കേട്ടുതുടങ്ങിയ നാൾ മുതൽ പ്രേക്ഷകർ കാത്തിരുന്ന സിനിമയാണ് മാലിക്. ഡോ. ഷെർമിൻ എന്ന കഥാപാത്രത്തിലൂടെ ചിത്രത്തിൽ മിന്നും പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് നടി പാർവതി കൃഷ്ണ. നന്നായി അറിയുന്നവർ പോലും പാർവതിയാണ് ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേഷം ചെയ്തതെന്ന് സിനിമ കണ്ടപ്പോൾ മാത്രമാണറിഞ്ഞത്. സിനിമ ഇറങ്ങിയപ്പോൾ മുതൽ അഭിനന്ദനങ്ങളുടെ നിറവിലാണ് പാർവതി.
''മാലിക്കിൽ ഞാനുണ്ടെന്ന കാര്യം ആർക്കും അറിയില്ലായിരുന്നു. വീട്ടിലും അടുത്ത ഒന്ന് രണ്ട് സുഹൃത്തുക്കളോടും മാത്രം പറഞ്ഞു. പരിചയമുള്ളവരൊക്കെ സിനിമ കണ്ടിട്ട് നീ പറഞ്ഞില്ലല്ലോയെന്നും നിന്നെ കണ്ടപ്പോൾ ഞെട്ടിയെന്നുമൊക്കെ പറഞ്ഞു. അതാണ് എന്റെ സന്തോഷവും.ഒരുപാട് പേർ വിളിക്കുന്നു, അഭിനന്ദിക്കുന്നു. ഇത്ര അഭിനന്ദനങ്ങൾ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല."" പാർവതി സംസാരിക്കുന്നു.
സന്തോഷത്തിന് കാരണങ്ങളുണ്ട്
മാലിക്കിന്റെ തിരക്കഥ എനിക്ക് മനപ്പാഠമായിരുന്നു. എന്റെ മാത്രമല്ല എല്ലാ കഥാപാത്രങ്ങളുടെയും. അത് കഥാപാത്രത്തിന്റെ ആഴം മനസിലാക്കാൻ സഹായിച്ചു. തിരക്കഥ വായിച്ചപ്പോൾ തന്നെ ത്രില്ലടിച്ചു. ഡോ. ഷെർമിൻ എങ്ങനെയാണെന്ന് മഹേഷ് ചേട്ടൻ ആദ്യമേ പറഞ്ഞു തന്നിരുന്നു. ഡോക്ടറുടെ മാനറിസങ്ങളൊക്കെ പഠിപ്പിക്കാനായി ഒരു ചേട്ടനുണ്ടായിരുന്നു. എക്സ് റേ നോക്കുന്ന രീതി പോലും നമുക്കറിയില്ല. അത് പിടിക്കേണ്ടതും നോക്കേണ്ടതും മുറിവ് ഡ്രസ് ചെയ്യുന്നതുമൊക്കെ എല്ലാം ചോദിച്ചു മനസിലാക്കി. ഡോക്ടർമാരുടെ മാനറിസങ്ങളൊക്കെ അങ്ങനെയാണ് കൊണ്ടുവന്നത്. മഹേഷ് നാരായൺ സിനിമ, ഫഹദ് ഫാസിൽ സിനിമ, പ്രേക്ഷകർ ഏറെ കാത്തിരുന്ന സിനിമ. അങ്ങനെ സന്തോഷിക്കാൻ ഒത്തിരി കാരണങ്ങളുണ്ട്. അതിനേക്കാളുപരി ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞുവെന്നതാണ് വലിയ ഭാഗ്യം.
ഇത് എനിക്കുള്ള വേഷമായിരുന്നു
ആദ്യം ചെയ്യേണ്ടെന്ന് തീരുമാനിച്ച സിനിമയാണ്. അസിസ്റ്റന്റ് ഡയറക്ടർ ശാലിനി ചേച്ചിയാണ് എന്നോട് ഇങ്ങനെയൊരു കഥാപാത്രമുണ്ടെന്ന് പറയുന്നത്. മുമ്പും ഒത്തിരി സിനിമകൾ വന്നിട്ടുണ്ട്. അതൊന്നും ചെയ്തിട്ടില്ല. പൊതുവേ ഓഡിഷനൊക്കെ പങ്കെടുക്കാൻ എനിക്ക് മടിയാണ്. ഒന്ന് ട്രൈ ചെയ്ത് നോക്കെന്ന് പിന്നെയും ചേച്ചി നിർബന്ധിച്ചതു കൊണ്ടാണ് ചെയ്തത്. സ്ക്രീൻ ടെസ്റ്റ് വഴിയാണ് മാലിക്കിലേക്ക് എത്തുന്നത്. സാധാരണ ഓഡിഷന് കാണുന്ന തിരക്കൊന്നും അവിടെയുണ്ടായിരുന്നില്ല. മഹേഷേട്ടൻ എല്ലാം ഫോണിൽ റെക്കോഡ് ചെയ്യുന്നുണ്ടായിരുന്നു. അതൊരു പുതിയ അനുഭവമായിരുന്നു. ആദ്യത്തെ സ്ക്രീൻ ടെസ്റ്റ് കഴിഞ്ഞിട്ട് ഒാക്കെ പറഞ്ഞു. അതുകഴിഞ്ഞ് രണ്ടാമതൊരു ടെസ്റ്റ് കൂടി നടത്തണമെന്ന് പറഞ്ഞു. ചിത്രത്തിൽ ഫ്രെഡ്ഡിയായിട്ടെത്തുന്ന സനലേട്ടനുമായി മാച്ച് ചെയ്തു പോകുമോയെന്ന് നോക്കാൻ വേണ്ടിയാണ് രണ്ടാമത്തെ ടെസ്റ്റ് നടത്തിയത്. പുള്ളിക്കാരൻ നേർപകുതി പ്രായത്തിൽ, സ്കൂൾ വിദ്യാർത്ഥിയായിട്ടാണ് അഭിനയിക്കുന്നത്. പുള്ളിയേക്കാളും പ്രായം എനിക്ക് തോന്നണം. അതിന് വേണ്ടി ഞാൻ കുറച്ച് വണ്ണം കൂട്ടി. എന്തായാലും രണ്ടാമത്തെ സ്ക്രീൻ ടെസ്റ്റിന് സെറ്റായി.
ക്ലൈമാക്സിൽ നിന്ന് തുടക്കം
മാലിക് എന്തുകൊണ്ടും എനിക്ക് സ്പെഷ്യലാണ്. ആകെ പതിനഞ്ച് ദിവസത്തെ ഷൂട്ടേ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, നല്ലൊരു എക്സ്പീരിയൻസായിരുന്നു. എന്റെ ആദ്യത്തെ ഷോട്ട് ഫഹദിക്കയ്ക്കൊപ്പമാണ്. ഞാൻ ഏറെ ആരാധിക്കുന്ന നടൻ. പുള്ളിക്കാരൻ നല്ല സപ്പോർട്ടാണ്. സെറ്റ് ഭയങ്കര സീരിയസായിരുന്നു. കഥയും അങ്ങനെയാണല്ലോ. ക്ലൈമാക്സിൽ നിന്നായിരുന്നു ഷൂട്ട് തുടങ്ങിയത്. എല്ലാവരും കാരക്ടറായിട്ട് നിൽക്കുകയാണ്. അതിന്റെ സീരിയസ്നെസ് അവിടെ മൊത്തമുണ്ടായിരുന്നു. മേക്കപ്പ് ഇട്ടു കഴിഞ്ഞപ്പോൾ ഞാനും അതിലേക്ക് അങ്ങെത്തി. ഭയങ്കര പെർഫക്ഷനിസ്റ്റാണ് മഹേഷേട്ടൻ. നമ്മളിൽ നിന്ന് അദ്ദേഹം ഉദ്ദേശിക്കുന്നത് കിട്ടുന്നതുവരെ ടേക്ക് എടുപ്പിക്കും. ഒരുപാട് ടേക്കുകൾ പോയ സീനൊക്കെയുണ്ട്.
അന്ന് ട്രോൾ, ഇന്ന് കൈയടി
ഒരിക്കൽ ഫഹദിക്കയെ ഇന്റർവ്യൂ ചെയ്തതിന്റെ പേരിൽ നല്ല പൊങ്കാല കിട്ടിയ ആളാണ് ഞാൻ. വൻ തെറിവിളിയായിരുന്നു. പക്ഷേ ഇപ്പോൾ ഒരുപാട് ട്രോളുകൾ വരുന്നുണ്ട്. അന്നത്തെ ഇന്റർവ്യൂവും ഇപ്പോൾ അദ്ദേഹത്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നതും വച്ചുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അതെനിക്ക് അച്ചീവ് ചെയ്യാൻ പറ്റിയ കാര്യമാണ്. സത്യത്തിൽ അന്ന് പുള്ളിയെ കണ്ട് ഞാൻ ഭയങ്കര എക്സൈറ്റഡായി. അതോടെ എല്ലാം കൈയിന്ന് പോയി. അത്രയും വലിയ ഫാനാണ് ഞാൻ. മാലികിൽ ജോയിൻ ചെയ്തപ്പോൾ ഫഹദിക്ക തിരിച്ചറിഞ്ഞു. അന്ന് ഇന്റർവ്യൂ ചെയ്ത കുട്ടിയല്ലേയെന്ന് ചോദിച്ചു. അദ്ദേഹം നല്ല കംഫർട്ടാക്കി നിറുത്തി. ഇപ്പോഴത്തെ സന്തോഷത്തിൽ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നത് ഭർത്താവ് ബാലഗോപാലാണ്, കക്ഷി മ്യൂസിക് ഡയറക്ടറാണ്. ഞങ്ങൾക്ക് ഏഴ് മാസം പ്രായമായമുള്ള ഒരു മകനുണ്ട്, അവ്യുക്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |