SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.56 PM IST

ഡാനിഷ് സിദ്ദിഖി അബദ്ധത്തിൽ മരിച്ചതല്ല, ഇന്ത്യക്കാരൻ എന്ന് മനസിലാക്കിയ ശേഷം താലിബാൻ കൊന്നതെന്ന് റിപ്പോർട്ട്

Increase Font Size Decrease Font Size Print Page
danish

വാഷിംഗ്ടൺ: പുലിറ്റ്സർ ജേതാവായ പത്രഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ മരണം അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും അദ്ദേഹത്തെ താലിബാൻ മനപൂർവം കൊല്ലുകയായിരുന്നുവെന്നും റിപ്പോർട്ട്. പത്രക്കാരൻ ആണെന്ന് അറിയാതെയാണ് ഡാനിഷ് ഉൾപ്പെട്ട അഫ്ഗാൻ സേനയ്ക്കെതിരെ വെടിയുതിർത്തതെന്നും ഡാനിഷിന്റെ മരണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു താലിബാൻ നൽകിയിരുന്ന വിശദീകരണം.

അഫ്ഗാൻ സേനയ്ക്കെതിരെ താലിബാൻ വെടിയുതിർത്തപ്പോൾ പരിക്കേറ്റ ഡാനിഷിനെ അടുത്തുള്ള ഒരു മുസ്ലീം പള്ളിയിൽ എത്തിക്കുകയും അവിടെ വച്ച് അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നൽകുമ്പോഴായിരുന്നു അടുത്ത താലിബാൻ ആക്രമണം. അഫ്ഗാൻ സേനയോടൊപ്പം ഇന്ത്യക്കാരനായ പത്രപ്രവർത്തകൻ ഉണ്ടെന്ന വിവരം കിട്ടിയതിനെ തുടർന്നാണ് താലിബാൻ പള്ളി ആക്രമിച്ചതെന്നും ഡാനിഷായിരുന്നു അവരുടെ ലക്ഷ്യമെന്നും അമേരിക്കൻ മാദ്ധ്യമമായ വാഷിംഗ്ടൺ എക്സാമിനർ റിപ്പോർട്ട് ചെയ്യുന്നു.

ഡാനിഷിനെ താലിബാൻ ജീവനോടെ പിടിക്കൂടുകയായിരുന്നുവെന്നും വിവരങ്ങൾ എല്ലാം ചോദിച്ചു മനസിലാക്കിയ ശേഷം മാത്രമാണ് ഡാനിഷിനെയും ഒപ്പമുണ്ടായിരുന്ന അഫ്ഗാൻ സൈനികരെയും വധിച്ചതെന്നും പത്രം റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ കമാൻഡറും മറ്റ് സൈനികരും ഡാനിഷിനെ താലിബാനിൽ നിന്നും രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് കൊല്ലപ്പെട്ടതെന്നും വാഷിംഗ്ടൺ എക്സാമിനറിന്റെ വാർത്തയിൽ ഉണ്ട്. ഡാനിഷിന്റെ മൃതശരീരം പരിശോധിച്ച വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ താലിബാന്റെ പിടിയിലായ ഡാനിഷിനെ ഭീകരർ ക്രൂരമായി മർദ്ദിക്കുകയും അതിനു ശേഷം വെടിവച്ചു കൊല്ലുകയും ആയിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS, DANISH SIDDIQUE, TALIBAN, AFGHANISTAN, INDIAN SCRIBE, WARFRONT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY