SignIn
Kerala Kaumudi Online
Friday, 18 September 2026 4.47 PM IST

നിയമസഭയെയും മന്ത്രിയെയും തെറ്റിദ്ധരിപ്പിച്ചു, 5 വനം ഉദ്യോഗസ്ഥർക്കെതിരെ നടപടി

forest-department

തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാനം നൽകിയ കത്തിന് കേന്ദ്രം മറുപടി നൽകിയില്ലെന്ന തെറ്റായ വിവരം നിയമസഭയിൽ നൽകാൻ

കാരണക്കാരായ വനം വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശിച്ചു. ഡെപ്യൂട്ടി കൺസർവേറ്റർ സുജിത്, വൈൽഡ് ലൈഫ് വാർഡന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് അജിത്കുമാർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് സുലൈമാൻ സേട്ട്, സീനിയർ സൂപ്രണ്ട് പ്രദീപ്, സെക്ഷൻ ക്ലാർക്ക് സൗമ്യ എന്നിവർക്കെതിരെയാണ് നടപടി. ഇവർക്ക് ഉടൻ മെമ്മോ നൽകും. തുടർന്ന് ശിക്ഷാ നടപടി സ്വീകരിക്കും. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2020 നവംബർ ഒന്നിന് കേന്ദ്ര സർക്കാറിന് കേരളം കത്ത് നൽകിയിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന കാരണത്താൽ ഡിസംബറിൽ കേന്ദ്രം ഇത് തിരിച്ചയച്ചു. തുടർന്ന് ഇക്കഴിഞ്ഞ ജൂൺ 17ന് കേരളം വീണ്ടും കത്തയച്ചു. ഇതിനുള്ള മറുപടി ജൂലായ് 8ന് കേന്ദ്രം നൽകിയിരുന്നു. 2011 മുതൽ പഞ്ചായത്തുകൾ മുഖേന കാട്ടുപന്നികളെ നശിപ്പിക്കാൻ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട്‌ നൽകാനായിരുന്നു കേന്ദ്ര നിർദേശം. പ്രിൻസിപ്പൽ സെക്രട്ടറിയോട് വിശദമായ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കത്ത് കിട്ടി ഒന്നര മാസക്കാലം ഇത് ആരോപണ വിധേയരായ ഉദ്യോഗസ്ഥർ പൂഴ്‌ത്തി വച്ചു. കേന്ദ്രത്തിന്റെ മറുപടി ലഭിച്ചതായി മന്ത്രിയെ അറിയിച്ചതുമില്ല. ഇതിനിടെ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ആഗസ്റ്റ് 6ന് ഇതുസംബന്ധിച്ച ചോദ്യത്തിന് കേന്ദ്രത്തിൽ നിന്നും കത്തു വന്നിട്ടില്ലെന്ന തെറ്റായ വിവരം മന്ത്രിക്ക് പറയേണ്ടിവന്നു. വിവരാവകാശ നിയമപ്രകാരം കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ കത്തിടപാടുകൾ പുറത്തായതോടെ വനംമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതായി ആരോപണം ഉയർന്നു. ഇതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദ്ദേശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOREST DEPARTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA