നമ്മിൽ പലരും ക്ഷേത്രങ്ങളിൽ പോകുകയും പലതരം പൂജകളും വഴിപാടുകളും കഴിക്കുകയും പതിവുണ്ട്. പലരും ക്ഷേത്രത്തിനുള്ളിൽ കയറാതെ ചുറ്റുവഴിയിൽ പ്രദക്ഷിണം വച്ച് മടങ്ങാറുമുണ്ട്. കേരളത്തിലെ ക്ഷേത്രാചാരങ്ങൾ മുറതെറ്റാതെ ചെയ്യേണ്ടത് എങ്ങനെ എന്ന് 15-ാം നൂറ്റാണ്ടിൽ രചിച്ച തന്ത്രസമുച്ചയത്തിൽ പറയുന്നുണ്ട്. ഒരു ഗർഭിണി തലയിൽ ഒരുകുടം എണ്ണവച്ച് പ്രദക്ഷിണം നടത്തുമ്പോൾ എത്ര പതുക്കെ നടക്കുന്നോ അത്രയും പതുക്കെ കൈകൾ കൂപ്പി ഈശ്വരവിചാരത്തോടെ ചെയ്യേണ്ട കാര്യമാണ് പ്രദക്ഷിണം എന്നാണ് പറയപ്പെടുന്നത്.
ഏത് ദിക്കിലേക്കാണ് പ്രദക്ഷിണം വയ്ക്കേണ്ടത് എന്നുപോലും ചിലർക്ക് ആശങ്ക കാണും. അത് എങ്ങനെയെന്ന് ഇവിടെനോക്കാം. കുളിച്ച് ഭസ്‌മം പൂശി അലക്കിയതോ വൃത്തിയായതോ ആയ വസ്‌ത്രം ധരിച്ച് വേണം ക്ഷേത്രത്തിലെത്താൻ എന്ന് ആചാര്യന്മാർ പറയുന്നു. ഇത്തരത്തിൽ ക്ഷേത്രത്തിലെത്തിയാൽ ദേവനെ വന്ദിച്ച് പ്രദക്ഷിണം നടത്താം. ദേവന്റെ വലതുവശത്തേക്ക് പോകുന്ന തരത്തിൽ വേണം പ്രദക്ഷിണം നടത്താൻ. വലിയ ബലിക്കല്ലിനടുത്തെത്തി നാലമ്പലത്തിന് ചുറ്റുമുള്ള പ്രദക്ഷിണ വഴിയിൽ കൂടി പ്രദക്ഷിണം ചെയ്യണം. ഇനി ബലിക്കല്ലിന് ഇടതുവശം വന്നുനിന്ന് ദേവനെ തൊഴുത് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാം.
കൈകൾ നെഞ്ചോട് ചേർത്ത് താമരപോലെ തൊഴുതുപിടിച്ച് ഓരോ കാലടിയും ചേർത്തുവച്ച് മാത്രം നടക്കുക. ഈശ്വരനെ മനസ്സിൽ ശരിയായി ധ്യാനിച്ച് നമഃശിവായ എന്നോ, നാരായണ എന്നോ ശരണമയ്യപ്പ എന്നോ ദേവന്റെ നാമം എന്താണോ അത് ചൊല്ലി കൃത്യമായി പ്രദക്ഷിണം ചെയ്യുകയാണെങ്കിൽ മനഃശാന്തികരവും മോക്ഷദായകവുമായ ഫലം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |