SignIn
Kerala Kaumudi Online
Friday, 11 September 2026 4.41 AM IST

മുടവൻമുഗളിൽ ഭാര്യയുടെ പിതാവിനെയും സഹോദരനെയും യുവാവ് കുത്തിക്കൊന്നു

murder

തിരുവനന്തപുരം: മകളുടെ ഭർത്താവിന്റെ കുത്തേറ്റ് തലസ്ഥാനത്ത് മുടവൻമുഗളിൽ അച്ഛനും മകനും മരിച്ചു. മുടവൻമുഗൾ മണ്ണാംകോണം ലെയ്‌നിൽ അനിതാഭവനിൽ സി.ഐ.ടി.യു തൊഴിലാളിയായ സുനിൽകുമാറും (48)​ മകൻ അഖിലുമാണ് (24) മരിച്ചത്. സംഭവത്തിൽ സുനിലിന്റെ മകളുടെ ഭർത്താവും മുട്ടത്തറ സ്വദേശിയുമായ അരുണിനെ (31) പൂജപ്പുര പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു സംഭവം.

മുടവൻമുഗളിൽ വാടകയ്‌ക്കാണ് സുനിലും കുടുംബവും താമസിച്ചിരുന്നത്. മകൾ അപർണയും ഭർത്താവ് അരുണും ഏറെ നാളായി അകൽച്ചയിലായിരുന്നു. അരുണിന്റെ മദ്യപാനമായിരുന്നു കാരണം. ബന്ധം വഷളായതിനെ തുടർന്ന് അപർണ അരുണിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേയ്‌ക്ക് താമസം മാറ്റിയിരുന്നു. ഇന്നലെ വൈകുന്നേരം സുനിലിന്റെ വീട്ടിലെത്തി അപർണയെ തന്റെ കൂടെ വിടണമെന്ന് അരുൺ ആവശ്യപ്പെട്ടു. താത്പര്യമില്ലെന്നും വിവാഹമോചനത്തിന് തീരുമാനിച്ചതായും സുനിലും അപർണയും സഹോദരൻ അഖിലും തറപ്പിച്ചു പറഞ്ഞു. തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. കൈവശം കരുതിയിരുന്ന കത്തികൊണ്ടാണ് അരുൺ ആക്രമിച്ചത്.

അഖിലിന്റെ നെഞ്ചിലാണ് ആദ്യം കുത്തേറ്റത്. തടയാൻ ശ്രമിച്ച സുനിലിന്റെ കഴുത്തിലും കുത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ പൂജപ്പുര ജംഗ്ഷനിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഖിലിനെയും സുനിലിനെയും നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിച്ചു. വീട് പണിയുന്നത് സംബന്ധിച്ച സ്വത്ത് തർക്കവുമുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ച അഖിൽ അടുത്തിടെയാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. ഷീനയാണ് മാതാവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA