SignIn
Kerala Kaumudi Online
Monday, 14 September 2026 12.14 AM IST

കുട മടക്കിയ ഉത്തരവിന് കുട പിടിച്ചത് മനോജ്

manoj

ആലപ്പുഴ: മനസിൽ തോന്നിയ ആശങ്ക കൺമുന്നിൽ അപകട പരമ്പരയായി തെളിഞ്ഞപ്പോഴാണ് ഇരുചക്ര വാഹനങ്ങളിൽ കുടചൂടിയുള്ള യാത്രയ്ക്ക് മാവേലിക്കരക്കാരനായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പൂട്ടിടാൻ ശ്രമിച്ചത്. മല്ലപ്പള്ളി ജോ. ആർ.ടി.ഒ ആയ എം.ജി. മനോജിന്റെ പരിശ്രമം ഒടുവിൽ ഉത്തരവായി പുറത്തിറങ്ങി.

മഴക്കാലത്ത് ഇത്തരം അപകടങ്ങൾ വർദ്ധിച്ചതോടെ മുൻ വർഷങ്ങളിലും ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകിയ കത്താണ് ഫലം കണ്ടത്. സമാന സാഹചര്യങ്ങളിലുണ്ടായ അപകടങ്ങളുടെ പത്ര വാർത്തകളും കുട ചൂടിയുള്ള യാത്ര നിരോധിക്കേണ്ടതിന്റെ ആറ് കാരണങ്ങളും അതിൽ വ്യക്തമാക്കിയിരുന്നു. ട്രാൻസ്പോർട്ട് കമ്മിഷണർക്കുവേണ്ടി ജോ. ട്രാൻസ്പോർട്ട് കമ്മിഷണർ ടി.സി. വിനേഷാണ് ഉത്തരവിറക്കിയത്.

പ്രായപൂർത്തിയാവാത്ത കുട്ടികളെ തനിച്ചിരുത്തി റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്യരുതെന്ന ഉത്തരവിനു പിന്നിലും മനോജാണ്. കുന്നത്തൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരിക്കെയാണ് ഇതിനായി പരിശ്രമിച്ചത്. നാലു വർഷം മുമ്പ് ഉത്തരവിറങ്ങി. 2019ൽ മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡൽ ഉൾപ്പെടെ നിരവധി ഗുഡ് സർവീസ് പുരസ്കാരങ്ങൾ, ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ മനോജിനെ തേടിയെത്തിയിട്ടുണ്ട്. മാവേലിക്കര ബാറിൽ അഭിഭാഷകയായ സ്മിതയാണ് ഭാര്യ. മക്കൾ: മധുരിമ, തേജസ്.


കത്തിൽ പറഞ്ഞ കാരണങ്ങൾ

1. കുട പിടിക്കുമ്പോൾ ഹാൻഡിൽ നിയന്ത്രിക്കാൻ സാധിക്കില്ല

2. കാറ്റ് വീശുന്നത് മൂലം കുടയുടെ നിയന്ത്രണം നഷ്ടമാകും

3. ദൂരെയും വശങ്ങളിലുമുള്ള കാഴ്ചകൾ കുട മറയ്ക്കും

4. പിൻസീറ്റിൽ ഇരിക്കുന്നവർ കുട പിടിച്ചാലും കാറ്റിൽ നിയന്ത്രണം പോകും

5. പിന്നിലിരിക്കുന്നവർ നിയന്ത്രണം നഷ്ടപ്പെട്ട് വീഴാൻ സാദ്ധ്യത ഏറെ

6. മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും കൂടി അപകടം വരുത്തും

"പൊതുനിരത്തുകളിൽ കുട പിടിച്ചുള്ള വാഹനയാത്ര ആത്മഹത്യാപരമാണ്. ഒട്ടേറെ അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ശുപാർശയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചത്.

എം.ജി. മനോജ്

ജോ. ആർ.ടി.ഒ, മല്ലപ്പള്ളി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA