കുഞ്ഞുനാൾ മുതലേ സിനിമയോടു കൂട്ടുകൂടിയ
അനിക നായികാപദവിയിലേക്കുള്ള യാത്രയിലാണ്
കുഞ്ഞുനാൾ മുതലേ മലയാള സിനിമയോടു കൂട്ടാണ് അനിക. പല സൂപ്പർ താരങ്ങൾക്കൊപ്പവും ബിഗ്സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ അനിക നായികാപദവിയിലേക്കുള്ള യാത്രയിലാണ്. ഇനി വരാനിരിക്കുന്നത് തെലുങ്കിലെയും തമിഴിലെയും ചിത്രങ്ങൾ. മലയാളത്തിലും മികച്ച കഥാപത്രങ്ങൾ അനികയെ തേടി എത്തുന്നുണ്ട്. അധികം വൈകാതെ തന്നെ മലയാളസിനിമയിലും നായികയായി അനികയെ കാണാം.
''കുട്ടിക്കാലം മുതലേ സിനിമ എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ്. സ്കൂളിൽ പോകുന്നതിനേക്കാൾ കൂടുതൽ ദിവസങ്ങൾ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയിട്ടുള്ള സമയമുണ്ടായിട്ടുണ്ട്. വളരെ തിരക്ക് പിടിച്ച ദിവസങ്ങളായിരുന്നു അതൊക്കെ. ഇപ്പോൾ തമിഴിൽ ഒരു ചിത്രം ചെയ്യുന്നു. സക്കറിയായുടെ ഗർഭിണികൾ എന്ന മലയാളം സിനിമയുടെ റീമേക്ക് ആണത്. അതിൽ മലയാളത്തിൽ സനൂഷ ചെയ്ത കാരക്ടറാണ് ഞാൻ ചെയ്യുന്നത്. പിന്നെ തെലുങ്കിൽ രണ്ടു സിനിമകളും ചെയ്യുന്നു. മലയാള സിനിമയിലും സജീവമാകുന്നു."" അനികയുടെ വാക്കുകളിൽ സന്തോഷം തുളുമ്പുന്നു. വിശേഷങ്ങളിലൂടെ...
'കഥ തുടരുന്നു" എന്ന സിനിമയായിരുന്നല്ലോ കരിയർ ബ്രേക്കായത്?
അന്നൊക്കെ അഭിനയം എന്തെന്ന് കൃത്യമായി അറിഞ്ഞിട്ടൊന്നുമല്ല സിനിമ ചെയ്തത്. പറഞ്ഞു തന്ന കാര്യങ്ങൾ അതേ പോലെ ചെയ്തു എന്ന് മാത്രം. സത്യനങ്കിൾ പറഞ്ഞുതന്നതുപോലെയൊക്കെ ഞാൻ ചെയ്തു. അതിനപ്പുറത്തേക്ക് അഭിനയത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. പിന്നെ ജയറാമങ്കിളും മംമ്ത ചേച്ചിയുമൊക്കെ കട്ട സപ്പോർട്ടായി കൂടെ ഉണ്ടായിരുന്നു. മംമ്ത ചേച്ചി വളരെ കെയറിംഗ് ആണ്. നമ്മുടെ ഓരോ ചെറിയ കാര്യങ്ങളും ചേച്ചി നോക്കും. ലൊക്കേഷനിൽ ഷൂട്ട് ഇല്ലാത്തപ്പോഴും ഞങ്ങൾ ഒത്തുകൂടുമ്പോൾ ഒരമ്മയെ പോലെ തന്നെ ആയിരുന്നു ചേച്ചി എനിക്ക്. എപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇപ്പോൾ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമ്പോൾ വളരെ സന്തോഷമാണ് ഞങ്ങൾ രണ്ടാൾക്കാർക്കും.
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ കൂടെ രണ്ടു സിനിമകളിലുണ്ടായിരുന്നല്ലോ?
അതേ. ഞങ്ങൾ വളരെ ക്ളോസ് ആണ്. ഓരോ സീൻ എടുത്ത് കഴിയുമ്പോഴും ചിരിയും കളിയുമായി ഞങ്ങൾ ഒരുമിച്ച് കൂടുമായിരുന്നു. രണ്ടു സിനിമകളിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ആ ലൊക്കേഷനുകളിൽ അടിച്ചുപൊളിച്ചു. അതേ പോലെ തന്നെയാണ് മമ്മൂട്ടി അങ്കിളും. ഒരു സിനിമയിലാണ് ഞങ്ങൾ ഒന്നിച്ച് അഭിനച്ചത്. ആദ്യമൊക്കെ കൂടെ അഭിനയിക്കുന്നതോർത്ത് ടെൻഷനുണ്ടായിരുന്നു. വളരെ സീരിയസായിരിക്കും എന്നാണോർത്തത്. ആദ്യ ദിവസങ്ങളിൽ അങ്ങനെ തന്നെ ഫീൽ ചെയ്തു. പക്ഷേ, പിന്നെ എല്ലാം മാറി. അങ്കിൾ ശരിക്കും കൂളാണ്. വളരെ ഹാപ്പിയായിട്ടാണ് കൂടെ അഭിനയിച്ചത്. അത്രയും വലിയ ഒരു മഹാനടന്റെ കൂടെ ഒരു സിനിമ ചെയ്യാൻ കഴിയുന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണല്ലോ. ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. എല്ലാമൊന്നും പഠിച്ചെടുക്കാൻ കഴിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ ശ്രമിക്കാമല്ലോ നമുക്കും.
സൗഹൃദങ്ങളാണ് സന്തോഷം. അല്ലേ?
ഫ്രണ്ട്ഷിപ്പ് വളരെ എൻജോയ് ചെയ്യുന്ന കൂട്ടത്തിലാണ് ഞാൻ. എന്റെ ഫാമിലി കഴിഞ്ഞാൽ പിന്നെ ഫ്രണ്ട്സ് ആണ് എനിക്ക് എല്ലാം. അവർക്ക് ഞാൻ ഒരു സ്റ്റാർ ഒന്നുമല്ല. ഞാൻ ഏറ്റവും കൂടുതൽ കംഫർട്ടബിൾ ആകുകയും ഹാപ്പി ആവുകയും ചെയ്യുന്നത് ഫ്രണ്ട്സിനോടൊപ്പം ചെലവിടുന്ന സമയമാണ്. ഒരു പോസിറ്റീവ് എനർജിയാണ് അവരുള്ളപ്പോൾ. ഫ്രണ്ട്സ് വിഷമിക്കുന്നതും അവരുടെ സൗഹൃദങ്ങൾ നഷ്ടപ്പെടുന്നതുമൊന്നും എനിക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല.
സോഷ്യൽ മീഡിയയിലെ വൈറൽ താരമാണല്ലോ?
എന്തുകൊണ്ടെന്ന് ചോദിച്ചാൽ എനിക്കറിയില്ല. എന്നെ ഇഷ്ടപ്പെടുന്നവരുണ്ട് എന്ന് കേൾക്കുമ്പോൾ അത് എനിക്ക് സന്തോഷം തന്നെ. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഒത്തിരി മെസേജുകൾ വരാറുണ്ട്. എല്ലാത്തിനും തിരിച്ച് മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ട്. നമ്മളെ സ്നേഹിക്കുന്നവർക്കൊപ്പം നമ്മളും സമയം ചെലവഴിക്കണ്ടേ?സോഷ്യൽ മീഡിയയിൽ അത്ര വലിയ ആക്ടീവാണെന്ന് പറയാൻ കഴിയില്ല. എന്നാൽ അതിൽ നിന്ന് അകന്നുമാറി നിൽക്കുന്ന ആളുമല്ല. ഒരുപാട് പേരുടെ മെസേജുകൾ വരുമ്പോഴും അവരുടെയൊക്കെ സ്നേഹം എത്രത്തോളമെന്ന നേരിട്ടും അല്ലാതെയും തിരിച്ചറിയാൻ സാധിക്കുമ്പോഴുമൊക്കെ ഏറെ സന്തോഷം. ചിലരാകട്ടെ ഇഷ്ടമാണ്, പ്രണയമാണ് എന്നൊക്കെ പറഞ്ഞ് മെസേജ് ചെയ്യും. എല്ലാവർക്കും സ്നേഹമുണ്ടെന്നറിയുന്നതും സന്തോഷമാണ്. മെേസജുകളെല്ലാം ഫ്രണ്ട്സിനെ കൊണ്ടുപോയി കാണിക്കും. അവരും ഒന്ന് ചിരിച്ച് സന്തോഷിച്ചോട്ടെ എന്ന് വിചാരിക്കും. ഒരു കലാകാരിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം പ്രേക്ഷകർ തരുന്ന സ്നേഹം തന്നെയാണ്. ഒരിക്കൽ ചെന്നൈയിൽ ഷൂട്ട് നടക്കുന്ന സമയത്ത് ഒരു ദിവസം രാവിലെ മുതൽ വൈകിട്ട് വരെ ഒരാൾ എന്നെ കാണാൻ വേണ്ടി കാത്തുനിന്നു. അങ്ങനെ ഒരാൾ കാത്തുനിൽക്കുന്നതായി ഞാൻ അറിഞ്ഞതേയില്ല. ഒടുവിൽ വൈകിട്ട് കണ്ടുമുട്ടിയപ്പോൾ എന്നെ കണ്ടതിന്റെ സന്തോഷത്തിൽ അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞു. അദ്ദേഹം എന്റെ മുന്നിൽ നിന്ന് കരഞ്ഞു. ആ ദിവസം എനിക്ക് മറക്കാൻ പറ്റില്ല.
യാത്രകൾ വലിയ ഭാഗ്യമാണല്ലോ?
ഷൂട്ടിംഗിന്റെ ഭാഗമായും അല്ലാതെയും കുറേ യാത്രകൾ ചെയ്തു. ഓരോ സ്ഥലവും കാഴ്ച കൊണ്ടും അനുഭവങ്ങളാലും വ്യത്യസ്തമാണല്ലോ. നമുക്കുണ്ടാകുന്ന ഓരോ അനുഭവങ്ങളും നമ്മുടെ വ്യക്തിത്വത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്. യാത്രയിലെ ഏറ്റവും വലിയ കാര്യം കുറെ ആൾക്കാരെ കണ്ടുമുട്ടുന്നതും അവരെ കേൾക്കുന്നതും തന്നെയാണ്. ആ പാഠങ്ങൾ ഏറെ വിലപ്പെട്ടതാണ്. സിനിമയ്ക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങിയ കാലം മുതൽ യാത്രകൾ കൂടെയുണ്ടായിരുന്നു. കൊവിഡ് കാലമായതുകൊണ്ട് യാത്ര ചെയ്യുമ്പോൾ ആധിയുണ്ട്. വിദേശയാത്രകൾ ചെയ്യാൻ ഏറെയിഷ്ടമാണ്. ലണ്ടൻ, യൂറോപ്പ് എന്നിവയെല്ലാം അങ്ങനെ കൊതിപ്പിച്ച സ്ഥലങ്ങളാണ്.
ഏതുതരം കഥാപാത്രങ്ങളാണ് ഇഷ്ടം?
സിനിമയിൽ ശക്തമായ കഥാപത്രങ്ങൾ ചെയ്യാനാണ് ഇഷ്ടം. പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി എന്നിവരെ ഏറെ ഇഷ്ടമാണ്. ശക്തമായ കഥാപത്രങ്ങളാണ് ഇവർ ചെയ്തിട്ടുള്ളത്. സിനിമയിൽ ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെങ്കിലും നമുക്ക് എന്തെങ്കിലും കാര്യമായി ചെയ്യാനുണ്ടാകണം.
ടീനേജുകാരിയെന്ന നിലയിൽ സ്വയം എങ്ങനെയാണ് വിലയിരുത്തുന്നത്?
അത്ര പാവമായ ആളൊന്നുമല്ല. അത് പറയുന്നതിൽ എന്തിനാണ് മടിക്കുന്നേ? സാധാരണ ഒരു പതിനാറു വയസുകാരിക്കുള്ള എല്ലാ പ്രശ്നങ്ങളും എനിക്കുമുണ്ട്. ഞാൻ വളരെ പക്വതയുള്ള ആളാണെന്ന് എന്റെ സംസാരത്തിലൂടെ തോന്നുമെങ്കിലും എന്റെ ഫ്രണ്ട്സിനോടും ഫാമിലിയോടും ചോദിച്ചാൽ അറിയാൻ പറ്റുന്ന ഒരു കാര്യം അവരുടെയൊക്കെ അടുത്ത് ഞാൻ കുറച്ചൊക്കെ ഒരു കുസൃതിക്കുട്ടിയാണെന്നുള്ളതാണ്. പക്ഷേ മറ്റുള്ളവരുടെ മുഖം വാടുന്നത് കണ്ടാൽ എനിക്കും പെട്ടെന്നു വിഷമം വരും. മറ്റുള്ളവർ ദേഷ്യപ്പെടുന്നത് കാണുമ്പോഴും സങ്കടം വരും. ചില ആൾക്കാരുണ്ട്. എന്തെങ്കിലും ചെറിയ ഒരു കാര്യത്തിന്റെ താളം തെറ്റുമ്പോൾ തന്നെ ദേഷ്യപ്പെടും. വളരെ ചെറിയ കാരണങ്ങൾ ആയിരിക്കും അവരെ ശുണ്ഠി പിടിപ്പിക്കുന്നത്. തൊട്ടടുത്ത് നിൽക്കുന്നവർ ആരാണോ അവരുടെയടുത്ത് പോലും ദേഷ്യം തീർക്കും. അത് കാണുമ്പൊൾ എനിക്ക് സങ്കടമാവും. അതുപോലെ രസകരമായ വേറൊരു കാര്യമെന്താണെന്ന് വച്ചാൽ ഞാനും പൊട്ടിത്തെറിക്കുന്ന ഒരാൾ ആണെന്നതാണ്. അങ്ങനെ പെട്ടെന്ന് ഞാൻ ദേഷ്യപ്പെടാറില്ല. കുറെയൊക്കെ കടിച്ചമർത്തും. ഒട്ടും സഹിക്കാൻ കഴിയാതെ വരുമ്പോഴാണ് പൊട്ടിത്തെറിക്കാറുള്ളത്. ദേഷ്യം വരുമ്പോഴും സങ്കടം വരുമ്പോഴുമൊക്കെ പാട്ട് കേൾക്കുന്നതാണ് ഞാൻ തന്നെ നടത്തുന്ന സ്വയം ചികിത്സ. നല്ല പാട്ടുകൾ മനസിന് കുളിർമയേകും. ഒരു നല്ല പാട്ട് കേട്ടാൽ നമ്മുടെ മനസ് വല്ലാതെയങ്ങ് സന്തോഷത്തിലേക്ക് മാറും. പാട്ടിനു മാത്രം തരാൻ കഴിയുന്ന ഒരു ഫീൽ ഉണ്ട്. അതൊന്ന് വേറെ തന്നെയാണ്.
ലോക്ക് ഡൗണിലാണോ പാചകം പഠിച്ചത്?
ലോക്ക്ഡൗൺ സമയത്ത് കേക്ക് ഉണ്ടാക്കാൻ പഠിച്ചു. ആദ്യതവണ ഉണ്ടാക്കിയപ്പോൾ അത്ര ശരിയായില്ല. പിന്നെ വീണ്ടും ശ്രമിച്ചു. ഇപ്പോൾ നന്നായി കേക്ക് ഉണ്ടാക്കാൻ അറിയാം. ചോക്ക്ലേറ്റ് കേക്കുകളാണ് കൂടുതലും ഉണ്ടാക്കുന്നത്. പണ്ട് ഒരു ഓൺലൈൻ ചാനൽ ഷോയിൽ പായസം ഉണ്ടാക്കാൻ ശ്രമം നടത്തിയിരുന്നു. അത് വല്ലാത്ത ഒരനുഭവമായി. എനിക്ക് സത്യത്തിൽ പായസമൊന്നും ഉണ്ടാക്കാൻ അറിയില്ലായിരുന്നു. പക്ഷേ അന്നത്തെ ആ ഷോ കഴിഞ്ഞ് വീട്ടിൽ വന്നിട്ട് അമ്മയോട് ചോദിച്ച് പായസമുണ്ടാക്കാനൊക്കെ പഠിച്ചു. എങ്കിലും അമ്മ ഉണ്ടാക്കുന്ന പായസം തന്നെയാണ് എനിക്കിഷ്ടം.
വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്?
നമ്മുടെ വസ്ത്രധാരണം വ്യക്തിത്വത്തിന്റെ ഭാഗം കൂടിയാണല്ലോ. ഫോട്ടോഷൂട്ട് അല്ലെങ്കിൽ പോലും പല തരത്തിലുള്ള കോസ്റ്റ്യൂമുകൾ ഞാൻ ധരിക്കാറുണ്ട്. ട്രഡീഷണൽ വസ്ത്രങ്ങൾ വളരെ അപൂർവമായി ഫോട്ടോഷൂട്ടിനോ സിനിമയ്ക്കോ വേണ്ടിയാണ് ധരിക്കാറുള്ളത്. അല്ലാത്ത അവസരങ്ങളിൽ മോഡേൺ ഡ്രസ് തന്നെയാണ് കൂടുതലും തിരഞ്ഞെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |