SignIn
Kerala Kaumudi Online
Monday, 14 September 2026 8.04 AM IST

 മരട് മോഡൽ പൊളിച്ചടുക്കൽ യു.പിയിലും നോയിഡയിലെ ഇരട്ട ടവറുകൾ പൊളിക്കണമെന്ന് സുപ്രീംകോടതി

ss

ന്യൂഡൽഹി: മരട് മോഡലിൽ കെട്ടിടനിർമ്മാണ ചട്ടം ലംഘിച്ച് ഉത്തർപ്രദേശിലെ നോയിഡയിൽ നിർമ്മിച്ച 40 നിലയുള്ള ഇരട്ട ടവർ മൂന്നു മാസത്തിനകം പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സൂപ്പർടെക് എമറാൾഡ് കോർട്ട് പ്രോജക്ട് ലിമിറ്റഡ് നിർമ്മിച്ച ടവറുകൾ പൊളിക്കാനാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്. അപ്പെക്സ്, സെയാനെ എന്നിങ്ങനെയുള്ള ടവറുകളിൽ 915 ഫ്ളാറ്റുകളും 21 ഷോപ്പുകളുമുണ്ട്.

ഫ്ളാറ്റുടമകൾക്ക് 12 ശതമാനം പലിശയോടെ മുടക്കിയ പണം രണ്ടുമാസത്തിനകം തിരികെ നൽകണമെന്നും കോടതി ഉത്തരവിട്ടു. കേന്ദ്ര ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പൊളിക്കലിന് മേൽനോട്ടം വഹിക്കും. ടവറുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സമീപത്തെ റസിഡന്റ്സ് അസോസിയേഷനെ ദ്രോഹിച്ചെന്ന പരാതിയിൽ 2 കോടി രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.

നിർമ്മാണത്തിന് അനുമതി നൽകിയ ന്യൂ ഓഖ്ല ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥകർക്കെതിരെ നടപടി എടുക്കണമെന്നതുൾപ്പെടെയുള്ള അലഹാബാദ് ഹൈക്കോടതി വിധിയും സുപ്രീംകോടതി ശരിവച്ചു. എന്നാൽ വിധിയിൽ പുനഃപരിശോധനാഹർജി നൽകുമെന്ന് സൂപ്പർടെക് കമ്പനി ഡയറക്ടർ മോഹിത്ത് അറോറ വ്യക്തമാക്കി.

 മരട് പരാമർശിച്ച് ബെഞ്ച്

മരടിൽ പൊളിച്ചുനീക്കിയ ഫ്ളാറ്റ് കേസും സുപ്രീംകോടതി ഉത്തരവിൽ പരാമർശിച്ചു. പരിസ്ഥിതിക്ക് നാശമാകുന്ന അനധികൃത നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ മരട് കേസിൽ ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നും വിധിയിൽ പറയുന്നു. തീരദേശ നിയന്ത്രണ മേഖലാ ചട്ടം ലംഘിച്ച് എറണാകുളം, മരടിൽ നിർമ്മിച്ച 350 ഫ്ളാറ്റുകളാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിനെത്തുടർന്ന് 2020 ജനുവരി 11, 12 തീയതികളിൽ പൊളിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA