ഇത് ഒരതിശയമായി തോന്നാം. മലമുകളിൽ കടലോ കായലോ തിരമാലകളോ വരിക എന്നത് അവിശ്വസനീയമാണ്. നമ്മുടെ സഹ്യപർവതത്തിന്റെ ഒരു ഭാഗമാണ് നീലഗിരി. സഞ്ചാരികളുടെ സ്വർഗം എന്നറിയപ്പെടുന്ന പ്രസിദ്ധമായ ഊട്ടിയും ഈ മലമുകളിലാണ്. തട്ടുതട്ടായ ഭൂമി, പഞ്ഞിമേഘങ്ങൾ തൊട്ടുരുമ്മുന്ന ഗിരിശൃംഖങ്ങൾ, അതിമനോഹരമായ പ്രകൃതിഭംഗി. യൂക്കാലിയും തേയിലയും മണം പരത്തുന്ന കാറ്റും കോടമഞ്ഞു കുളിരണിയിക്കുന്ന മലകളും താഴ്വാരങ്ങളും, പലതരത്തിലും നിറത്തിലും വലിപ്പത്തിലുമുള്ള പൂക്കളുടെയും പൂന്തോട്ടങ്ങളുടെയും നാട്. സഞ്ചാരികളുടെയും ഫോട്ടോഗ്രാഫർമാരുടെയും പറുദീസ. മലകളെച്ചുറ്റി വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡും വശങ്ങളിലെ മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് അതിലൂടെയുള്ള യാത്രകളും ഏറെ ആകർഷകമാണ്.
പാലാഴിയെന്നും പാൽക്കടൽ എന്നുമൊക്കെ ആലങ്കാരികമായി പലരും പ്രയോഗിച്ച് കാണാറുണ്ട്. അക്ഷരാർത്ഥത്തിൽ അത്തരം ഒരു സീൻ പകർത്താൻ എനിക്കവസരം കിട്ടിയിട്ടുണ്ട്. സാധാരണ തണുപ്പിന്റെ കാഠിന്യം നീലഗിരിയിൽ ഏറ്റവും കൂടുതലുള്ള സമയമാണ് ഡിസംബർ. എന്നാൽ നല്ല തെളിഞ്ഞ പകലും നീലാകാശവും ഒരുവിധം നല്ലചൂടുമായിരിക്കും പകൽ സമയങ്ങളിൽ. പകൽ എത്രചൂടുണ്ടോ അതിന്റെ ഇരട്ടി തണുപ്പായിരിക്കും രാത്രിയിൽ. പ്രകൃതി ദൃശ്യങ്ങൾ പകർത്താൻ പറ്റിയസമയവും ഇതുതന്നെ. ഈ സമയത്ത് രണ്ട് വശങ്ങളിലെയും മലകൾക്കിടയിലൂടെ (ഏതാണ്ട് ഇംഗ്ലീഷ് അക്ഷര മാലയിലെ V ആകൃതിയിൽ) ഉദയസൂര്യന്റെ ചിത്രങ്ങൾ എടുക്കാൻ പ്ലാനിട്ടു. കുറെമുമ്പ് ഏതോ ആവശ്യത്തിനായി ഒരു സുഹൃത്തുമൊത്ത് അതിരാവിലെ കോയമ്പത്തൂരിന് പോകുമ്പോൾ മലയിടുക്കിലൂടെയുള്ള മനോഹരമായ സൂര്യോദയത്തിന്റെ ദൃശ്യം കണ്ടത് ഓർമ്മയുണ്ടായിരുന്നു. അപ്പോൾ കാമറ കയ്യിലില്ലായിരുന്നു. അന്നേ പ്ലാനിട്ടതാണ് ഈ സീൻ പകർത്താനായി ഒരു വെളുപ്പിന് അവിടെ എത്തണമെന്ന്.
അങ്ങനെ അതിശൈത്യമുള്ള ഒരു ഡിസംബർ മാസത്തിൽ അതിരാവിലെ സൂര്യോദയത്തിന് മുമ്പായി അവിടുത്തെ ഈ കൊടും വളവുകളിലൊന്നിൽ സ്ഥാനം പിടിച്ചു. ഇരുട്ടു മാറി വരുന്നു. വെള്ളകീറിയ ആകാശത്തിൽ പ്രകാശകിരണങ്ങൾ കാണാൻ തുടങ്ങിയപ്പോൾ പ്രതീക്ഷിച്ചു നിൽക്കുന്ന ഉദയത്തിന്റെ കാഴ്ചയേക്കാൾ മനോഹരമായ ഒരു ദൃശ്യം പ്രത്യക്ഷപ്പെട്ടു. അങ്ങു ദൂരെ സൂര്യന്റെ വരവറിയിച്ച് പൊൻകിരണങ്ങൾ ആകാശത്ത് ശോണിമ കലർന്ന നിറം നൽകി. പാൽനുരകൾ ഇരച്ചുപൊങ്ങുന്ന തിരമാലകൾ പോലെ കട്ടിയുള്ള മഞ്ഞിന്റെ വെളുത്ത തിരമാലകൾ മലകളെ തഴുകുന്നത് കാണാമായിരുന്നു. ആകാശം ചുവന്നു തുടുത്തിരുന്നു. മാലകൾ മലയിടുക്കിലേക്ക് അടിച്ചുകയറുന്ന രീതിയിലുള്ള മനോഹരമായ ഈ ദൃശ്യം അങ്ങനെ പകർത്തിയതാണ്. നാച്വർ വിഭാഗത്തിൽ സമ്മാനം നേടിത്തന്ന ഒരു ക്ലിക്കായിരുന്നു അത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |