SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.00 PM IST

ഒറ്റ ദിവസം  വാക്‌സിന്‍ നല്‍കിയത്  നാലര ലക്ഷം പേര്‍ക്ക്,​  മൂന്ന് ജില്ലകളിൽ  അരലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍,​ ഒരു ദിവസത്തെ വാക്സിൻ മാത്രമേ സ്റ്റോക്ക് ഉളളൂവെന്ന് മന്ത്രി

Increase Font Size Decrease Font Size Print Page

covid-vaccination

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4,53,339 പേര്‍ക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. ഇന്ന് വന്ന 38,860 ഡോസ് കൊവാക്‌സിന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. അതായത് ഞായറാഴ്ച എല്ലാവര്‍ക്കും എടുക്കാന്‍ പോലും തികയില്ല. ഞായറാഴ്ച കൂടുതല്‍ വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ അനിശ്ചിതത്വത്തിലാകുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളം 10 ലക്ഷം വാക്‌സിന്‍ പൂഴ്ത്തി വച്ചിരിക്കുന്നു എന്ന പ്രചരണത്തിന്റെ പൊള്ളത്തരം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. മികച്ച രീതിയില്‍ വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ വാക്‌സിനേഷന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പേരാളികള്‍ക്കുമുള്ള ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനത്തിലെത്തിച്ചു. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതോടെ ഒരു ദിവസം 4 ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണ്.

ഇന്ന് 1522 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 59,374 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ കണ്ണൂര്‍ ജില്ലയാണ് മുമ്പില്‍. 53,841 പേര്‍ക്ക് വാക്‌സിന്‍ നല്‍കി തൃശൂര്‍ ജില്ലയും 51,276 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കോട്ടയം ജില്ല തൊട്ട് പുറകിലുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 1,83,89,973 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,28,23,869 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 55,66,104 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഈ സെന്‍സസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 53.43 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് കേന്ദ്ര ശരാശരിയേക്കാള്‍ വളരെ മുന്നിലാണെന്ന് വീണാ ജോർജ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

TAGS: COVID VACCINATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY