അനുകരണങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. പോരെങ്കിൽ ഇപ്പോൾ മിമിക്രിയുടെ കാലവും. സാധാരണക്കാരുടെ കാണപ്പെട്ട ദൈവങ്ങളായ സിനിമാതാരങ്ങളെ അനുകരിക്കാനുള്ള ഭ്രമം ദിവസംതോറും കൂടിക്കൂടി വരികയാണ്. ഹെയർ സ്റ്റൈൽ, ഡ്രസ്സ് എന്തിന് ശരീരഭാഷ വരെ അനുകരിക്കാനാണ് പലരും ശ്രമിക്കുന്നത്. നല്ല കാര്യങ്ങൾ അനുകരിക്കുന്നതിൽ തെറ്റില്ല, എന്നാൽ അന്ധമായ താരാരാധന ഒട്ടും നന്നല്ല.
കേരളത്തിലെ പ്രധാനപ്പെട്ട ബീച്ചുകളിൽ ഒന്നാണ് ശംഖുമുഖം. മലമ്പുഴയിലെ പ്രസിദ്ധമായ യക്ഷിയുടെയും ശംഖുമുഖത്തെ തന്നെ മത്സ്യ കന്യകയുടെയും സ്രഷ്ടാവായ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ ആദ്യ ശില്പങ്ങളിൽ ഒന്ന് വിമാനത്താവളത്തിനു പിന്നിലായി ഉണ്ട്. രണ്ട് കൈകളും തലക്കു പിന്നിൽ വച്ച്, കാലിന്മേൽ കാൽ കയറ്റി വച്ച് മലർന്നു കിടക്കുന്ന ഒരാളിന്റെ രൂപമാണ് ഇത്. ദിനംപ്രതി വളരെക്കൂടുതൽ സഞ്ചാരികൾ വൈകുന്നേരങ്ങളിൽ വിശ്രമത്തിനെത്തുന്ന ബീച്ചായതിനാലാകണം മുഴുവൻ ശരീരഭാഗങ്ങളില്ലാതെ സിംബോളിക്കായി വിശ്രമം എന്ന വിഷയത്തിൽ ഈ ശിൽപ്പമൊരുക്കിയത്. അങ്ങനെ ഒരിക്കൽ ഞാനും ശംഖുമുഖം കാണാനെത്തി. കടലിന്റെയും ബീച്ചിന്റെയും ഒക്കെ കുറെ ചിത്രങ്ങൾ പകർത്തിയ കൂട്ടത്തിൽ ഈ ശിൽപ്പത്തിന്റെ ഫോട്ടോ എടുക്കാൻ തീരുമാനിച്ചു. വൈകുന്നേരമായതിനാൽ നല്ല തിരക്കായിരുന്നു. എങ്കിലും ആളുകൾ ഒഴിഞ്ഞുകിട്ടിയ സമയം നോക്കി വേഗം രണ്ട് ഫോട്ടോകൾ എടുത്തു പോന്നു. ഞാൻ തിരികെ ഇവിടെ ഊട്ടിയിലെത്തി ഫോട്ടോകൾ ഡൗൺ ലോഡ് ചെയ്തു നോക്കുമ്പോഴാണ് രസകരമായ ഒരു വിശ്രമചിത്രം ഈ ശിൽപ്പത്തിലുണ്ടെന്ന് കാണുന്നത്. കോർപ്പറേഷന്റെ ക്ലീനിംഗിന് തൊഴിലാളിയോ മറ്റോ ആയ ഒരു സ്ത്രീ ആ ശിൽപ്പത്തെപ്പോലെ തന്നെ രണ്ട് കൈകളും തലക്കുപിന്നിൽ വച്ച് ആ ശിൽപ്പത്തിന്റെ കാലുകൾക്കിടയിൽ ചാരിക്കിടന്നു വിശ്രമിക്കുന്നു. ചിത്രമെടുക്കുമ്പോൾ ആരോ അവിടെയിരുന്നു എന്നല്ലാതെ ആ പോസ് ഞാൻ അത്രകാര്യമായി അത് ശ്രദ്ധിച്ചിരുന്നില്ല. ഒരുപക്ഷേ ഞാൻ ഫോട്ടോയെടുത്തത് അവരും അറിഞ്ഞിട്ടുണ്ടാവില്ല എന്നതാണ് രസകരമായ വസ്തുത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |