നടപടി നേരിട്ടവരിൽ സി.ഐ.ടി.യു
സംസ്ഥാന വൈസ് പ്രസിഡന്റും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ എറണാകുളത്തെ രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ ആറ് നേതാക്കൾക്കെതിരെ സി.പി.എം അച്ചടക്ക നടപടി. കേരള ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാനും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.കെ.മണിശങ്കറെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും സി.എൻ.സുന്ദരനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. ജില്ലാ സെക്രട്ടേറിയറ്റംഗം എൻ.സി.മോഹനന് ശാസന. അഡ്വ.കെ.ഡി.വിൻസെന്റിനെ വൈറ്റില ഏരിയാ സെക്രട്ടറിയുടേതുൾപ്പെടെ എല്ലാ ചുമതലകളിൽ നിന്നും നീക്കി. ജില്ലാ കമ്മിറ്റിയംഗവും കൂത്താട്ടുകുളം ഏരിയാ സെക്രട്ടറിയുമായ ഷാജു ജേക്കബിനും ഓഫീസ് സെക്രട്ടറി അരുൺ സത്യകുമാറിനും സ്ഥാനങ്ങൾ നഷ്ടമായി.സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം.
വീഴ്ചകൾ
• സി.കെ.മണിശങ്കർ: തൃക്കാക്കരയിൽ ആത്മാർത്ഥമായി പ്രവർത്തിച്ചില്ല. മേൽനോട്ടം പാളി.
• സി.എൻ.സുന്ദരൻ : തൃപ്പൂണിത്തുറയിൽ വേണ്ട രീതിയിൽ പ്രചാരണമുണ്ടായില്ല. വികസന രേഖപോലും അച്ചടിച്ചില്ല. തെറ്റായ സന്ദേശങ്ങൾ നൽകി.
• എൻ.സി.മോഹനൻ: പെരുമ്പാവൂരിലെ കേരളകോൺഗ്രസ് എം സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ട രീതിയിൽ പ്രവർത്തിച്ചില്ല, ഫണ്ട് പിരിച്ചില്ല.
• ഷാജു ജേക്കബ്: കേരളകോൺഗ്രസ് എം സ്ഥാനാർത്ഥി നിർണയം ഉണ്ടായപ്പോൾ എതിരഭിപ്രായങ്ങൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. വാട്ട്സ് ആപ്പ് സന്ദേശങ്ങൾ പ്രചരിപ്പിച്ചു.
• കെ.ഡി. വിൻസെന്റ്: തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാകാൻ മോഹിച്ചു. അതിനായി നീക്കം നടത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച.
• അരുൺ സത്യകുമാർ: സമൂഹമാദ്ധ്യമങ്ങളിലൂടെ ഇടതു സ്ഥാനാർത്ഥിക്കെതിരെ പ്രചാരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |