണ ഊട്ടി റോഡിലെ കെട്ടിടത്തിൽ രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന ദൃശ്യയുടെ അച്ഛന്റെ സി.കെ ടോയ്‌സ് എന്ന കടയ്ക്ക് തീപിടിച്ചിരുന്നു. ബാഗ്, ലെതർ ഐറ്റംസ്, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന കടയാണിത്. ഒന്നാം നിലയിലെ ഗോഡൗൺ ഉൾപ്പെടെ പത്ത് മുറികളിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.

ശക്തമായ മഴയ്ക്കിടെ കെട്ടിടത്തിന് തീപിടിച്ചത് ദുരൂഹത ഉയർത്തിയിരുന്നു.

ദൃശ്യയെ കൊലപ്പെടുത്തുന്നതിനായി ബാലചന്ദ്രനെ വീട്ടിൽ നിന്ന് മാറ്റിനിറുത്തുകയായിരുന്നു വിനീഷിന്റെ ലക്ഷ്യം.

കുത്തിയ ശേഷം വിനീഷ് വീട്ടിൽ നിന്നിറങ്ങി ഓടിയത് സമീപത്തുള്ള ബന്ധു കണ്ടു. ദൃശ്യയെയും സഹോദരിയെയും ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദൃശ്യ മരണമടഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.

ദൃശ്യയുടെ വീട്ടിൽ നിന്ന് 45 കിലോമീറ്റർ അകലെ മഞ്ചേരി നറുകരയിൽ മാതാവിനും രണ്ട് മൂത്ത സഹോദരൻമാർക്കുമൊപ്പം വാടക വീട്ടിലാണ് വിനീഷ് താമസിക്കുന്നത്. ഇപ്പോൾ മഞ്ചേരിയിലെ ഫർണിച്ചർ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ്.

കുടുക്കിയത് ഓട്ടോ ഡ്രൈവർ
കൊലപാതക ശേഷം ദൃശ്യയുടെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്ററോളം ദൂരം ഓടിയ ശേഷം കുന്നക്കാവിൽ വച്ച് ഓട്ടോറിക്ഷയിലേക്ക് ഓടിക്കയറി പെരിന്തൽമണ്ണ ടൗണിലേക്ക് പോവാൻ ആവശ്യപ്പെട്ട വിനീഷിനെ ഓട്ടോ ഡ്രൈവർ ജൗഹർ ആണ് തന്ത്രപൂർവം കുടുക്കിയത്. അപകടം പറ്റിയതാണെന്നും സുഹൃത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും നാട്ടുകാർ തല്ലുമോയെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടതാണെന്നുമാണ് ജൗഹറിനോട് പറഞ്ഞത്. പരിഭ്രാന്തിക്കൊപ്പം മറുപടികളിലെ പൊരുത്തക്കേട് കൂടിയായതോടെ ജൗഹറിന് സംശയം തോന്നി. സാധനം എടുക്കാനുണ്ടെന്നു പറഞ്ഞ് ഒാട്ടോ നിറുത്തി പുറത്തിറങ്ങിയ ജൗഹർ ഫോണിൽ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഒാട്ടം തുടരുന്നതിനിടെ സുഹൃത്തുക്കൾ കൊലപാതക വിവരം ജൗഹറെ ഫോണിൽ അറിയിച്ചു. എന്നാൽ, ഭാവമാറ്റമില്ലാതെ ജൗഹർ വിനീഷിനോട് പെരുമാറി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലാണ് തുടരന്വേഷണം.

താക്കീതിൽ ഒതുക്കരുത്: വനിതാ കമ്മിഷൻ

പെരിന്തൽമണ്ണയിൽ പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു നിന്ന് ജാഗ്രതക്കുറവുണ്ടായെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. ശല്യം ചെയ്യുന്നവരെ താക്കീതിൽ ഒതുക്കരുത്. ഇത്തരം പരാതികളിൽ വീഴ്ച കൂടാതെ അന്വേഷണം നടത്തുന്നത് സംബന്ധിച്ച ശുപാർശ സർക്കാരിന് സമർപ്പിക്കും. താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എം.സി.ജോസഫൈൻ പറഞ്ഞു.

യുവജനകമ്മിഷൻ കേസെടുത്തു

വിദ്യാർത്ഥിനിയെ കുത്തിക്കൊന്ന സംഭവത്തിൽ സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇത്തരം സംഭവങ്ങൾ പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്. ഇതിനെതിരെ കാമ്പെയിനുകൾക്കും ബോധവത്കരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുമെന്നും ചെയർപേഴ്സൺ ചിന്ത ജെറോം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRISHYA MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY