ബാങ്കിലേക്കുള്ളപടികൾ ഓരോന്നായി എണ്ണി കയറുമ്പോൾ എല്ലാ മാസത്തേയും പോലെ പോൾ ജോസഫ് സ്വയം ശ്രദ്ധിച്ചു. തന്റെ ശരീരത്തിന്റെ ഓരോ അണുവിലേക്കും ശ്വാസകോശത്തിന്റെ മിടിപ്പിലേക്കും അയാൾ ജാഗരൂകനായി. എല്ലാ മാസവും സ്വയമുള്ള അയാളുടെ പരീക്ഷണമായിരുന്നു അത്. മൂന്നാം നിലയിൽ സ്ഥിതിചെയ്യുന്ന ബാങ്കിലേക്ക് മുകളിലേക്ക് നീളുന്ന കോണിപ്പടികൾ നടന്നു കയറുക. അതിനിടയിൽ താൻ എത്രത്തോളം കിതക്കുന്നുണ്ടെന്നും തന്റെ കാൽമുട്ടുകളും എടുപ്പും തന്നെ എത്രമാത്രം വലക്കുന്നുണ്ടെന്നു അയാൾ ശ്രദ്ധിച്ചു. ബാങ്കിൽ എത്തിയപ്പോൾ അയാൾക്ക് ആശ്വാസമായി. ഇപ്പോഴും തന്റെ ശരീരം ചെറുപ്പം തന്നെ. ശരീരത്തിന്റെ ഉള്ളവയവങ്ങളും മറ്റും പണിമുടക്കാനുള്ള ഭാവമൊന്നും തുടങ്ങിയിട്ടില്ല. ഈ മാസവും കടന്നുപോയ മാസങ്ങളിൽ വീട്ടിലേക്ക് തിരിച്ചു പോയതുപോലെ സമാധാനമായി നടന്നുപോകാം. എന്നും കാലത്ത് മുടങ്ങാതെ ഒരു മണിക്കൂർ നടക്കുന്നതുകൊണ്ട് ഗുണമുണ്ട് എന്ന് എല്ലാ മാസത്തെയുംപോലെ അപ്പോഴും അയാൾ മനസ്സിൽ ഉറപ്പിച്ചു.
ഒരുകാലത്തു രക്തസമ്മർദ്ദത്തിനും കൊഴുപ്പിനും അടിയറവു പറഞ്ഞുകൊണ്ടിരുന്ന തന്റെ ശരീരത്തെ മരുന്നിന്റെ പാർശ്വഫലങ്ങളൊന്നും ഏൽക്കാതെ എങ്ങനെ സാധാരണ നിലയിലേക്കു കൊണ്ടുവരുമെന്ന അയാളുടെ സംശയത്തിന് അടുത്ത സുഹൃത്തും നഗരത്തിലെ പ്രമുഖ ഫിസിഷ്യനുമായ ഡോക്ടർ സെബാസ്റ്റ്യൻ പറഞ്ഞുകൊടുത്ത വ്യായാമമുറകളും നടത്തവും മടിയേതുമില്ലാതെ, മടുപ്പൊട്ടുമില്ലാതെ എല്ലാ ദിനങ്ങളും നടപ്പാക്കിയതിന്റെ ബാക്കിപത്രമായിരുന്നു അയാളുടെ ശരീരം അയളോട് സാക്ഷ്യപ്പെടുത്തിയത്. എന്നിരുന്നാലും, അത്രയൊക്കെ ഉറപ്പ് ശരീരം ആ മൂന്നുനില ഗോവണിപ്പടിയിലൂടെ അയളോട് പറഞ്ഞെങ്കിലും വൈദ്യശാസ്ത്രത്തിന്റെ സാക്ഷ്യങ്ങളായ ലബോറട്ടറി ടെസ്റ്റുകൾക്കു ശേഷം കാത്തിരുന്നു കിട്ടുന്ന രണ്ടുമൂന്നു പേജ് വരുന്ന വെള്ളപേപ്പറിലെ ഫലം കൂടി കണ്ടാൽ മാത്രമേ പൂർണമായി അയാൾ വിശ്വസിക്കുമായിരുന്നുള്ളൂ. ഇതുവരെയുള്ള അയാളുടെ അനുഭവം വച്ച് ഗോവണിപ്പടികൾ അയാൾക്ക് നൽകിയ സമാശ്വാസം ഒരിക്കലും പരീക്ഷണ ശാലകളിൽ തകിടം മറിഞ്ഞിട്ടില്ല എന്നതായിരുന്നു. അതുകൊണ്ടുതന്നെ ബാങ്കിനകത്തേക്ക് നടക്കുന്നതിനിടയിൽ തന്നിൽ ശാന്തത നിറഞ്ഞിരിക്കുന്നത് അയാൾ അറിഞ്ഞു. സൂസന്നയോട് സാവകാശം, വിശദമായി, ഓരോ നിമിഷം സംഭവിച്ചതും പറഞ്ഞു കൊടുക്കാം. അവൾക്കും വല്ലാതെ ആശ്വാസമാകും. ഇനിയും തങ്ങൾക്ക് രണ്ടുപേർക്കും തങ്ങൾ മാത്രം മതിയെന്ന് കയ്യിൽ മുറുക്കെ പിടിച്ചു പറയാം. മൂന്നാമതൊരാൾ പുറമെനിന്ന് തങ്ങളുടെ ജീവിതത്തിലേക്കും നീണ്ടുകിടക്കുന്ന സ്വകാര്യതകളിലേക്കും കടന്നു വരാനുള്ള സമയം ആയിട്ടില്ല. കിടക്കയിൽ എഴുന്നേൽക്കാൻ വയ്യാതെ തളർന്നു കിടക്കുന്ന അവളെപോലെ താനും മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ മാത്രമേ മറ്റൊരാളെ, അയാൾ എത്രമാത്രം അപരിചിതനായാലും തീർത്തും പരിചിതനാകുന്ന തരത്തിലേക്ക് വളർന്നു വന്നതിനുശേഷം മാത്രമേ തങ്ങൾക്കിടയിലേക്ക് കൊണ്ടുവരാവൂ എന്നവർ ഉറപ്പിച്ചിരുന്നു.
അതിനും അവർക്ക് വളരെ കാലം മുതൽക്കേ വ്യക്തമായ രൂപരേഖയുണ്ടായിരുന്നു. അത്രമാത്രം അടുത്തിടപഴകുന്ന രണ്ടു ശരീരമാണെങ്കിലും ഒരൊറ്റ മനസുമാത്രമുള്ള തങ്ങൾക്കിടയിലേക്ക്, തങ്ങളെ ശുശ്രൂഷിക്കാനായി കടന്നു വരുന്ന ആ ഒരാൾ ഒരിക്കലും തങ്ങൾക്കിടയിൽ ഒരു കരടോ കല്ലോ ആകരുതെന്ന് മറ്റെന്തിനേക്കാളും അവർക്ക് പിടിവാശിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സൂസന്നയോടു തുറന്നു പറഞ്ഞില്ലെങ്കിലും തന്റേതായ രീതിയിൽ പോൾ ജോസഫ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞിരുന്നു.
എത്രമാത്രം ശരീരം ആരോഗ്യത്തോടെ ഇരുന്നാലും കാലം നീങ്ങുന്നതിനൊത്ത്, തന്നിലേക്ക് വാർദ്ധക്യത്തിന്റെ വെള്ളി നൂലുകൾ ഇറങ്ങിവരുമെന്ന കാര്യത്തിൽ അയാൾക്ക് സംശയം ഒട്ടുമില്ലായിരുന്നു. മറ്റെന്തുണ്ടായിരുന്നാലും ആ സത്യം ഓരോ മാസം കഴിയുംതോറും അയാൾ ഉൾക്കൊണ്ടുവരുന്നുണ്ടായിരുന്നു. തന്നെയും സൂസന്നയേയും ഉരുമികടന്നുപോകുന്ന കാലത്തോട് ആ വിധമെങ്കിലും തങ്ങൾ സമരസപ്പെടേണ്ടതുണ്ടെന്ന് ആദരവോടെ അയാൾ തിരിച്ചറിഞ്ഞിരുന്നു. അല്ലെങ്കിൽ ഒരു പക്ഷേ കടന്നുപോയ കാലം തങ്ങളെ കശക്കി കളഞ്ഞേക്കാനും മതി എന്ന് അയാൾക്കറിയാമായിരുന്നു. സൂസന്നയ്ക്ക് അത്രത്തോളം അറിഞ്ഞില്ലെങ്കിൽ കൂടിയും.
തിങ്കളാഴ്ച ആയിരുന്നിട്ടും ബാങ്കിൽ തിരക്ക് കുറവായിരുന്നു. അതുകൊണ്ടുതന്നെ ഇടപാടുകൾ സാധാരണത്തെക്കാൾ വേഗത്തിൽ തീർന്നു. അല്ലെങ്കിലും ഏതു തിരക്കുള്ള പ്രവൃത്തിദിനമായാലും വർഷങ്ങളായുള്ള പരിചയവും വലിയ ഇടപാടുകാരനും എന്ന പരിഗണന വെച്ച് സ്ഥിരമായി ഒരു ജീവനക്കാരൻ പോൾ ജോസഫിന്റെ കാര്യത്തിനായി എത്തുമായിരുന്നു. എന്നാലും എല്ലാ തവണയുംചോദിക്കുന്നതുപോലെ ഇക്കുറിയും അയാളെ സമീപിച്ച ബാങ്ക് ഉദ്യോഗസ്ഥൻ ഒരു വഴിപാടുപോലെ പറഞ്ഞു :
''സാറിനിതൊക്കെ വീട്ടിലിരുന്നു ലാപ്പിലോ മൊബൈൽഫോണിലോ ചെയ്യാവുന്നതല്ലേ ഉള്ളൂ. അതിനിങ്ങനെ നടന്നു ബുദ്ധിമുട്ടണോ?""
''അതെനിക്കൊരു രസം ആണ്. അല്ലെങ്കിൽ മുഴുവൻ നേരവും വീട്ടിൽ ഇരുന്ന് മടുപ്പാകും. പിന്നെ പുറത്തിറങ്ങാൻ പറ്റാതാവുന്ന ഒരു കാലം വരുമല്ലോ. ആ സമയത്ത് ആലോചിക്കാം.""
അയാൾ ചിരിച്ചുകൊണ്ട് പതിവുപോലെ കർത്തവ്യത്തിലേക്ക് തിരിഞ്ഞു.
അപ്പോഴാണ് തനിക്കു പിറകിൽ ആരോ നിൽക്കുന്നുണ്ടെന്നു പോളിന് തോന്നിയത്. പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോൾ പിറകിൽ നിന്ന് പെട്ടെന്ന് ഒരു നിഴൽ നീങ്ങിപോയതുപോലെ അയാൾക്ക്തോന്നി. ഇക്കുറി ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അയാൾ പുറത്തിറങ്ങി. നോക്കുമ്പോൾ നീണ്ടകോറിഡോറിലൂടെ ഒരാൾവേഗത്തിൽ നടന്നു നീങ്ങുന്നത് കണ്ടു. പിന്തുടരണമെന്നു ഉണ്ടായിരുന്നെങ്കിലും അയാളുടെ വേഗതയും ആരോഗ്യവും വെച്ച്നോക്കുമ്പോൾ തന്നെ കൊണ്ട് അതിനാവില്ലെന്നുപോളിന് ഉറപ്പായി. എന്നും കാലത്തു ഒരു മണിക്കൂർ നടക്കുന്നതൊന്നും അയാളെ പിന്തുടർന്ന് കണ്ടെത്താൻ തന്നെ പര്യാപ്തമാക്കില്ലെന്നു തോന്നിയതിനാൽ ഉള്ളിൽ ചിരിച്ചുകൊണ്ട് തിരിച്ചു നടന്നു. പക്ഷെ അപ്പോൾ മുതൽ അയാളിൽ അസ്വസ്ഥത പെരുകാൻ തുടങ്ങിയിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി തന്നെ തൊട്ടടുത്തും അകലത്തിലുമായി ആരോ ഒരാൾ പിന്തുടരുന്നുണ്ട് എന്ന കാര്യം ശ്രദ്ധിച്ചിരുന്നു. അങ്ങനെ തോന്നിയപ്പോഴൊക്കെ തിരിഞ്ഞുനോക്കുകയോ കണ്ടെത്താൻ ശ്രമിക്കുകയോ ചെയ്തപ്പോഴും അതിൽ വിജയിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. ഒരു നിഴൽപോലെയോ അല്ലെങ്കിൽ അതിവേഗത്തിലോ തനിക്കു മുന്നിലൂടെ ഒരാൾ അപ്പോഴൊക്കെ രക്ഷപ്പെട്ടു നീങ്ങിയത് അറിഞ്ഞിരുന്നു. ഓരോ തവണ അങ്ങനെ സംഭവിച്ചപ്പോഴും അയാളിലെ ഭയത്തിന്റെ തോത് വർദ്ധിച്ചു വന്നു. അതോടൊപ്പം അസ്വസ്ഥതയും.
തന്റെ ഇരിപ്പിടത്തിൽ വന്നിരുന്നപ്പോൾ പാസ് ബുക്ക് പ്രിന്റ് ചെയ്തു ബാങ്കുകാരൻ മുന്നിലേക്ക് നീക്കിവെച്ചു.
''പെട്ടെന്ന് എവിടേക്കാപോയത്?""
''ഒന്നുമില്ല...""
എന്ന് പറഞ്ഞപ്പോഴും തനിക്കുള്ളിലുള്ളത് പറയാനോ എന്ന് കുറച്ചുനേരം ആലോചിച്ചു. അത് കണ്ടപ്പോൾ അയാൾ ഒന്നുകൂടി പ്രോത്സാഹിപ്പിച്ചു.
''സാറിന് എന്തോ പറയാനുണ്ടെന്ന് തോന്നുന്നു. പറയാൻ പറ്റുന്നതാണെങ്കിൽ പറയൂ സർ.""
''അങ്ങനെ വ്യക്തമായിട്ട് ഒന്നുമില്ല. എന്നാലും അഞ്ചാറു ദിവസമായി ആരോ പിറകിൽ ഉള്ളതുപോലെ.നോക്കുമ്പോൾ പിടിതരുന്നുമില്ല. ഇനി തോന്നൽ ആയിരിക്കുമോ എന്ന് സംശയവും ഇല്ലാതില്ല.""
''പൊലീസിൽ അറിയിക്കണോ സർ?""
''ഇല്ല. അതിന്റെ ആവശ്യമില്ല. അത്രത്തോളം ആയാൽ ഞാൻ തന്നെ ചെയ്തോളം. നന്ദി...""
'ഓക്കേ. സാറ് നന്നായി വിയർക്കുന്നുണ്ട്. ഈ എസിയിലും.""
അപ്പോൾ മാത്രമാണ് അക്കാര്യം അയാൾ ശ്രദ്ധിക്കുന്നത്. ടവ്വൽ എടുത്തുവേഗം മുഖവും കഴുത്തും തുടച്ചു.
''സാറിന് കുടിക്കാൻ തണുത്ത നാരങ്ങവെള്ളം പറയട്ടെ?""
''വേണ്ടാ...""
ആ സമയത്താണ് അതിൽ നിന്നെല്ലാം ശ്രദ്ധ മാറ്റും വിധത്തിൽ പോളിന്റെ പോക്കറ്റിൽ കിടന്ന്ഫോൺ ബഹളം വച്ചത്. ഫോൺ എടുക്കുന്നതിൽ സ്വകാര്യതയ്ക്കും മര്യാദയ്ക്കുമായി അയാൾ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് മറ്റാരെങ്കിലും ഉണ്ടെങ്കിൽ ഇരുന്നോട്ടെ എന്ന് കരുതി അല്പം നീങ്ങി ഒരിടത്തിരുന്ന് ഫോണിലേക്ക് നോക്കി.
ഡോക്ടർ ആൻഡ്രൂസ് ജോൺ. പോളിന്റെ ഉള്ളിൽ പൊടുന്നനെയാണ് അതോർമ്മയുണ്ടായത്. രണ്ടു ദിവസം മുൻപേ ഡോക്ടർ വിളിച്ചിരുന്നു. അന്ന് പക്ഷേ പോകാൻ കഴിഞ്ഞില്ല. പിറ്റേന്ന് ചെല്ലണോ എന്ന് ചോദിച്ചപ്പോൾ ഡോക്ടർ വിളിക്കാമെന്ന് പറഞ്ഞു. മെന്റൽ അസൈലത്തിൽ നിന്നാണ്. എന്തെങ്കിലും അത്യാവശ്യകാര്യമില്ലാതെ ഡോക്ടർ വിളിക്കില്ല. വാസ്തവത്തിൽപോലും അത്തരമൊരു വിളി കാത്തിരിക്കുകയായിരുന്നു കുറച്ചു ദിനങ്ങളായിട്ട്. വേഗം ഫോൺ ബട്ടൺ അമർത്തി ചെവിയിൽ വെച്ച് മറ്റാരും കേൾക്കാൻ അരികിൽ ഇല്ല എന്ന് ഉറപ്പുവരുത്തി വളരെ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു:
''യെസ്... ഡോക്ടർ പറയൂ...""
''മിസ്റ്റർപോൾ താങ്കളിപ്പോൾ ഫ്രീ ആണോ?""
''തീർച്ചയായുംഡോക്ടർ. താങ്കൾക്ക് കൂടുതൽ സംസാരിക്കാനുണ്ടോ?""
''സംസാരിക്കാനല്ല ,നേരിൽ കാണാനാണ് ഫ്രീ ആണോ എന്ന് ഞാൻചോദിച്ചത്.""
''എപ്പോൾ?""
''വൈകിക്കാൻ പറ്റില്ല. കഴിയുമെങ്കിൽ ഇന്നുതന്നെ.""
പോൾ കുറച്ചൊന്ന് ആലോചിച്ചു.ഡോക്ടറുടെ മാനസിക ആരോഗ്യ ആശുപത്രിയിലേക്ക് ചുരുങ്ങിയത് രണ്ടു മണിക്കൂർ ഡ്രൈവ് ഉണ്ട്. വൺവേ മാത്രം. എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അരമണിക്കൂർ എങ്കിലുംവേണ്ടിവരും. ചുരുക്കത്തിൽ ട്രാഫിക് ജാമും മറ്റുമൊക്കെനോക്കുമ്പോൾ മൂന്നുമണിക്കൂർ കണക്കാക്കേണ്ടിവരും.ഡോക്ടർ വെറുതെ കുശലം പറയാനും മറ്റുമായി വെറുതെ ഇത്രദൂരം വിളിക്കില്ല എന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടു തന്നെ പിറ്റേന്നത്തേക്ക് മാറ്റിവെക്കുക എന്നത് നന്നല്ല. മാത്രമല്ല ഇന്ന്പോയില്ലെങ്കിൽ തന്നെ ഈ രാത്രിഡോക്ടർക്ക് പറയാനുള്ളത് എന്താണെന്ന ചിന്തയിൽ ഉറക്കം തന്നിലേക്ക് എത്തിനോക്കില്ല എന്നതിൽ സംശയമില്ലായിരുന്നു. കഴിഞ്ഞ തവണഡോക്ടറെ കണ്ടുപോന്നതിൽ പിന്നെപോയ ഉറക്കം ഇതുവരെയായിട്ടും മടങ്ങിവന്നിട്ടില്ല.
''മിസ്റ്റർ പോൾ ഇവിടേക്ക് വരൂ. ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചു പറയാനാണ് ഞാൻ വിളിക്കുന്നത്. തീർച്ചയായും ഇത് വൈകിക്കുന്നതിൽ കാര്യമില്ല.""
''ഞാൻ എത്തിയിരിക്കും ഡോക്ടർ. എത്ര വൈകിയാലും.""
അത് പറഞ്ഞു തീർന്നതോടെഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടു. പോൾ ജോസഫ് വാച്ചിൽനോക്കി. സമയം പതിനൊന്നുമണി. ഫ്ളാറ്റിൽ ചെന്ന് സൂസന്നയോടു വിവരം പറഞ്ഞുപോകുന്നതായിരിക്കും നല്ലതെന്നും തോന്നി.ഫോണിൽ കാര്യങ്ങൾ പറഞ്ഞാൽ അവൾ വേഗത്തിലൊന്നും കൺവിൻസിംഗ് ആവില്ല. എല്ലാകാര്യങ്ങളും നേരിട്ട് പറയണമെന്നും കേൾക്കണമെന്നും ഒരു വാശി ഈയിടെയായി അവളിൽ ഏറി വന്നിട്ടുണ്ട് എന്ന് അയാൾ ശ്രദ്ധിച്ചിരുന്നു. ഒരിക്കലും അവളെയും കുറ്റം പറയാൻ കഴിയുകയില്ല. തനിക്കു മാത്രമല്ല അവൾക്കും പ്രായമേറിക്കൊണ്ടിരിക്കുകയാണ്. മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചോർക്കുമ്പോഴുള്ള അരക്ഷിതത്വം മുന്നിൽ അലറിവിളിച്ചു നിൽക്കുന്നുണ്ട്. വയസാകുമ്പോഴാണ് മക്കളില്ലാത്തതിന്റെ വിഷമം ശരിക്കും അനുഭവിക്കുക. വാസ്തവത്തിൽ തങ്ങൾക്കതിനുള്ള യോഗമില്ല എന്നതാണ് സത്യം. ദൈവം കനിയാതെയൊന്നുമല്ലല്ലോ. അതിനേക്കാൾവേഗത്തിൽ ഒളിപ്പിച്ചു വെച്ചാൽ എന്ത് ചെയ്യും?
മിഥുൻ ജോസഫ്....
മിടുക്കനായ ഒരു മകൻ ഉണ്ടായിരുന്നതാണ്. അവന്റെ പത്താമത്തെ വയസിൽ തങ്ങൾക്കൊപ്പം മറഞ്ഞു കളിക്കുന്നതിനിടയിൽ എവിടെയോപോയി മറഞ്ഞതാണ്. പിന്നെ ഇന്നേവരെ ഒരു വിവരവുമില്ല. ജീവിച്ചിരിക്കുന്നുണ്ടോ അതോ..അതേക്കുറിച്ചോർക്കുമ്പോൾ ഈ പതിമൂന്നു കൊല്ലം കഴിഞ്ഞിട്ടും നെഞ്ചിൽനിന്നും ഭാരം ഇറങ്ങിപ്പോയിട്ടില്ല. ഇപ്പോൾ ഇരുപത്തിമൂന്നു വയസുള്ള അവൻ ഉണ്ടായിരുന്നെങ്കിൽ മാതാപിതാക്കളെ സംരക്ഷിച്ചുപോരാനുള്ള തണ്ടും തടിയും മിടുക്കുംനേടിയിട്ടുണ്ടാകുമായിരുന്നു. പക്ഷേ,അവനു അത്രയേ വിധിച്ചിട്ടുള്ളൂ, അല്ലെങ്കിൽ തങ്ങൾക്ക്...എന്നാശ്വസിക്കുകയല്ലാതെ ദിനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ മറ്റുവഴികളൊന്നുമുണ്ടായിരുന്നില്ല. ആദ്യമൊക്കെ കുറെ വർഷങ്ങൾ എന്നും വഴിക്കണ്ണുമായി കാത്തിരുന്നു. അതുകൊണ്ടു കാര്യമില്ലെന്നുബോദ്ധ്യമായ മനസ് കാത്തിരിപ്പിൽ നിന്നും സാവധാനം പിൻവാങ്ങി. മിഥുനെക്കുറിച്ചുള്ള ചിന്തകളെല്ലാം അവസാനിക്കുക ഒരു ദീർഘമായ നെടുവീർപ്പോടെയാണ്..
ബാങ്കിൽ നിന്ന് പത്തുമിനിറ്റ് നടന്നാൽ ഫ്ളാറ്റിൽ എത്താമെന്നതിനാൽ അയാൾ മിക്കപ്പോഴും നടന്നാണ് വരാറുള്ളത്. അന്നും പതിവ് തെറ്റിച്ചില്ല. റോഡിൽ തിരക്കിന് കുറവൊന്നും ഉണ്ടായിരുന്നില്ല. തിരക്കിലൂടെ നടക്കുമ്പോൾ പൊടുന്നനെ തന്നെ ആരെങ്കിലും പിന്തുടരുന്നുണ്ടാവുമോ എന്ന ചിന്ത അയാളിലൂടെ കടന്നുപോയി. ചുറ്റും ജാഗ്രതയോടെ നോക്കി. അങ്ങനെ ആരെങ്കിലും തനിക്കു പിറകിൽ ഉണ്ടെങ്കിൽ താൻ അതേക്കുറിച്ചുബോധവാനാണ് എന്നൊരുതോന്നൽ അയാളിൽ ഉണ്ടായിക്കൊള്ളട്ടെ എന്ന മട്ടിൽ ഇടയ്ക്കിടെ പോൾജോസഫ് ആവശ്യത്തിനും അനാവശ്യത്തിനും തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു.
മുൻപൊരിക്കൽ ഡോ. ആൻഡ്രൂസ്ജോൺ തന്നെയാണ് അങ്ങനെയൊരു ടെക്നിക്ക് അയാൾക്ക് പറഞ്ഞുകൊടുത്തത്. ആരെങ്കിലും നമ്മെ ശ്രദ്ധിക്കുന്നുണ്ടെന്നുതോന്നിയാൽ, പിന്തുടരുന്നു എന്ന് സംശയിച്ചാൽ ഒട്ടും പാനിക്ക് ആവാതെ, ഉണ്ടെങ്കിൽ തന്നെ ഒട്ടുമേ അത് പുറത്തുകാണിക്കാതെ അതേക്കുറിച്ചു തീർത്തും താൻ അറിവുള്ളവനും ജാഗരൂകനും ആണെന്ന് കാണിക്കാൻ ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ടിരിക്കുക. സംശയമുള്ള ആളിലേക്ക് കണിശമായി ആ സന്ദേശം നൽകുക. രഹസ്യമായി മാത്രം എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്ന അയാൾ എന്ത് തന്നെയായാലും ഒന്ന് മടിക്കും, പ്രതിരോധിക്കും. ആ സമയം മതിയാകും നമുക്ക് രക്ഷപ്പെടാനും സ്ഥിതിഗതികളുടെ നിയന്ത്രണം കയ്യെത്തി പിടിക്കുന്നതിനും. അപ്പോൾ അയാൾക്ക് ചെയ്യാൻ അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |