ഡോ.ടി.ജേക്കബ് ജോൺ
വെല്ലൂർ മെഡിക്കൽ കോളേജിലെ വൈറോളജി വിഭാഗം മുൻ മേധാവി
കൊവിഡ് വ്യാപനം തടയാൻ ആദ്യഘട്ടത്തിൽ കേരളം സ്വീകരിച്ച ഫലപ്രദമായ നടപടികളാണ് തിരിച്ചടിക്കുന്നത്.
ആദ്യഘട്ടത്തിൽ രോഗംവന്നു പോയവർക്കാണ് ഇപ്പോഴുള്ള ഡെൽറ്റ വൈറസിനെ ഫലപ്രദമായി ചെറുക്കാൻ കഴിയുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കേരളത്തിലും സമാനമായ സാഹചര്യമാണ്. എന്നാൽ കൊവിഡിന്റെ വരവോടെ ശക്തമായ നിയന്ത്രണങ്ങളുമായി കേരളം പരമാവധി പേർ രോഗികളാകാതെ സംരക്ഷിച്ചു. ഡെൽറ്റയെ പോലൊരു വൈറസ് വകഭേദത്തെ കുറിച്ച് ആർക്കും കൃത്യമായ ധാരണ ഇല്ലാത്തതിനാൽ അന്ന് ചെയ്യേണ്ട ഫലപ്രദമായ മാർഗമാണ് സ്വീകരിച്ചത്. എന്നാൽ ഇന്ന് ഡെൽറ്റ മാരകമായ പ്രഹരം ഏൽപ്പിക്കുമ്പോൾ നേരത്തേ കൊവിഡ് വന്നുപോയവരാണ് ഏറെ സുരക്ഷിതർ. ആദ്യഘട്ടത്തിൽ വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് ഏകദേശം സമനിലയിലാക്കിയ കേരളത്തിന് ഉടൻ വാക്‌സിൻ എത്തിയിരുന്നെങ്കിൽ ഇപ്പോഴുള്ള അത്ര കേസുകൾ ഉണ്ടാകുമായിരുന്നില്ല. ആദ്യഘട്ടവ്യാപനം അവസാനിച്ച ശേഷം വാക്‌സിൻ എത്തുന്നതിന് മുൻപുള്ള നിർണായകമായ സമയത്ത് ഡെൽറ്റ എത്തി എന്നതാണ് ഇപ്പോൾ രോഗികളുടെ വർദ്ധനവിന് കാരണം. പരമാവധി പേരിലേക്ക് വാക്‌സിൻ എത്തിക്കാനുള്ള തീവ്രശ്രമം നടക്കുന്നതിനാൽ ഭയപ്പാടില്ലാതെ മുന്നോട്ടുനീങ്ങി വ്യാപനം തടയാനാകും. വലിയൊരു വ്യാപനത്തിന് വഴിയൊരുങ്ങില്ല.
എന്നാൽ വൈറസുകളുടെ സ്വഭാവമനുസരിച്ചത് കൊവിഡിനെയും പൂർണമായി തുടച്ചു നീക്കാനാകില്ല. ചിക്കൻപോക്സ്, മീസിൽസ് റുബല്ല തുടങ്ങിയ പകർച്ചവ്യാധികൾ പോലെ കൊവിഡും വരുംകാലത്ത് സമൂഹത്തിന്റെ ഭാഗമായുണ്ടാകും. അത് എത്ര അപകടകാരിയാകുമെന്ന് പറയാനാകില്ല. വാക്‌സിനും ചികിത്സയും കൂടുതൽ കാര്യക്ഷമമാകുന്നതോടെ അപകടാവസ്ഥ ഒഴിവാകും. അപ്പോഴും നവജാത ശിശുക്കളെയും ഗുരുതരോഗമുള്ള പ്രായമുള്ളവർക്കും മറ്റ് രോഗങ്ങളെ പോലെ കൊവിഡിൽ നിന്നും സംരക്ഷിച്ചു നിറുത്തേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |