'ഒരു വടക്കൻ വീരഗാഥ'യുടെ ചിത്രീകരണം പാലക്കാട് നടക്കുന്ന വേളയിൽ ഒരുദിവസം പ്രേംനസീർ അവിടെ എത്തി അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ ഹരിഹരൻ . പെട്ടെന്ന് മടങ്ങുമെന്നാണ് കരുതിയത്. എന്നാൽ, ആ ദിവസം മുഴുവൻ അദ്ദേഹം അവിടെ ഉണ്ടായിരുന്നു. കാരണം ക്യാമറയ്ക്കു മുന്നിലെ 'ചന്തു' നസീറിനെ അത്ഭുതപ്പെടുത്തി. ഒടുവിൽ ചന്തുവായി നിന്ന മമ്മൂട്ടിയെ നസീർ അനുഗ്രഹിച്ചു. എത്രയോ വടക്കൻപാട്ടുകളുടെ കഥ സിനിമയായപ്പോൾ നായകനായ ആളാണ് പ്രേംനസീർ. സിനിമ റിലീസായപ്പോൾ പക്ഷേ, അതുകാണാൻ പ്രേംനസീറുണ്ടായിരുന്നില്ല.
ചന്തുവായാലും പഴശിരാജയായാലും സീരിയസ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യാൻ മമ്മൂട്ടിയോളം പോന്നരാൾ ഇല്ല. നിശബ്ദമായ മുഹൂർത്തങ്ങളിലെ അഭിനയമാണ് ഒരു നടനെ അളന്നെടുക്കാൻ ഉപയോഗിക്കുന്നത്. അത്തരം സീനുകളിലെ മമ്മൂട്ടിയുടെ അഭിനയം ഒരു വടക്കൻ വീരഗാഥയിലും പഴശിരാജയിലും കണ്ട് ഞാൻ കോരിത്തരിച്ചുപോയിട്ടുണ്ട്. ഡയലോഗുകളില്ലാതെ അഭിനയിക്കാനുള്ള മമ്മൂട്ടിയുടെ കഴിവിനെ ഞാൻ പരമാവധി ഉപയോഗിച്ചു. അതുപോലെ ഡയലോഗ് പറയുന്ന രീതിയും അപാരമാണ്. ശരിക്കും മമ്മൂട്ടിയുടെ അഭിനയം രാജകല തന്നെയാണ്.
കളരി അഭ്യാസികളായിട്ടുള്ള പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി വടക്കൻ വീരഗാഥ ഒരുക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. ചർച്ചയൊക്കെ കഴിഞ്ഞ് സ്‌ക്രിപ്ട് എഴുതിവന്നപ്പോൾ എം.ടി തന്നെ പറഞ്ഞു. അഭ്യാസത്തിനു മാത്രമല്ല, അഭിനയത്തിനും വളരെയധികം പ്രധാന്യമുണ്ട്. തുടക്കക്കാരെക്കാൾ നല്ലത് മമ്മൂട്ടിയെ കാസ്റ്റ് ചെയ്യുന്നതാണ് . മമ്മൂട്ടിയെ നായകനായി കൊണ്ടുവരുമ്പോൾ മറ്റ് കഥാപാത്രങ്ങളായി എത്തുന്നവരും അതിനെ ബാലൻസ് ചെയ്യുന്നവരായിരിക്കണം. അങ്ങനെയാണ് സുരേഷഗോപി, ക്യാ്ര്രപൻ രാജു എന്നിവരെയൊക്കെ നിശ്ചയിച്ചത്.
സ്‌ക്രിപ്ട് വായിച്ചപ്പോൾതന്നെ അതിന്റെയൊരു ലഹരിയിലായിരുന്നു മമ്മൂട്ടി. കളരി അഭ്യാസത്തിനു വേണ്ടി യഥാർത്ഥ കളരികൾ സൃഷ്ടിച്ചിരുന്നു. ഇത് പഴയകാലമല്ല, ഡ്യൂപ്പിട്ട കളരി അഭ്യാസം വേണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെ അടവുകൾ പലതും മമ്മൂട്ടിയും സുരേഷ്‌ഗോപിയും ക്യാ്ര്രപൻ രാജുവും പഠിച്ചു. മമ്മൂട്ടി കുതിര സവാരിയും പഠിച്ചു. കഥാപാത്രമായി മമ്മൂട്ടി മാറുന്നത് ഞാൻ കണ്ടറിഞ്ഞു. ആദ്യ ആലോചനയിൽ സിനിമയിൽ പാട്ടുണ്ടായിരുന്നില്ല. മമ്മൂട്ടിയെ നായകനായി നിശ്ചയിച്ചതോടെയാണ് പാട്ടുകൾ ഉൾപ്പെടുത്താനും തീരുമാനമായത്. പടം റീലീസായപ്പോൾ മമ്മൂട്ടി വിളിച്ചു പറഞ്ഞു 'പാട്ടുകൾ എല്ലാം ഹൈലൈറ്റാണ്'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |