ആലുവ: പക്ഷാഘാതത്തെ തുടർന്ന് മൂന്ന് വർഷത്തോളം കിടപ്പിലായ ശേഷം മരണത്തിന് കീഴടങ്ങിയ സാഹിത്യകാരൻ തോമസ് ജോസഫ് കിടപ്പാടം പണയം നൽകിയും സ്വന്തം നോവൽ വിൽപ്പനക്ക് വച്ചുമാണ് പണം കണ്ടെത്താൻ ശ്രമിച്ചത്. തോമസ് ജോസഫിന്റെ 'അമ്മയുടെ ഉദരം അടച്ച്' എന്ന നോവൽ 2019ലാണ് കൂട്ടുകാർ ചേർന്ന് പ്രസിദ്ധീകരിച്ചത്. ചികിത്സയ്ക്ക് പണം കണ്ടെത്താൻ ആയിരം പുസ്തകം അച്ചടിച്ചു. ഒന്നര ലക്ഷം രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ചികിത്സാ ചെലവ് താങ്ങാനാകാതെ വന്നപ്പോൾ കളമശേരി മെഡിക്കൽ കോളേജിലേക്ക് ചികിത്സ മാറ്റാൻ നിശ്ചയിച്ചെങ്കിലും ഇതിനിടെ മെഡിക്കൽ കോളേജ് കൊവിഡ് ചികിത്സാ കേന്ദ്രമായതോടെ അതും മുടങ്ങി. സുഹൃത്തുകൾ ക്രൗഡ് ഫണ്ടിംഗ് വഴിയും ചികിത്സയ്ക്ക് പണം കണ്ടെത്തിയിരുന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഫാക്ട് ഹൈസ്‌കൂൾ മാസികയിൽ പ്രസിദ്ധീകരിച്ച 'അനുജത്തി'യാണ് ആദ്യ കഥ. ബാല്യത്തിൽ കവിതകളും എഴുതിയിരുന്നു. 1980ൽ തിരുവനന്തപുരത്ത് നിന്നിറങ്ങിയ സാകേതം മാസികയിൽ 'അഭ്തുത സമസ്യ' പ്രസിദ്ധീകരിച്ചതോടെ മലയാള സാഹിത്യത്തിൽ ശ്രദ്ധേയനായി. ആനുകാലികങ്ങളിൽ നിരന്തരം കഥകൾ എഴുതി. മൂന്ന് വർഷം മുൻപ് പക്ഷാഘാതം വന്നതോടെ കഷ്ടപ്പെട്ടാണ് തോമസ് ജോസഫിന്റെ കുടുംബം കഴിഞ്ഞിരുന്നത്. ഭാര്യ റോസിലി കീഴ്മാട് ഐ.എസ്.ആർ.ഒ.യിലെ കാന്റീൻ ജീവനക്കാരിയായിരുന്നു. ലക്ഷകണക്കിന് രൂപ ചികിത്സയ്ക്ക് ചെലവായി. ഇതിനിടെ വീട് പണയപ്പെടുത്തിയെടുത്ത ബാങ്ക് വായ്പ ജപ്തി ഭീഷണിയുമായെത്തുകയും ചെയ്തു.
ഭർത്താവിന് കൂട്ടിരിക്കേണ്ടി വന്നതോടെ ഭാര്യ റോസിലിയുടെ ചെറിയ ജോലി നഷ്ടമായി. നടനായ മകൻ ജെസ്സെ നാടക, ചലച്ചിത്ര പ്രവർത്തനങ്ങളെല്ലാം നിറുത്തി കാർ ഷോറൂമിൽ ജോലി ചെയ്യേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |