കൊളംബോ: ശ്രീലങ്കയിൽ പര്യടനത്തിലായിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ലെഗ്‌സ്പിന്നർ യുസ്‌വേന്ദ്ര ചഹാലിനും ആൾറൗണ്ടർ കെ ഗൗതമിനുമാണ് കൊവിഡ് പിടിപ്പെട്ടത്. ഇതോടെ ശ്രീലങ്കയിൽ വച്ച് കൊവിഡ് ബാധിച്ച ഇന്ത്യൻ താരങ്ങളുടെ എണ്ണം മൂന്നായി. നേരത്തെ മുതിർന്ന താരം കൃണാൾ പാണ്ഡ്യയ്ക്കും രോഗം പിടിപ്പെട്ടിരുന്നു. കൃണാളിൽ നിന്നുമാകാം മറ്റ് രണ്ട് പേർക്കും രോഗം പകർന്നതെന്ന് കരുതുന്നു.
കൃണാൾ പാണ്ഡ്യയ്ക്ക് രോഗം പിടിപ്പെട്ടതോടെ ചഹാലും ഗൗതമും ഉൾപ്പെടെ താരവുമായി അടുത്ത ബന്ധത്തിലുണ്ടായിരുന്ന എട്ടുപേർ ക്വാറന്റൈനിലായിരുന്നു. കൃണാളിന്റെ സഹോദരൻ ഹാർദിക് പാണ്ഡ്യ, പ്രിഥ്വി ഷാ, സൂര്യകുമാർ യാദവ്, ദീപക് ചഹർ, മനീഷ് പാണ്ഡെ, ഇഷാൻ കിഷൻ എന്നിവരാണ് ക്വാറന്റൈനിൽ ഉണ്ടായിരുന്നവർ. ഇതിൽ ഇംഗ്ലണ്ട് പര്യടനത്തിലേക്കുള്ല ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിഥ്വി ഷായും സൂര്യകുമാർ യാദവും കൊവിഡ് ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയാൽ തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങാതെ ശ്രീലങ്കയിൽ നിന്നും നേരിട്ട് ഇംഗ്ളണ്ടിലേക്ക് പോകുമെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. ഈ എട്ടു പേരിൽ ബാക്കിയുള്ള നാലു പേർ മറ്റ് ഇന്ത്യൻ താരങ്ങളോടൊപ്പം ഇന്ന് ഇന്ത്യയിലേക്ക് യാത്ര തിരിക്കും.
അതേസമയം കൊവിഡ് പിടിപ്പെട്ട കൃണാൾ പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹാൽ, ഗൗതം എന്നിവർക്ക് പത്ത് ദിവസത്തേക്ക് ശ്രീലങ്കയിൽ തുടരേണ്ടി വരും. ഇതിനു ശേഷം കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്നു തെളിഞ്ഞാൽ മാത്രമേ ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളു. നിലവിൽ ഇവർ മൂന്ന് പേരും ശ്രീലങ്കൻ സർക്കാരിന്റെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |