കൊച്ചി: വിവാഹിതകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച് അവരുടെ വീട്ടിൽനിന്ന് കൂടുതൽ സ്വത്ത് നേടി ഭർത്തൃവീട്ടുകാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന സംഭവങ്ങൾ നാട്ടിൽ ഏറി വരികയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങളിൽ ഭർത്താവിനും ഭർത്തൃ വീട്ടുകാർക്കുമെതിരെ എത്രയോ കേസുകളെടുത്തിട്ടും സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വന്നിട്ടില്ലെന്നും ജസ്റ്റിസ് വി. ഷേർസി അഭിപ്രായപ്പെട്ടു.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഡോക്ടറായ ഭാര്യയെയും ഭാര്യവീട്ടുകാരെയും മർദ്ദിച്ച കേസിൽ മുൻകൂർ ജാമ്യം തേടി തിരുവനന്തപുരം വട്ടപ്പാറ കണ്ണംകുഴി ആർ.വി. സദനത്തിൽ സ്വദേശി ഡോ. സിജോ രാജൻ, സഹോദരൻ റിജോ രാജൻ, മാതാപിതാക്കളായ സി. രാജൻ, വസന്ത എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും ഇത്തരം ആളുകൾക്ക് മുൻകൂർ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി പറഞ്ഞു. കർശനമായ നിയമമുണ്ടായിട്ടും ഭർത്തൃഗൃഹത്തിൽ സ്ത്രീകൾ പീഡനം നേരിടേണ്ടി വരുന്ന സംഭവങ്ങൾ ഭയാനകമായി വർദ്ധിക്കുന്നു. ഭർത്തൃഗൃഹങ്ങൾ സ്ത്രീകൾക്ക് ജീവിക്കാനാവാത്ത വിധം അപകടം പിടിച്ച സ്ഥലമായി മാറുന്നു. ഇത് എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |