SignIn
Kerala Kaumudi Online
Friday, 25 September 2026 6.40 AM IST

കോട്ടയത്തെ ഇരട്ട ആത്മഹത്യ : ജപ്തി ഭീഷണി മൂലമെന്ന് സഭയിൽ പ്രതിപക്ഷം

kerala-niyamasabha

തിരുവനന്തപുരം: കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്യാനിടയാക്കിയത് സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണിയാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കൊവിഡ് നിമിത്തം ദുരിതമനുനുഭവിക്കുന്നവർക്കൊപ്പം സർക്കാർ നിൽക്കാത്തതിന്റെ അവസാന ചിത്രമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
ജപ്തി നോട്ടീസിനെ തുടർന്നാണ് കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യയെന്നു പറയാനാകില്ലെന്നു മന്ത്രി വി.എൻ. വാസവൻ മറുപടി നൽകി. ഏഴു മാസം മുൻപാണ് സർഫാസി ആക്ട് പ്രകാരം സഹകരണ ബാങ്ക് നോട്ടീസ് നൽകിയത്.തുടർ നടപടിയൊന്നും സ്വീകരിച്ചില്ല. ബാങ്കിലെ വനിതാ മാനേജർ പകൽ സമയത്താണ് ഇവരുടെ വീട്ടിലെത്തി വായ്പാ തുക തിരിച്ചടയ്ക്കുന്ന കാര്യം പറഞ്ഞത്. 4.5 സെന്റ് സ്ഥലവും കെട്ടിടവും കണക്കാക്കിയാണ് 13 ലക്ഷം രൂപ വായ്പ നൽകിയത്.സർഫാസി ആക്ട് പ്രകാരം ബാങ്ക് ഇവർക്കെതിരേ നടപടിയെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് കാലത്തു റവന്യു റിക്കവറിയിലെ ഭീഷണി വിലക്കിയിട്ടുണ്ടെങ്കിലും , അസമയത്തടക്കം ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയ കോട്ടയം അർബൻ സഹകരണ ബാങ്കിന്റെ മണിപ്പുഴ ശാഖയുടെ നടപടിയാണു ഇരട്ട സഹോദരങ്ങളായ നസീർഖാന്റെയും നിസാർഖാന്റെയും ജീവനെടുത്തതെന്ന് അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. ജെ.സി.ബി ഓപ്പറേറ്റർമാരായ ഇവർക്ക് ലോക്ഡൗണിൽ തൊഴിൽ നഷ്ടമായതിനെ തുടർന്നാണ് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതായത്.ബാങ്കിൽ നിന്നു ഭീഷണി ഉയർന്നപ്പോഴാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നു മാതാവ് പൊലീസിനു മൊഴി നൽകിയിട്ടുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA NIYAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA