തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി ചോദ്യോത്തര വേളയിൽ പങ്കെടുക്കാനെത്തിയ മന്ത്രി വി. ശിവൻകുട്ടിയെ ബഹിഷ്കരിച്ച് പ്രതിപക്ഷം. വി. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും പ്രതിഷേധം തുടർന്നതോടെ സഭാ നടപടികൾ ബഹളത്തിൽ മുങ്ങി. തിങ്കളാഴ്ച ചോദ്യോത്തരവേളയിൽ മന്ത്രിയുടെ മറുപടിയെ മുദ്രാവാക്യം വിളികളും ബാനർ ഉയർത്തിയും പ്രതിപക്ഷം തടസ്സപ്പെടുത്താനും ശ്രമിച്ചു. മന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങളിൽ നിന്ന് പ്രതിപക്ഷാംഗങ്ങൾ വിട്ടുനിൽക്കുകയും ചെയ്തു.
രാവിലെ മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ മറുപടിക്ക് ശേഷമായിരുന്നു ബഹളം. സ്പീക്കർ എം.ബി. രാജേഷ് മന്ത്രി വി. ശിവൻകുട്ടിയെ ചോദ്യത്തിന് മറുപടിനൽകാൻ വിളിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു. ബാനറും പ്ലക്കാർഡും ഉയർത്തിക്കാട്ടുകയും ചെയ്തു. ഇതോടെ, മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ സ്പീക്കർ ക്ഷണിച്ചു. പ്രതിപക്ഷം സഹകരിക്കുകയും ചെയ്തു. അടുത്ത അവസരം വീണ്ടും മന്ത്രി ശിവൻകുട്ടിക്കായിരുന്നു.
അതിനിടെ, സഭയിൽ ബാനർ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് സ്പീക്കർ റൂളിംഗ് നൽകി. എന്നാൽ, പ്രതിപക്ഷം ചോദ്യോത്തരവേള അവസാനിക്കും വരെ ബഹളം തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |