ആര്യനാട്: സർവീസ് സഹകരണ ബാങ്കിൽ നടന്ന 5.93 കോടി രൂപയുടെ തട്ടിപ്പിൽ റിമാൻഡിലായ പ്രഭാത സായാഹ്ന ശാഖ മുൻ മാനേജരെ ക്രൈംബ്രാഞ്ച് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ആര്യനാട് ചെറുകുളം തീർത്ഥത്തിൽ എസ്. ബിജുകുമാറിനെയാണ് (43) ഇന്നലെ ശാഖയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഉച്ചയ്ക്ക് 2.30 എത്തിയ സംഘം 4.30 വരെ തെളിവെടുപ്പ് നടത്തി.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ബിജു കൃത്യമായി മറുപടി നൽകി. 3 ദിവസത്തേക്കാണ് നെടുമങ്ങാട് കോടതി ബിജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.
ബാങ്ക് സോഫ്ട് വെയറിൽ ഉൾപ്പെടെ തിരിമറി നടത്തി 2018 മുതൽ 2020 വരെ 185 സ്ഥിര നിക്ഷേപങ്ങളിലാണ് ബിജു തിരിമറി നടത്തിയത്.
വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി, നിക്ഷേപകരുടെ ഒപ്പുകൾ വ്യാജമായി രേഖപ്പെടുത്തി അവരുടെ പേരിൽ വായ്പകൾ എഴുതി പണം അപഹരിക്കുകയായിരുന്നു. ചിട്ടി അക്കൗണ്ടിന്റെ മറവിൽ 42.05 ലക്ഷം രൂപ തട്ടിയെടുത്ത ഹെഡ് ഓഫീസിലെ ജീവനക്കാരി എസ്. സജി ക്രമക്കേട് നടത്തിയ മുഴുവൻ തുകയും ബാങ്കിൽ തിരിച്ചടച്ചതിനെ തുടർന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ ആര്യനാട് പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. തട്ടിപ്പ് തുക 5 കോടിക്ക് മുകളിലായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഇക്കഴിഞ്ഞ 2 ന് രാവിലെ ബിജുവിനെ ക്രൈംബ്രാഞ്ച് വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |