തിരുവനന്തപുരം: പോസ്‌റ്റർ ഒട്ടിക്കാനും ചുമരെഴുതാനും മാത്രമല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഹിന്ദിക്കാരെ വേണമെന്ന മന്ത്രി കെ.ടി.ജലീലിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മന്ത്രിയുടെ പോസ്‌റ്റ് വംശീയ അധിക്ഷേപമാണെന്നും ഉത്തരേന്ത്യയിലെ ചില പാർട്ടികൾ ഉന്നയിക്കുന്ന പ്രാദേശിക വാദത്തിന് തുല്യമാണെന്നും വിമർശനം ഉയർന്നു. എന്നാൽ തനിക്കെതിരെ ആരോപണം ഉന്നയിച്ച വി.ടി.ബൽറാം എം.എൽ.എയ്‌ക്ക് മറുപടിയുമായി മന്ത്രി കെ.ടി.ജലീൽ രംഗത്തെത്തി. മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും രമേശ് ചെന്നിത്തലയുമൊക്കെ അൽപ ബുദ്ധികളായ തൃത്താല സിങ്കത്തിന് ഞാനാ ഗണത്തിൽ പെട്ടില്ലങ്കിലല്ലേ അൽഭുതമുള്ളൂ. എല്ലാം തികഞ്ഞൊരു 'അഴകിയ രാവണൻ' നാട്ടിലുണ്ടെന്നുള്ളതാണ് ഒരേ ഒരു സമാധാനമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ഞാൻ വംശീയ അധിക്ഷേപം നടത്തിയെന്ന രൂപത്തിൽ ചില പോസ്റ്റുകൾ കാണാൻ ഇടയായി. എന്റെ ഒരു കമന്റിന് ഇമേജായി കൊടുത്ത ഒരു സൈബർ ട്രോളറുടെ നിരുപദ്രവകരവും വിമർശനാത്മകവുമായ ട്രോളിനെ ആസ്പദിച്ചാണ് UDF സൈബർ പോരാളികൾ രംഗത്ത് വന്നിരിക്കുന്നത്. പോസ്റ്ററൊട്ടിപ്പും കൂലിവേലയും പോലെ പവിത്രമാണ്, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അതിനും മലയാളികളെ കിട്ടാത്ത സ്ഥിതിയാണെന്നുമാണ് പ്രസ്തുത ട്രോളിന്റെ രത്നച്ചുരുക്കം. ജോലികളും ഉത്തരവാദിത്തങ്ങളും ഇതര സംസ്ഥാനക്കാരെ ഏൽപിച്ച് കയ്യും കെട്ടി ഇരുന്ന് കുഴിമടിയൻമാരാകാൻ തുനിയുന്നതിന് എതിരെയുള്ള ഹാസ്യം തുളുമ്പുന്ന ട്രോളാണ് ഒരു അഖിലലോക കുറ്റമായി അവതരിപ്പിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും രമേശ് ചെന്നിത്തലയുമൊക്കെ 'Moron' കളായ തൃത്താല സിങ്കത്തിന് ഞാനാ ഗണത്തിൽ പെട്ടില്ലങ്കിലല്ലേ അൽഭുതമുള്ളൂ. എല്ലാം തികഞ്ഞൊരു "അഴകിയ രാവണൻ" നാട്ടിലുണ്ടെന്നുള്ളതാണ് ഒരേ ഒരു സമാധാനം !!!
"ഇസ്ലാമോഫോബിയ" പോലെത്തന്നെ വെറുക്കപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ് "കമ്മ്യൂണിസ്റ്റോഫോബിയ" യും. രണ്ടും അസഹിഷ്ണുതയുടെയും പരദർശന വിദ്വേഷത്തിന്റെയും അടയാളങ്ങളത്രെ. ഈ രണ്ടു ഫോബിയകളും ഒരേ സമയം ഹൃദയത്തിന്റെ ഇടതും വലതും സൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ഫാഷിസ്റ്റുകളും വർണ്ണക്കളർ ഖദർ ധാരികളായ ചില കോൺഗ്രസ്സ് 'ഷോ'വനിസ്റ്റുകളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |