SignIn
Kerala Kaumudi Online
Thursday, 19 February 2026 3.51 AM IST

ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം കെ.എ.ടി ചെയർമാൻ

Increase Font Size Decrease Font Size Print Page
justice-abdul-rahim
ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം

 കേന്ദ്ര നിയമനം കോടതിയലക്ഷ്യ നടപടിക്കിടെ

കൊച്ചി: സർക്കാർ ജീവനക്കാരുടെ സർവീസ് കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെ.എ.ടി) ചെയർമാനായി ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് സി.കെ.അബ്ദുൾ റഹിമിനെ കേന്ദ്ര സർക്കാർ നിയമിച്ചു. രാഷ്ട്രപതിയുടെ അംഗീകാരത്തോടെയുള്ള നിയമനം നാലു വർഷത്തേക്കാണ്. ചെയർമാനെ നിയമിക്കണമെന്ന ഉത്തരവ് പാലിക്കാത്തതിന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഉൾപ്പെടെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി നേരിടുകയാണ്.

മുൻ ചെയർമാൻ ജസ്റ്റിസ് ടി.ആർ.രാമചന്ദ്രൻ നായരുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നുള്ള ഒഴിവിലാണ് നിയമനം. തിരുവനന്തപുരം ആസ്ഥാനമായ കെ.എ.ടിക്ക് എറണാകുളത്ത് അഡിഷണൽ ബെഞ്ചുണ്ട്. ചെയർമാനു പുറമേ രണ്ട് അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളും രണ്ട് ജുഡിഷ്യൽ അംഗങ്ങളുമാണ് ട്രൈബ്യൂണലിൽ ഉള്ളത്.

2020 സെപ്തംബറിലാണ് മുൻ ചെയർമാന്റെ കാലാവധി കഴിഞ്ഞത്. തുടർന്ന് ചെയർമാൻ നിയമനം വൈകുന്നത് ചോദ്യം ചെയ്ത് കെ.എ.ടി അഡ്വക്കേറ്റ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ നിയമനം ഉടൻ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു പാലിച്ചില്ലെന്നാരോപിച്ച് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് സെക്രട്ടറി ദീപക് ഖണ്ഡേക്കർ എന്നിവർക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി തുടരുന്നത്.

ശുപാർശ ചെയ്തത്

2020 ജൂലായിൽ

ജസ്റ്റിസ് അബ്ദുൾ റഹിമിനെ ചെയർമാനായി നിയമിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 2020 ജൂലായിൽ ശുപാർശ ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെയും ഗവർണറുടെയും അംഗീകാരത്തോടെ സമർപ്പിച്ച ശുപാർശയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസും അനുകൂല നിലപാടു സ്വീകരിച്ചു. എന്നിട്ടും നിയമനം വൈകിയപ്പോഴാണ് അഭിഭാഷകർ ഹർജി നൽകിയത്.

പെരുമ്പാവൂർ വെങ്ങോലയിൽ പരേതനായ റിട്ട. സെയിൽസ് ടാക്‌സ് ഡെപ്യൂട്ടി കമ്മിഷണർ ആലി പിള്ളയുടെയും കുഞ്ഞു ബീപാത്തുവിന്റെയും മകനാണ് ജസ്റ്റിസ് അബ്ദുൾ റഹിം. 25 വർഷം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. 2009ലാണ് ഹൈക്കോടതി ജഡ്‌ജിയായത്. 2020 മേയിൽ വിരമിച്ചു. ഭാര്യ: നസീറ റഹിം. മക്കൾ: ഫൈറൂസ്. എ.റഹിം, ഫസ്ളീൻ. എ.റഹിം, ഫർഹാന. എ.റഹിം. മരുമക്കൾ: ഫാത്തിമ ലുലു , ഡോ. അസർനവീൻ സലിം, മുഹസിൻ ഹാറൂൺ.

TAGS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY