തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയുടെ തിരുവോണം ബമ്പർ കൊല്ലം, കരുനാഗപ്പള്ളി സബ് ഓഫീസിൽ വിതരണം ചെയ്ത ടി.ഇ 645465 നമ്പർ ടിക്കറ്റിന്. ഇന്നലെ ഗോർഖിഭവനിൽ നടന്ന ചടങ്ങിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ നറുക്കെടുത്തു. അഞ്ച് കോടി സമ്മാനത്തുകയുള്ള പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശിന് നൽകി മന്ത്രി നിർവഹിച്ചു. പൂജാ ബമ്പറിന്റെ വില്പനയും മന്ത്രി ഉദ്ഘാടനം ചെയ്തു. 200 രൂപയാണ് ടിക്കറ്റ് വില. മുരുകേശ് തേവർ എന്ന ഏജന്റ് തൃപ്പൂണിത്തുറയിലാണ് ടിക്കറ്റ് വിറ്റതെന്നാണ് വിവരം. സമാശ്വാസ സമ്മാനം അഞ്ച് ലക്ഷം രൂപ വീതം മറ്റ് സീരിസുകളിലെ സമാന നമ്പറുകളുള്ള ടിക്കറ്റുകൾക്ക് ലഭിക്കും. ടി.എ 945778, ടി.ബി 265947, ടി.സി 537460, ടി.ഡി 642007, ടി.ഇ 177852, ടി.ജി 386392 എന്നീ ടിക്കറ്റുകൾക്ക് രണ്ടാം സമ്മാനമായ ഓരോ കോടിരൂപ വീതം ലഭിക്കും. 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായനികുതിയും കിഴിച്ച് 7.39 കോടി ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്ക് ലഭിക്കും. ഭാഗ്യക്കുറി ജേതാക്കൾക്ക് ലഭിക്കുന്ന തുക ശരിയായി വിനിയോഗിക്കുന്നതിന് പരിശീലനം നൽകുന്നകാര്യം പരിഗണനയിലാണെന്ന് നറുക്കെടുപ്പിന് ശേഷം ധനമന്ത്രി പറഞ്ഞു. 54 ലക്ഷം ടിക്കറ്റ് വിറ്റതിലൂടെ 126 കോടിയാണ് ലോട്ടറി വകുപ്പിന് ലഭിച്ചത്. കഴിഞ്ഞവർഷം 44 ലക്ഷം ടിക്കറ്റാണ് വിറ്റത്. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർ നൗഷാദ്, കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബമ്പർ ടിക്കറ്റ് പ്രകാശനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശിന് നൽകി നിർവഹിക്കുന്നു. മന്ത്രി ആന്റണി രാജു, കൗൺസിലർ പാളയം രാജൻ, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം. നൗഷാദ് തുടങ്ങിയവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |