
ഓണത്തെയും ഓണാഘോഷങ്ങളെയും പറ്റി ഒരു മലയാളിയോടും പറയേണ്ട കാര്യമില്ല. ഓരോരുത്തരുടെയും മനസിൽ മധുരിക്കുന്ന ഓർമകൾ എന്നും പച്ച പിടിച്ചു കിടക്കുന്നുണ്ടാകും! ഐതിഹ്യങ്ങളും വിശ്വാസങ്ങളുമൊക്കെ എന്നും നമ്മുടെ സങ്കൽപ്പങ്ങളെ ബലപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്യുന്നു.
ഓണം കൂടുതൽ ജനകീയമായപ്പോഴേക്കും മഹാബലിയെ സ്വീകരിക്കാനുള്ള ഓണാഘോഷ ചടങ്ങുകൾക്കും കാലാനുസൃതമായ മാറ്റങ്ങൾ വന്നു. 1980കളിൽ ഓണം ടൂറിസ്റ്റ് വാരാഘോഷം ആദ്യമായി കേരളസർക്കാർ വിപുലമായി ആഘോഷിക്കാൻ തുടങ്ങി. തലസ്ഥാന നഗരിയിലായിരുന്നു തുടക്കം. ജനങ്ങൾ അന്നുവരെ കാണാത്ത കാഴ്ചകളും പുതിയ അനുഭവമായിരുന്നു അത്. തിരുവനന്തപുരത്തെ രാജവീഥികൾ വർണ്ണാഭമായ ദീപാലങ്കാരങ്ങൾ കൊണ്ട് മനോഹരമാക്കി. പലവേദികളിലായി കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. ബാൻഡുമേളങ്ങളുടെയും നൃത്ത നൃത്ത്യങ്ങളുടേയും പൈതൃകങ്ങൾ വിളിച്ചോതുന്ന ഫ്ളോട്ടുകളുടേയും അകമ്പടിയോടെ റോഡിലൂടെയുള്ളസാംസ്കാരിക ഘോഷയാത്ര ജനങ്ങള ഉത്സവലഹരിലാക്കിയിരുന്നു. കൂടാതെ തൃശൂർ പൂരത്തെ ഓർമിപ്പിക്കുന്ന തരത്തിൽ നെറ്റിപ്പട്ടം കെട്ടിയ പത്തുപതിനെട്ടു ഗജവീരന്മാരെ അണിനിരത്തി പഞ്ചവാദ്യവും പഞ്ചാരിമേളവും ഒക്കെ അവതരിപ്പിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു.
നാട്ടിൻ പുറങ്ങളിൽ നിന്നുപോലും ഈ കാഴ്ചകൾ കാണാൻ ജനങ്ങൾ കൂട്ടത്തോടെ ഒഴുകി എത്താൻ തുടങ്ങിയിരുന്നു. ആളുകളുടെ ഈ താത്പര്യം കണക്കിലെടുത്തു തുടർന്നുള്ള വർഷങ്ങളിൽ ഓണാഘോഷം ഒരാഴ്ച എന്നത് പത്തുദിവസത്തേക്കു നീട്ടുകയായിരുന്നു. ക്രമേണ അത് ജില്ലാതലത്തിലേക്കും വ്യാപിപ്പിച്ചു. മറ്റൊരുതരത്തിൽ പറഞ്ഞാൽ പുതുവർഷത്തിന്റെയും കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും കൂടി ഉത്സവമായ ഓണത്തെ എത്രയോ വർഷങ്ങളായി മലയാളികൾ നെഞ്ചിലേറ്റി നടക്കുന്നു. കഴിഞ്ഞ പ്രളയങ്ങൾ അതിനു മങ്ങലേൽപ്പിച്ചെങ്കിലും ഒരു വിധത്തിൽ നമ്മൾ അതിനെയൊക്കെ അതിജീവിച്ചു. എന്നാൽ കൊവിഡ് മഹാമാരി ജീവന്റെ നിലനില്പിനുതന്നെ ഭീഷണിയുയർത്തി ഓണത്തിന്റെ എല്ലാ ശോഭയും കെടുത്തിക്കളഞ്ഞു. ഒരു പക്ഷേ ഇനി ഇതൊക്കെ എന്ന് നേരെ ആകുമെന്നും ആർക്കും പ്രവചിക്കാൻ കഴിയാത്ത ഒരു നിലയാണുള്ളത്. അപ്പോൾ ആ പഴയകാല ഓർമകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുമ്പഴാണ് ഈ ചിത്രത്തെക്കുറിച്ചു പറയേണ്ടിവരുക. നാൽപ്പതു വർഷങ്ങൾക്കു മുമ്പുള്ള ആദ്യ ഓണം വാരാഘോഷത്തിന്റെ ഭാഗമായി വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കപ്പെട്ട ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വർണ്ണപ്രഭയിൽ കുളിച്ചുനിൽക്കുന്ന ദൃശ്യമാണ് ഇത്. അതിനു എതിർവശത്തുണ്ടായിരുന്ന ഒരു കെട്ടിടത്തിന്റെ ടെറസ്സിൽ നിന്നും രാത്രി എട്ടരയോടെ എടുത്തതാണ് ഇത്. കളർഫിലിം തന്നെ സർവസാധാരണമല്ലാതിരുന്ന ആ സമയത്ത് കാമറ കൈയിൽ വച്ച് (ട്രൈപോഡില്ലാതെ) സ്ലോ സ്പീഡിൽ ഫിലിം കാമറയിൽ എടുത്തചിത്രമാണ് ഇത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |