തൃശൂർ: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം തുടർന്നാലും ആഗസ്റ്റ് ഒമ്പത് മുതൽ എല്ലാ ദിവസവും കടകൾ തുറക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ആഗസ്റ്റ് രണ്ട് മുതൽ സെക്രട്ടേറിയറ്റിന് മുമ്പിൽ ധർണ നടത്തും. വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണ്. കടകൾ തുറക്കുന്നവർക്കെതിരെ പൊലീസ് നടപടിയുണ്ടായാൽ സമിതി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ മരണം വരെ നിരാഹാരം കിടക്കും.
ടി.പി.ആർ അടിസ്ഥാനമാക്കിയുളള നിയന്ത്രണം സ്വീകാര്യമല്ല. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ അംഗീകരിക്കും. ചർച്ചയ്ക്ക് മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിട്ടുണ്ടെന്നും സമയം അനുവദിച്ചാൽ ചർച്ച നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ പറഞ്ഞു. നേരത്തേ, മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയത്. എന്നാൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല. സർക്കാരിന് കിട്ടിയ തെറ്റായ വിവരത്തിന്റ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കാത്തത്. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിച്ചാൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാകും. നിലവിലെ നിയന്ത്രണങ്ങൾ ആശാസ്ത്രീയമാണ്. തുടർച്ചയായി ആറ് ദിവസം സമരം നടത്തും. വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ നടപടിയുണ്ടായാൽ മാത്രമേ സമരം പിൻവലിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |