പ്രയത്നത്തിന്റെ ഉച്ചകോടിയിലെത്തുമ്പോൾ നിങ്ങൾ ആയാസരഹിതനായിത്തീരുന്നു.' യുക്തിപരമായി നോക്കുമ്പോൾ ഏതെങ്കിലും കാര്യത്തിനായി പ്രയത്നിക്കാതിരിക്കുന്ന ആളായിരിക്കണം അനായാസതയുടെ ആശാൻ. എന്നാൽ അത് അങ്ങനെയല്ല. അനായാസത അറിയണമെങ്കിൽ നിങ്ങൾ യത്നത്തെ അഥവാ ആയാസത്തെ അറിയണം. ആയാസത്തിന്റെ ഉച്ചകോടിയിൽ എത്തുമ്പോൾ നിങ്ങൾ അനായാസത എന്തെന്നറിയുന്നു. പ്രവർത്തിക്കുന്ന ഒരാളിനു മാത്രമേ വിശ്രമമെന്തെന്ന് അറിയാൻ കഴിയൂ. എല്ലാ സമയവും വിശ്രമിക്കുന്നയാളിനു വിശ്രമമെന്തെന്ന് അറിയാൻ കഴിയില്ല. അയാൾ അലസതയിൽ മുങ്ങിപ്പോകുന്നു. ജഡത്വത്തിലേക്കു പോകുന്നു. ഇതാണ് ജീവിതത്തിൽ സംഭവിക്കുന്നത്.
റഷ്യൻ ബാലെ നർത്തകനായിരുന്ന നിജിൻസ്കിയുടെ ജീവിതം മുഴുവനും നൃത്തം തന്നെയായിരുന്നു. അദ്ദേഹം കുതിച്ചെത്തുന്ന ഉയരങ്ങൾ മനുഷ്യസാധ്യമോ ശാസ്ത്രീയതത്വങ്ങൾ അനുസരിക്കുന്നതോ ആയിരുന്നില്ല. ഒരാളിന്റെ പേശികൾ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന അവസരത്തിലും അയാൾക്ക് എത്താവുന്ന ഉയരത്തിന് ഒരു പരിധിയുണ്ട്. എന്നാൽ ചില അവസരങ്ങളിൽ അദ്ദേഹം ആ പരിധിയെ അതിലംഘിക്കുന്നു. നിങ്ങൾക്ക് ഇതെങ്ങനെ ചെയ്യാൻ കഴിയുന്നു? എന്ന് ജനങ്ങൾ അദ്ദേഹത്തോടു ചോദിച്ചു. എനിക്ക് ഒരിക്കലും അത് ചെയ്യാൻ കഴിയില്ല. നിജിൻസ്കി അവിടെ ഇല്ലാതിരിക്കുമ്പോഴാണ് അതു സംഭവിക്കുന്നത്. അപ്പോൾ മാത്രം. ഒരാൾ നൂറുശതമാനവും ഒരു കാര്യത്തിൽ മുഴുകുകയാണെങ്കിൽ അയാൾ ആ പരിധിക്കുമപ്പുറം പോകുന്ന ഒരു ഘട്ടം വന്നു ചേരും. അത് യത്നമില്ലാത്ത അവസ്ഥയാണ്. ഒന്നും ചെയ്യാതെ വെറുതെ ഇരുന്നാൽ അങ്ങനെ സംഭവിക്കുകയില്ല. ഇപ്പോൾ ചിലർ പറയുന്നത് അവർ സെൻ പഠിക്കാൻ പോകുന്നു എന്നാണ്. കാരണം അത് ഒന്നും ചെയ്യാതിരിക്കലാണ് എന്ന് അവർ പറയുന്നു. യഥാർത്ഥത്തിൽ സെൻ എന്നത് വളരെ അപൂർവം പേർക്കു മാത്രം അനുഷ്ഠിക്കാൻ കഴിയുന്ന പ്രവർത്തനങ്ങളുടെ പരമകാഷ്ഠയാണ്. ഈ പ്രവർത്തനം നടത്തുമ്പോൾ നിങ്ങൾ ഒരു കർമ്മരാഹിത്യത്തിൽ എത്തിച്ചേരുന്നു. അവിടെ നിങ്ങൾ കർത്താവല്ലാതായിത്തീരുകയാണ്. അത്തരത്തിലുള്ള അവസ്ഥകളിലാണ് അതീന്ദ്രിയതയിൽ എത്തിച്ചേരുന്നത്. നിജിൻസ്കിയെപ്പോലെ തീവ്രമായ പ്രവർത്തനത്തിലൂടെ ഒരാൾ ആ നിലയിൽ എത്തുകയാണെങ്കിൽ ആ നിമിഷങ്ങൾ ജാലവിദ്യ പോലെയുള്ളവയായിത്തീരുന്നു. എന്നാൽ ഒരാൾ നിഷ്ക്രിയത്വത്തിന്റെ തീവ്രതയിലൂടെയാണ് ആ നിലയിൽ എത്തുന്നതെങ്കിൽ അത് യോഗ നിലയാണെന്നു പറയാം. അതീന്ദ്രിയത അനുഭവിക്കാനുള്ള ക്ഷമത അവിടെ ഉണ്ടാകും.
നിങ്ങളുടെ കഴിവിന്റെ പരമാവധിയിൽ കുറേ നേരം നിൽക്കുക എന്നതാണ് ധ്യാനത്തിന്റെ കാതൽ. എന്താണെന്നു വെച്ചാൽ നിങ്ങൾ കഴിയുന്നത്ര ഉയർന്ന തീവ്രതയിലേക്ക് സ്വയം ഉയർത്തുക. അതു കഴിഞ്ഞ് പ്രത്യേകിച്ച് യത്നം ഒന്നും കൂടാതെ തന്നെ ആ അവസ്ഥയിൽ നിലനിൽക്കാം. വെറുതെയിരുന്നാൽ മതി. ഇങ്ങനെ പ്രേരണകളൊന്നുമില്ലാത്ത മാനസികാവസ്ഥയിലും സ്ഥിതിയിലും മനസിലുള്ള ബലംപിടിത്തമൊന്നുമില്ലാതെ തന്നെ വെറുതെ നിലനിൽക്കാം. അപ്പോഴാണ് ആന്തരിക ബുദ്ധി പൂവണിയുന്നതിനുള്ള സാഹചര്യമൊരുങ്ങുന്നത്. സമൂഹമായാലും വ്യക്തികളായാലും ഓരോ നിമിഷവും വെറുതെ കളയുന്നത് ഇത്തരത്തിലുള്ള പരിസ്ഥിതി സംജാതമാക്കാനുള്ള അവസരം ഉപേക്ഷിച്ചു കൊണ്ടാണ്. മാനവവംശത്തിനു തന്നെ അത് നഷ്ടമാണ്.
മനുഷ്യത്വത്തിന്റെ സമൃദ്ധി കണ്ടെത്താൻ കഴിയാത്തതു കൊണ്ടാണ് സ്വർഗത്തെയും അവിടത്തെ സുഖങ്ങളെയും വർണിച്ചുകൊണ്ടുള്ള ബാലിശമായ പ്രസംഗങ്ങൾ ചിലർ നടത്തി വരുന്നത്. നിങ്ങളുടെ മാനവികത കരകവിയുമ്പോൾ അതിനെത്തുടർന്നു ദിവ്യത്വം തനിയെ നിങ്ങളെ സേവിക്കാനുള്ള അവസരം തേടി വരും. ദിവ്യത്വത്തിന് മറ്റൊരു വഴിയുമില്ല.
( ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 50 വ്യക്തികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട സദ്ഗുരു, യോഗിയും ആത്മജ്ഞാനിയും ദീർഘദർശിയും ബെസ്റ്റ് സെല്ലിംഗ് ഓതറുമാണ്. അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് ഭാരത സർക്കാർ 2017ൽ പത്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ചു )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |