സീരിയൽ സങ്കല്പങ്ങളിലെ പതിവ് മസാലകളും എരിവും കണ്ണീരുമില്ലാതെ പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവരാൻ കഴിഞ്ഞ മെഗാപരമ്പരയാണ് കൗമുദി ടിവി നിർമ്മിച്ച 'മഹാഗുരു."
ഓരോ ദിവസവും അടുത്തെന്ത് നടക്കും എന്ന് അറിയാനുള്ള ജിജ്ഞാസയുണർത്തുന്നതാണ് മഹാഗുരുവിന്റെ അവതരണ രീതി. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തമസകറ്റുന്ന പ്രകാശ സഞ്ചാരം പോലെയാണ് കേരളത്തിന്റെയും നവോത്ഥാന നായകരുടെയും കഥ പറയുന്ന ഈ പരമ്പര. അറിഞ്ഞതിനെക്കാളേറെ അറിയപ്പെടാത്ത ഒരുപാടു സംഭവങ്ങളും കഥകളും ഇതിൽ ചിത്രീകരിക്കപ്പെടുന്നു. സ്വാഭാവികവും ഗുരുവിന്റെ ശൈലിയോട് ചേർന്നു നിൽക്കുന്നതുമാണ് സംഭാഷണം.
നാണുവിൽ നിന്ന് നാരായണ ഗുരുവിലേക്കുള്ള ക്രമാനുഗതമായ വളർച്ച കാണാൻ ആയിരക്കണക്കിന് വീട്ടമ്മമാർ ഭക്തിപൂർവം കാത്തിരിക്കുന്നു എന്നത് ഇതിന്റെ മാറ്റുകൂട്ടുന്നു.
അമേരിക്കയിൽ അവതരിപ്പിക്കാനുള്ള ഒരു നൃത്തരൂപത്തിനുള്ള തയ്യാറെടുപ്പിനായി പാരീസ് ലക്ഷ്മിയെന്ന നർത്തകി ഗുരുചരിതത്തിൽ പാടവമുള്ള ഡോ. പ്രസാദുമായി നടത്തുന്ന യാത്രകളിലും സംഭാഷണങ്ങളിലുമായി പുതുമയുള്ള രീതിയിലാണ് മഹാഗുരുവിന്റെ ജീവിതമുഹൂർത്തങ്ങൾ അനാവരണം ചെയ്യപ്പെടുന്നത്. രൂപസൗകുമാര്യത്തിൽ മാത്രമല്ല നടന ചാരുതയിലും ഏതൊരു മലയാളി പെൺകൊടിയെയും ആകർഷിക്കുന്നതാണ് പാരീസ് ലക്ഷ്മിയുടെ ഗുരുവിനെ അറിയാനുള്ള വ്യഗ്രത. വേദാന്തസാരങ്ങൾ ഉള്ളം കൈയിൽ കോരിയെടുത്ത് പുണ്യതീർത്ഥം പോലെ പകർന്നുതന്ന മഹാഗുരുവിനെ എത്ര ലളിതമായി അവതരിപ്പിക്കുന്നു. പണ്ഡിതനും പാമരനും ഒരുപോലെ ഹൃദ്യമാണ് ഈ പരമ്പര. ഭാവിതലമുറകളുടെ ഭദ്രതയ്ക്കും ക്ഷേമത്തിനുമായി എല്ലാ മലയാളികളും സകുടുംബം കാണേണ്ടതാണ് ഈ പരമ്പര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |