തിരുവനന്തപുരം: ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകേണ്ട നിലയ്ക്കൽ-പ്ലാപ്പള്ളി-സീതത്തോട് കുടിവെള്ള പദ്ധതി ഇൗ സീസണിലും യാഥാർത്ഥ്യമാകില്ല. ശബരിമല തീർത്ഥാടകർക്കും സീതത്തോട് നിവാസികൾക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്ന 130 കോടിയോളം രൂപയുടെ ബൃഹദ് പദ്ധതി ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്. 22 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കേണ്ട പൈപ്പ് ലൈനുകളുടെ പ്രവൃത്തികൾ ആറ് കിലോമീറ്റർ പോലും പൂർത്തിയായിട്ടില്ല.
നവംബർ 16ന് ശബരിമല സീസൺ ആരംഭിക്കെയാണ് വീണ്ടും തീർത്ഥാടകർക്ക് ടാങ്കർ വെള്ളത്തെ ആശ്രയിക്കേണ്ടി വരുന്നത്. റോഡ് കുഴിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പൊതുമരാമത്ത് വകുപ്പുമായി ചില പ്രശ്‌ങ്ങൾ നിലനിൽക്കുന്നുണ്ട്. 2019ലെ കരാർ പ്രകാരം കഴിഞ്ഞ നവംബറിൽ പൂർത്തിയാക്കുമെന്നാണ് വാട്ടർ അതോറിട്ടി അറിയിച്ചിരുന്നത്. നിലവിൽ നിലയ്‌ക്കലിൽ 20 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കുകളുടെ അടിസ്ഥാന ജോലികൾ ആരംഭിച്ചിട്ടുണ്ട്. അണ്ണ ഇൻഫ്രാ ഡെവലപ്പേഴ്സ് എന്ന കമ്പനിക്കാണ് നിർമ്മാണ ചുമതല. സീതത്തോട്ടിൽ കക്കാട്ടാറിന്റെ തീരത്ത് പമ്പ് ഹൗസിന്റെയും 13 എം.എൽ.ഡി. ശേഷിയുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും പണി പൂർത്തിയായി. ചികാഗോ കൺസ്ട്രക്ഷൻസ് ഇന്റർനാഷണൽ കമ്പനിയാണ് ഇത് പൂർത്താക്കിയത്.
സംഭരണവും വിതരണവും ഇങ്ങനെ
മൂഴിയാർ ജലവൈദ്യുത പദ്ധതിയിൽനിന്ന് വൈദ്യുതോത്പാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളം സംഭരിച്ച് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ശുദ്ധീകരണത്തിനുശേഷം ആങ്ങമൂഴി ,പ്ലാപ്പള്ളി വഴി നിലയ്ക്കലിൽ എത്തിച്ച് അവിടെ നിന്നാണ് വിവിധ സ്ഥലങ്ങളിലേക്ക് വിതരണത്തിന് നൽകുന്നത്. ആറ് അറകളിൽ നിർമ്മിച്ചിട്ടുള്ള ശുദ്ധീകരണ സംഭരണിയിലെ ശാസ്ത്രീയ പ്രക്രിയ കഴിഞ്ഞ് അണുമുക്തമാകുന്ന ജലമാണ് മിനറൽ വാട്ടറിന്റെ നിലവാരത്തിൽ പൊതുജനങ്ങൾക്കും തീർത്ഥാടകർക്കും എത്തിക്കുക.
പ്രയോജനം ഇവർക്ക്
പെരുനാട് പഞ്ചായത്തിന്റെ കിസുമം, തുലാപ്പള്ളി, കൊല്ലമൂഴി, പമ്പാവാലി, അട്ടത്തോട് പ്രദേശങ്ങളിലും ശബരിമല തീർത്ഥാടകർക്കും സീതത്തോട് പഞ്ചായത്തിലുള്ളവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സീതത്തോട് പഞ്ചായത്തിലെ 4500 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാക്കും.
ഈ സീസണിലും കുടിവെള്ള പദ്ധതി സാദ്ധ്യമാകുമെന്ന് കരുതുന്നില്ല. ജോലികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. വിവിധ ഘട്ടങ്ങളിൽ നിരവധി ചർച്ചകൾ നടത്തി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പ്രവൃത്തികളിൽ മെല്ലെപോക്കുണ്ട്. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് വീഴ്ചയുണ്ടായിട്ടോ എന്ന് പരിശോധിക്കും.
-കെ.രാധാകൃഷ്ണൻ ,
ദേവസ്വം മന്ത്രി.
കൊവിഡ് അടക്കമുള്ള പ്രതിസന്ധികൾ വലിയ വിലങ്ങുതടിയായിരുന്നു. ജോലികൾ ഇപ്പോൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. സെപ്റ്റംബർ 30ന് പദ്ധതി കമ്മിഷൻ ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.
- വാട്ടർ അതോറിട്ടി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |