SignIn
Kerala Kaumudi Online
Sunday, 17 May 2026 12.24 PM IST

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം: ഹൈക്കോടതി വിശദ വാദം കേൾക്കും

sabarimala

ദേവസ്വം ബോർഡ് സത്യവാങ്മൂലം നൽകണം

കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾക്ക് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഹർജികളിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തവണത്തെ മേൽശാന്തി നിയമന നടപടികൾ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം നിരസിച്ച ഡിവിഷൻ ബെഞ്ച് ,തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഹർജികൾ ഫയലിൽ സ്വീകരിച്ച്, ആഗസ്റ്റ് 12 നു പരിഗണിക്കാൻ മാറ്റി.

അബ്രാഹ്മണരെ ശബരിമലയിലും മാളികപ്പുറത്തും മേൽശാന്തിമാരായി നിയമിക്കാത്തതിനെതിരെ കോട്ടയം സ്വദേശി സി. വിഷ്‌ണുനാരായണൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് പരിഗണിക്കുന്നത്. വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയുന്ന വിഷയമല്ലിത്. ബന്ധപ്പെട്ട എല്ലാവരെയും കേട്ടുമാത്രമേ തീരുമാനമെടുക്കാൻ കഴിയൂ - ഹൈക്കോടതി വ്യക്തമാക്കി. ഹർജികൾ വീഡിയോ കോൺഫറൻസിംഗ് മുഖേനയല്ലാതെ കോടതി മുറിയിൽ വാദം കേട്ട് തീരുമാനിക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും ഡിവിഷൻ ബെഞ്ച് നിരസിച്ചു.

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾക്ക് മേയ് 27നാണ് ദേവസ്വം ബോർഡ് വിജ്ഞാപനമിറക്കിയത്. മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ വിജ്ഞാപനത്തിൽ നിന്നൊഴിവാക്കി മറ്റു യോഗ്യതകളെല്ലാമുള്ള ഹിന്ദുമത വിശ്വാസികൾക്ക് അപേക്ഷിക്കാൻ അനുമതി നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. മലയാള ബ്രാഹ്മണരല്ലാത്ത അപേക്ഷകരെ കഴിഞ്ഞ ദിവസം ബോർഡ് ഒഴിവാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA