റിയോ ഡി ജനീറോ: സ്വന്തം നാട്ടുകാരുടെ മുന്നിൽ കോപ്പ സെമി പോലും കാണാതെ പുറത്താകുക എന്നത് ബ്രസീൽ പോലൊരു ടീമിന് താങ്ങാൻ സാധിക്കാത്ത കാര്യമാണ്. ഇന്നലെ കുറച്ചു ഭാഗ്യവും സ്വന്തം നാട്ടിലെ അനുകൂല സാഹചര്യങ്ങളും ഗോളി എഡേഴ്സണിന്റെ അസാമാന്യ മെയ് വഴക്കവും ഒത്തുചേർന്നപ്പോൾ ബ്രസീൽ ചിലിയെ ഒരുഗോളിന് പരാജയപ്പെടുത്തി കോപ്പ അമേരിക്കയുടെ സെമിഫൈനലിൽ കടന്നു.
ഇരു ടീമുകളും സമാസമം നിന്ന് പോരാടിയ ആദ്യപകുതിക്ക് ശേഷം 46ാം മിനിട്ടിലാണ് ബ്രസീൽ ഗോൾ നേടുന്നത്. രണ്ടാം പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിലെത്തിയ ലൂക്കസ് പക്ക്വെറ്റ ആണ് ബ്രസീലിന്റെ വിജയ ഗോൾ നേടുന്നത്. നെയ്മറുമായി ഒരു 1 - 2 നീക്കത്തിലൂടെ ബോക്സിനുള്ളിൽ കടന്ന പക്ക്വെറ്റ ക്ളോസ് റേഞ്ചിൽ നിന്ന് ഗോളിലേക്ക് ഷോട്ട് പായിക്കുകയായിരുന്നു.
എന്നാൽ ബ്രസീലിന്റെ ആഘോഷം അധികം നിണ്ടുനിന്നില്ല. 48ാം മിനിട്ടിൽ അപകടകരമായ കളി പുറത്തെടുത്തതിന് ബ്രസീൽ സ്ട്രൈക്കർ ഗബ്രിയേൽ ജീസസിനെ ചുവപ്പുകാർഡ് നൽകി പുറത്താക്കി. തുടർന്ന് പത്ത് പേരുമായി കളിച്ച ബ്രസീലിന് ചിലി കനത്ത പരീക്ഷണങ്ങളായിരുന്നു കളത്തിൽ നൽകിയത്. രണ്ട് തവണ ഗോൾ നേടുന്നതിന് അടുത്തെത്തിയ ചിലിക്കു പിടിച്ചുകെട്ടിയതും ബ്രസീലിനെ രക്ഷിച്ചതും ഗോൾകീപ്പർ എഡേഴ്സണിന്റെ അസാമാന്യ പാടവം ആയിരുന്നു. തിങ്കളാഴ്ച പെറുവുമായിട്ടാണ് ബ്രസീലിന്റെ സെമി ഫൈനൽമത്സരം. പരാഗ്വയെ തോല്പിച്ചിട്ടാണ് പെറു സെമിയിൽ കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |