നാദാപുരം: കൊവിഡ് ലോക്ക്ഡൗൺ കാരണം വീടുകളിൽ ഒതുങ്ങിപ്പോയ കുരുന്നുകളുടെ സർഗവാസനയെ പ്രോത്സാഹിപ്പിക്കാനായി കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്‌കൂളിൽ സമ്മാനം വീടുകളിൽ എന്ന പുതിയ പദ്ധതിയ്ക്ക് തുടക്കമായി. വിവിധ വിഷയങ്ങളിൽ മാസത്തിൽ ഒരിക്കൽ സംഘടിപ്പിക്കുന്ന മത്സര വിജയികൾക്ക് സമ്മാനവുമായി അദ്ധ്യാപകർ നേരിട്ട് വീട്ടിലെത്തുന്ന പരിപാടിക്കാണ് തുടക്കം കുറിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി നേരിട്ട് കാണാതെ ഓൺലൈൻ പഠന പ്രക്രിയയിൽ മാത്രം പങ്കാളികളാവേണ്ടി വരുന്ന ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് അവരുടെ അദ്ധ്യാപകരെ നേരിട്ട് കാണാനും സംസാരിക്കാനുമുള്ള ഒരവസരം കൂടിയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.
പാട്ട്, പ്രസംഗം, പദ്യപാരായണം, കഥ പറയൽ, ആംഗ്യ പാട്ട്, കടങ്കഥ, ഗദ്യ വായന തുടങ്ങി സാധാരണ സ്‌കൂൾ കലോത്സവങ്ങളിൽ നടത്താറുള്ള ഇനങ്ങളാവും ഇതിലും ഉൾപ്പെടുത്തുക. ഓരോ ക്ലാസ്സിലെയും കുട്ടികളുടെ മാനസിക നിലവാരത്തിനനുസരിച്ച മത്സര ഇനങ്ങളൊവും സംഘടിപ്പിക്കുക. ക്ലാസ് തലങ്ങളിൽ ഓൺലൈനായി നടത്തുന്ന മത്സരത്തിലെ വിജയികളെ കണ്ടെത്തി മാസാവസാനം അവരുടെ വീടുകളിൽ സമ്മാനം എത്തിക്കും. വീടുകളിലെത്തുന്ന അദ്ധ്യാപകർ കുട്ടികളുടെ വർക്ക് ബുക്കുകൾ പരിശോധിക്കുകയും പഠന മികവുകൾ വിലയിരുത്തുകയും രക്ഷിതാക്കളുമായി നേരിട്ട് സംവദിക്കുകയും ചെയ്യും.
പരിപാടിയുടെ ഉദ്ഘാടനം സ്‌കൂൾ മാനേജർ കോരങ്കണ്ടി കുഞ്ഞബ്ദുല്ല ഹാജി ചാമപ്പറമ്പത്ത് ഹനയ്ക്ക് വീട്ടിലെത്തി സമ്മാനം നൽകി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.ആർ ഗഫൂർ അദ്ധ്യക്ഷനായി. പ്രധാന അദ്ധ്യാപകൻ ബഷീർ എടച്ചേരി, അദ്ധ്യാപകരായ കെ.കെ സിഹൻലലത്ത്, ദീപ്തി, ജംസീന, നവ്യ രാജ്, അർഷദ്, ആതിര എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |